28 November, 2025 09:24:02 AM
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ ക്രൈം ബ്രാഞ്ച് കേസെടുത്തു. വലിയമല സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് എഫ്ഐആർ പ്രകാരമാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി പീഡനം, അശാസ്ത്രീയമായ ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കൽ, ലൈംഗിക പീഡനം എന്നിവ പ്രകാരമാണ് കേസെടുത്തത് എന്നാണ് ലഭ്യമാകുന്ന വിവരം. ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
.തുടർനടപടികൾ വേഗത്തിലാക്കാനാണ് പൊലീസിന് നൽകിയ നിർദേശം. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. ഇന്നലെ രാത്രിയാണ് റൂറൽ എസ് പിയുടെ ഓഫീസിൽ വെച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. രാഹുൽമാങ്കൂട്ടത്തിൽ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നും നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നും താൻ നേരിട്ട ദുരനുഭവം കോൺഗ്രസിലെ ചില യുവ നേതാക്കളെ അറിയിച്ചിരുന്നുവെന്നും അതിജീവിത മൊഴിയിൽ പറയുന്നു.
അതേസമയം, അതിജീവിതയുടെ പരാതി ലഭിച്ച മുഖ്യമന്ത്രി ഉടൻ ക്രൈം ബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസെടുക്കുന്ന കാര്യം ചർച്ച ചെയ്തിരുന്നു. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്ത കേസിൽ നേരത്തെ ക്രൈംബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. എന്നാൽ അതിജീവിത നേരിട്ട് ലൈംഗിക പീഡന പരാതി നൽകിയതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് വിട്ടെന്നാണ് വിവരം. എംഎൽഎ ഓഫീസ് അടക്കം പൂട്ടിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്.
അതേസമയം രാഹുലിനെ ബന്ധപ്പെടാന്‍ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല. പത്തനംതിട്ട, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് രാഹുലിനായി അന്വേഷണം നടത്തുകയാണ്. കേസിൽ മുൻകൂർജാമ്യത്തിനുള്ള നീക്കം രാഹുൽ നടത്തിവരികയാണ്. കൊച്ചിയിലെ അഭിഭാഷകനുമായി രാഹുൽ സംസാരിച്ചതായാണ് വിവരം.






