19 July, 2019 02:22:00 PM


സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള 'മെഡിസെപ്' ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി: പ്രമുഖ ആശുപത്രികള്‍ പുറത്ത്



തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷനര്‍മാര്‍ക്കുമായി ഏര്‍പ്പെടുത്തിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ (മെഡിസെപ്) ഉള്‍പ്പെടുത്തിയ ആശുപത്രികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എന്നാല്‍ സംസ്ഥാനത്തെ പ്രമുഖ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിലൂടെ പദ്ധതിയുടെ പ്രയോജനം ശരിയായ രീതിയില്‍ ലഭിക്കില്ലെന്ന ആരോപണം ഉയര്‍ന്നു. റിലയന്‍സ് ഇന്‍ഷ്വറന്‍സ് കമ്പനിയുമായി കൈകോര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയില്‍ എംപാനല്‍ ചെയ്തിരിക്കുന്ന ആശുപത്രികളുടെ ലിസ്റ്റില്‍ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ആശുപത്രികളൊന്നും തന്നെയില്ല. അതേസമയം, ലിസ്റ്റിലുള്ള പല ആശുപത്രികളിലും വെറും ക്ലിനിക്കല്‍ സൌകര്യം മാത്രമാണുള്ളതെന്ന ആേേപവുമുണ്ട്.


ആരോഗ്യവകുപ്പ് തയ്യാറാക്കിയ  ലിസ്റ്റിന് അന്തിമ അംഗീകാരം നല്‍കിയത് ധനകാര്യവകുപ്പാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതുവരെ ചികിത്സാചിലവുകള്‍ ലഭിച്ചിരുന്നത് സര്‍ക്കാര്‍ ഫണ്ടില്‍ നിന്നുമായിരുന്നു. അതും ആശുപത്രിബില്‍ നല്‍കിയശേഷം ഒട്ടേറെ കടമ്പകള്‍ കടന്നശേഷം. അര്‍ഹതപ്പെട്ട പലര്‍ക്കും തുക കിട്ടാതെയും പോകുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍ കുടുംബാരോഗ്യ ഇന്‍ഷ്വറന്‍സ് പാക്കേജ് പ്രഖ്യാപിച്ചത്. പ്രതിമാസം പ്രീമിയമായി 250 രൂപ പ്രകാരം ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് കുറയ്ക്കും. അതേസമയം, പെന്‍ഷന്‍കാര്‍ക്ക് നല്‍കുന്ന 300 രൂപ മെഡിക്കല്‍ അലവന്‍സില്‍ നിന്ന് പ്രീമിയം തുക കുറയ്ക്കും. കേരളചരിത്രത്തിലാദ്യമായി നടപ്പാക്കുന്ന പദ്ധതിയുടെ പ്രയോജനം തുടക്കത്തില്‍ 11 ലക്ഷം പേര്‍ക്ക് ലഭിക്കും. 


ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആശുപത്രികളുമായുള്ള ചര്‍ച്ചകള്‍ നീണ്ടതിനെ തുടര്‍ന്ന് പ്രാവര്‍ത്തികമാക്കാനായില്ല. ഇപ്പോള്‍ ആശുപത്രികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ ആഗസ്ത് ഒന്നിന് പദ്ധതി പ്രാബല്യത്തില്‍ വരും. എന്നാല്‍ ആദ്യ ലിസ്റ്റില്‍ പ്രമുഖ ആശുപത്രികള്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും ഭാവിയില്‍ ഉള്‍കൊള്ളിക്കുമെന്നാണ് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയുവാന്‍ കഴിഞ്ഞത്. 


ഏറ്റവും കൂടുതല്‍ ആശുപത്രികള്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നാണ്. 12 വീതം. എറണാകുളത്ത് നിന്നും 10 ആശുപത്രികളാണ് ലിസ്റ്റിലുള്ളത്. ഏറ്റവും കുറവ് കാസര്‍ഗോഡാണ്. 2 ആശുപത്രികള്‍.  ഇടുക്കി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് വീതവും വയനാട്, കോട്ടയം ജില്ലകളില്‍ നിന്ന് 4 വീതവും ആശുപത്രികളാണ് ലിസ്റ്റില്‍ കയറി കൂടിയത്. ഡല്‍ഹി, ഗാസിയാബാദ്, കോയമ്പത്തൂര്‍, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് ഓരോ ആശുപത്രിയും ലിസ്റ്റില്‍ ഉല്‍കൊള്ളിച്ചിട്ടുണ്ട്.


