14 July, 2019 12:14:28 PM
ടിക് ടോക് വീഡിയോയ്ക്കിടെ യുവതി കുളത്തിൽ മുങ്ങിമരിച്ചു; സംസ്കരിച്ച മൃതദേഹം പൊലീസ് പുറത്തെടുത്തു

കോലാർ: ടിക് ടോകിൽ വീഡിയോ എടുക്കുന്നതിനിടെ 20കാരി കുളത്തിൽ വീണ് മുങ്ങിമരിച്ചു. കർണാടകത്തിലെ കോലാർ ജില്ലയിലെ പാടത്താണ് സംഭവം. രണ്ട് മാസം മുൻപ് അവസാന വർഷ ബിഎ പരീക്ഷയെഴുതിയ ഫലം കാത്തിരിക്കുന്ന മാല എന്ന യുവതിയാണ് മരിച്ചത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ ഉടൻ ബന്ധുക്കൾ പൊലീസിനെ അറിയിക്കാതെ സംസ്കരിച്ചു. പിന്നാലെ പൊലീസെത്തി മൃതദേഹം തിരിച്ചെടുത്ത് പോസ്റ്റുമോർട്ടത്തിന് വിട്ടു.
ഏതാണ്ട് 30 അടി വീതിയും നീളവും 30 അടി ആഴവും ഉള്ളതാണ് കുളം. ഇതിന് ആൾമറയുണ്ടായിരുന്നില്ല. യുവതി ടിക് ടോക് വീഡിയോ എടുക്കാൻ ഉപയോഗിച്ചുവെന്ന് കരുതുന്ന മൊബൈൽ ഫോൺ കുളത്തിൽ നിന്ന് കണ്ടെത്താനായില്ല. മകൾ കാലിത്തീറ്റ വാങ്ങാൻ പോയതാണെന്നും അബദ്ധത്തിൽ കുളത്തിൽ വീണ് മരിച്ചതാകുമെന്നുമാണ് അച്ഛൻ പൊലീസിന് നൽകിയ മൊഴി. എന്നാൽ ഒരു സിനിമ രംഗം അവതരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കുളത്തിലേക്ക് വീണ് മരിച്ചതെന്നാണ് പൊലീസ് ഭാഷ്യം.