16 July, 2019 04:57:03 PM
വനം വകുപ്പ് സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിന് അദാലത്ത് ആഗസ്റ്റ് 9 മുതല്‍ : മന്ത്രി അഡ്വ. കെ. രാജു

തിരുവനന്തപുരം: വനം വകുപ്പ് സംബന്ധമായ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി എല്ലാ ജില്ലകളിലും വന അദാലത്തുകള്‍ സംഘടിപ്പിക്കുന്നുമെന്ന് വനം മന്ത്രി അഡ്വ. കെ.രാജു അറിയിച്ചു. ആദ്യ അദാലത്ത് ആഗസ്റ്റ് ഒന്‍പതിന് തിരുവനന്തപുരം ജില്ലയില്‍ നടക്കും. പട്ടയസംബന്ധമായ പരാതികള്‍ ഒഴികെ വനം സംബന്ധിച്ച എല്ലാ പരാതികളും അദാലത്തില്‍ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. വനംവകുപ്പിന് പുറമേ കൃഷി, തദ്ദേശസ്വയംഭരണം, ആദിവാസക്ഷേമം തുടങ്ങിയ വകുപ്പുകളും അദാലത്തില്‍ പങ്കെടുക്കും.
കഴിയുന്നത്ര പരാതികള്‍ക്ക് അദാലത്തില്‍ വച്ചു തന്നെ പരിഹാരം കണ്ടെത്തുന്നതിനാണ് മറ്റു വകുപ്പുകളെ കൂടെ ഉള്‍ക്കൊള്ളിച്ച് അദാലത്ത് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. രാവിലെ 10 മണിമുതല്‍ ഉച്ചക്ക് ഒരു മണി വരെയായിരിക്കും അദാലത്ത്. അദാലത്തിന് ഒരാഴ്ച മുമ്പ് വരെ സമര്‍പ്പിക്കുന്ന പരാതികളും അപേക്ഷകളും അദാലത്തില്‍ പരിഗണിക്കും. പരാതികള്‍ അനുബന്ധ രേഖകള്‍ സഹിതം തൊട്ടടുത്ത വനംവകുപ്പ് ഓഫീസിലോ ഇ ഡിസ്ട്രിക്ട് മുഖേന ഓണ്‍ലൈനായോ സമര്‍പ്പിക്കാവുന്നതാണ്.
പരാതിക്കാരനെ ബന്ധപ്പെടാനുള്ള മേല്‍വിലാസവും ഫോണ്‍നമ്പറും അപേക്ഷകളില്‍ രേഖപ്പെടുത്തണം. അപേക്ഷ സ്വീകരിക്കുമ്പോള്‍ തന്നെ പരാതിക്കാരന് പ്രത്യേക ടോക്കണ്‍ നമ്പര്‍ നല്‍കും. പരാതിയുടെ തുടര്‍ നടപടികള്‍ ഈ നമ്പര്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും. അദാലത്തിനായി ഓരോ ജില്ലയിലും ഓരോ ഫോറസ്റ്റ് കണ്‍സേര്‍വേറ്റര്‍മാരെ നോഡല്‍ ഓഫീസര്‍മായി ചുമതലപ്പെടുത്തിയിട്ടുണ്ട്. അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആഗ്സ്റ്റ് ഒന്‍പതിന് രാവിലെ 10 മണിക്ക് നെടുമങ്ങാട് മുനിസിപ്പല്‍ ഠൗണ്‍ഹാളില്‍ നടക്കും. സെപ്തംബര്‍ 30ന് അദാലത്തുകള്‍ സമാപിക്കും.
മറ്റു ജില്ലകളിലെ അദാലത്ത് തീയതിയും സ്ഥലവും: -
മലപ്പുറം ( നിലമ്പൂര്‍) ആഗസ്റ്റ് 12,
ഇടുക്കി ( വെള്ളപ്പാറ) ആഗസ്റ്റ്16,
കോഴിക്കോട് (താമരശ്ശേരി) ആഗസ്റ്റ് 19,
പത്തനംതിട്ട (കോന്നി) ആഗസ്റ്റ് 22,
കൊല്ലം (പുനലൂര്‍) ആഗസ്റ്റ് 24,
വയനാട് (കല്‍പ്പറ്റ) ആഗസ്റ്റ് 30,
തൃശ്ശൂര്‍ (ചാലക്കുടി) സെപ്തംബര്‍ 2,
കോട്ടയം ( എരുമേലി) സെപ്തംബര്‍ 3,
പാലക്കാട് (ഒലവക്കോട്) സെപ്തംബര്‍ 20,
കാസര്‍ഗോഡ് (കാസര്‍ഗോഡ്) സെപ്തംബര്‍2 6,
കണ്ണൂര്‍ (കണ്ണൂര്‍) സെപ്തംബര്‍ 27,
എറണാകുളം & ആലപ്പുഴ (കോടനാട്) സെപ്തംബര്‍ 30