ആശുപത്രികളുടെ പേരു വിവരം ജില്ല തിരിച്ച് ചുവടെ.


തിരുവനന്തപുരം (12 ആശുപത്രികള്‍) - അമര്‍ദീപ് ഐ ഹോസ്പിറ്റല്‍, കെടിസിടി ഹോസ്പിറ്റല്‍, ഇന്ത്യാ ഹോസ്പിറ്റല്‍, ലോര്‍ഡ്‌സ് ഹോസ്പിറ്റല്‍, സിഎസ്‌ഐ മെഡി. കോളേജ്, പങ്കജകസ്തൂരി ഹോസ്പിറ്റല്‍, പിആര്‍എസ് ഹോസ്പിറ്റല്‍, പള്‍സ് മെഡികെയര്‍, രുക്മിണി മെമ്മോറിയല്‍ ദേവി ഹോസ്പിറ്റല്‍, സരസ്വതി ഹോസ്പിറ്റല്‍, എസ്പി ഫോര്‍ട്ട് ഹോസ്പിറ്റല്‍, എസ്ആര്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ്.


കൊല്ലം (12 ആശുപത്രികള്‍) - അരവിന്ദ് മെഡിക്കല്‍ സെന്റര്‍, അഷ്ടമുടി ഹോസ്പിറ്റല്‍, അസീസിയ മെഡിക്കല്‍ കോളേജ്, ബിആര്‍ ഹോസ്പിറ്റല്‍, ഡോ നായര്‍സ് ഹോസ്പിറ്റല്‍, എംടിഎം മെഡിക്കല്‍ മിഷന്‍, മാതാ മെഡിക്കല്‍ സെന്റര്‍ , മെഡിട്രീനാ ഹോസ്പിറ്റല്‍, മേഴ്‌സി ഹോസ്പിറ്റല്‍, പിഎന്‍എന്‍എം ഹോസ്പിറ്റല്‍, പ്രണവം ഹോസ്പിറ്റല്‍, സെന്റ് തോമസ് ഹോസ്പിറ്റല്‍


ആലപ്പുഴ (8 ആശുപത്രികള്‍) - സെഞ്ച്വറി ഹോസ്പിറ്റല്‍,  ദീപ ആശുപത്രി, ദീപ കരുവാറ്റ, ജോസ്‌കോ ഹോസ്പിറ്റല്‍, പ്രൊവിഡന്‍സ് ഹോസ്പിറ്റല്‍, പൂച്ചാക്കല്‍ മെഡിക്കല്‍ സെന്റര്‍, പുന്നപ്ര സാഗര ഹോസ്പിറ്റല്‍, സെന്റ് തോമസ് മിഷന്‍ ആശുപത്രി


പത്തനംതിട്ട (8 ആശുപത്രികള്‍) - ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റല്‍, കാരുണ്യ ഐ ഹോസ്പിറ്റല്‍, ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍, മരിയാ ഹോസ്പിറ്റല്‍, മൌണ്ട് സിയോണ്‍ മെഡി. കോളേജ്, മുത്തൂറ്റ് ഹെല്‍ത്ത് കെയര്‍, സെന്റ് ഗ്രിഗോറിയസ് മെഡിക്കല്‍ മിഷന്‍, സെന്റ് തോമസ് ഹോസ്പിറ്റല്‍


കോട്ടയം (4 ആശുപത്രികള്‍) - കടുത്തുരുത്തി സഹകരണ ആശുപത്രി, മുട്ടുചിറ ഹോളിഗോസ്റ്റ്, ലയണ്‍സ് ഐ ഹോസ്പിറ്റല്‍, മന്ദിരം ഹോസ്പിറ്റല്‍


ഇടുക്കി  (3 ആശുപത്രികള്‍) - അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ്, അര്‍ച്ചന ഹോസ്പിറ്റല്‍, ജില്ലാ സഹകരണ ആശുപത്രി


