26 August, 2019 05:35:04 PM
പ്രസവത്തിന് ചെന്ന യുവതിയെ ചികിത്സിച്ച് 'കുള'മാക്കി, അവസാനം 10 ലക്ഷത്തിന്‍റെ ബില്ലും; ആശുപത്രിയ്ക്കെതിരെ പരാതി
കൊച്ചി: സ്വകാര്യആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതിയെ ചികിത്സിച്ച് 'കുള'മാക്കിയെന്നും ഡിസ്ചാര്‍ജ് ചെയ്യാനാവശ്യപ്പെട്ടപ്പോള്‍ പത്ത് ലക്ഷം രൂപയുടെ ബില്‍ നല്‍കിയെന്നും പരാതി. കാക്കനാട് സണ്‍റൈസ് ആശുപത്രിയ്ക്കെതിരെയാണ് തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതി. വാഴക്കാല കളപ്പുരയ്ക്കൽ വീട്ടിൽ ബാവ ഹമീദാണ് പരാതിക്കാരന്‍. ഇതിനു പിന്നാലെ ആശുപത്രി അധികൃതര്‍ തങ്ങള്‍ക്കെതിരെ പോരാടാനിറങ്ങിയ ഹമീദിനെതിരെയും പരാതി നൽകിയിരിക്കുകയാണ്.
വൈദ്യസഹായം പെട്ടെന്ന് കിട്ടുമെന്ന് കരുതിയാണ് ബാവ ഹമീദ് തന്‍റെ മകൾ അനീസയെ പ്രസവത്തിന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയായ സണ്‍റൈസില്‍ എത്തിച്ചത്. സിസേറിയനിലൂടെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തെങ്കിലും മകളെ ഐസിയുവിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പല തവണ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഒരു മാസത്തോളം ചികിത്സയ്ക്ക് വിധേയയായ അനീസ ഇപ്പോൾ ഗുരുതരാവസ്ഥയിലാണ്. വിശന്ന് കരഞ്ഞ കുഞ്ഞിന് മുലപ്പാലിന് പകരം പൊടി കലക്കി നൽകിയതിന് നാൽപ്പത്തി നാലായിരത്തിന് മുകളിലുള്ള ബില്ലാണ് നല്‍കിയതെന്നും വെന്‍റിലേറ്ററിലായ യുവതിക്ക് ഓപ്പൺ സർജറി നടത്തിയത് മൂന്ന് തവണയെന്നും ആരോപണം
മകളുടെ ഗുരുതരാവസ്ഥ മനസസിലാക്കി വേറെ ആശുപത്രിയിലേക്ക് മാറ്റാൻ ഒരുങ്ങിയപ്പോൾ പത്ത് ലക്ഷത്തിന് അടുത്ത് വരുന്ന ബില്ല് നൽകി അത് അടയ്ക്കാൻ ആവശ്യപ്പെടുകയാണ് ആശുപത്രി അധികൃതര്‍ ചെയ്തത്. മകളെ ചികിത്സിച്ച് ഈ പരുവത്തിലെത്തിച്ച ശേഷം കനത്ത ബില്ലു നല്‍കിയ നടപടി ഹമീദിനെ മാനസികമായി ഏറെ ബുദ്ധിമുട്ടിലാഴ്ത്തി. തുടര്‍ന്ന് ആശുപത്രിക്കെതിരെ ഇദ്ദേഹം പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാല്‍ ഇതേപറ്റി വിവരങ്ങള്‍ ആരാഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.