എറണാകുളം (10 ആശുപത്രികള്‍) - എ.പി.വര്‍ക്കി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ഭാരത് റൂറല്‍ ഹോസ്പിറ്റല്‍, സിറ്റി  ഹോസ്പിറ്റല്‍, ഡോണ്‍ ബോസ്‌കോ ഹോസ്പിറ്റല്‍, എംസിഎസ് ഹോസ്പിറ്റല്‍, കൊച്ചി ഐ കെയര്‍ സെന്റര്‍, രാജഗിരി ഹോസ്പിറ്റല്‍, സാന്‍ജോ ഹോസ്പിറ്റല്‍, സെന്റ് ജോസഫ്‌സ് ഹോസ്പിറ്റല്‍, ശ്രേയസ് നഴ്‌സിംഗ് ഹോം


തൃശൂര്‍  (8 ആശുപത്രികള്‍) - അസീസി മിഷന്‍ ഹോസ്പിറ്റല്‍, ഐ വിഷന്‍ ഐ കെയര്‍ സെന്റര്‍, ദയാ ഹോസ്പിറ്റല്‍, കൂര്‍ക്കഞ്ചേരി ഐ വിഷന്‍ ഹോസ്പിറ്റല്‍,  ജെഎഎസ്എം ഐ വിഷന്‍ ഹോസ്പിറ്റല്‍, പീച്ചീസ് ഹോസ്പിറ്റല്‍, രാജാ ചാരിറ്റബിള്‍ മെഡിക്കല്‍ ട്രസ്റ്റ്, ടിഎം ഹോസ്പിറ്റല്‍


പാലക്കാട് (7 ആശുപത്രികള്‍) - അഹല്യ ഹോസ്പിറ്റല്‍,  ബഥനി മെഡിക്കല്‍ സെന്റര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കേറ്റീവ്  കഗ്‌നിറ്റീവ് ന്യൂറോസയന്‍സസ്, കരുണാ മെഡി. കോളേജ്, കേരളാ മെഡി. കോളേജ്, സായ് മെഡി. കോളേജ്, സേവന ഹോസ്പിറ്റല്‍


മലപ്പുറം (5 ആശുപത്രികള്‍) - സിഎച്ച് മെമ്മോറിയല്‍ ആശുപത്രി, പിജി മെഡിക്കല്‍ ട്രസ്റ്റ്, എംഎഎഎന്‍യു മെമ്മോറിയല്‍ ഹോസ്പിറ്റല്‍,  അല്‍ റയ്ഹാന്‍ ഐ ഹോസ്പിറ്റല്‍, ഇഎംസി ഹോസ്പിറ്റല്‍ 


കോഴിക്കോട് (7 ആശുപത്രികള്‍) - ഇഎംഎസ് മെമ്മോറിയല്‍ സഹകരണ ആശുപത്രി, കൊടുവള്ളി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കെഎംസിടി മെഡിക്കല്‍ കോളേജ്, മലബാര്‍ മെഡി. കോളേജ്,  നാഷണല്‍ ഹോസ്പിറ്റല്‍, സ്മാര്‍ട്ട് ഹോസ്പിറ്റല്‍, വടകര സഹകരണ ആശുപത്രി


വയനാട് (4 ആശുപത്രികള്‍) - ഇക്രാ ഹോസ്പിറ്റല്‍, കെജെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍, ലിയോ ഹോസ്പിറ്റല്‍.


കണ്ണൂര്‍ (3 ആശുപത്രികള്‍) - എകെജി മെമ്മോറിയല്‍ സഹകരണ ആശുപത്രി, ഡോ.ബിനുസ് സണ്‍റൈസ് ഐ കെയര്‍, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്


കാസര്‍ഗോഡ് (2 ആശുപത്രികള്‍) - എംഎഎം കോം ട്രസ്റ്റ്  ഐ കെയര്‍, തോജസ്വിനി സഹകരണ ആശുപത്രി


കോയമ്പത്തൂര്‍ - പില്‍സ് ഹോസ്പിറ്റല്‍

ഡല്‍ഹി - ആര്‍.എസ്.ഗ്രോവര്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍

ഗാസിയാബാദ് - അമികെയര്‍ ഹോസ്പിറ്റല്‍

മംഗലാപുരം - യെനെപോയ മെഡിക്കല്‍ കോളേജ്




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K