09 July, 2019 09:21:38 AM
സർക്കാർ ഏറ്റെടുത്തിട്ടും രോഗികള്‍ക്ക് ദുരിതം മിച്ചം; പരിയാരം മെഡി. കോളേജില്‍ ഡയാലിസിസ് പ്രതിസന്ധിയില്‍
കണ്ണൂര്‍: സർക്കാർ ഏറ്റെടുത്തിട്ടും ഡയാലിസിസ് രോഗികളുടെ ദുരിതത്തിന് പരിഹാരമില്ലാതെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി. ആകെയുള്ള കാലാവധി കഴിയാറായ 28 ഡയാലിസിസ് യന്ത്രങ്ങളിൽ പകുതിയോളം യന്ത്രങ്ങളുടെ പ്രവർത്തനം നിലച്ചിട്ട് മൂന്ന് മാസം കഴിഞ്ഞു. ദിവസവും നൂറിലധികം രോഗികളാണ് ഡയാലിസിസിനായി ആശുപത്രിയിലെത്തുന്നത്. എന്നാല്‍ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയിലാണ് നിർധനരായ രോഗികൾ.
എൻഡോസൾഫാൻ ഇരകളുൾപ്പെടെ മഞ്ചേശ്വരം മുതൽ തലശ്ശേരി വരെയുള്ള രോഗികളുടെ പ്രധാന ആശ്രയകേന്ദ്രമാണ് ഇവിടത്തെ ഡയാലിസിസ് യൂണിറ്റ്. ആകെയുള്ള 28 യന്ത്രങ്ങളിൽ പന്ത്രണ്ടെണ്ണവും കാലാവധി കഴിഞ്ഞ് തകരാറിലായി. തകരാറിലായവയ്ക്ക് പകരം യന്ത്രങ്ങൾ എത്തിച്ചാൽ പോലും രോഗികളുടെ എണ്ണമനുസരിച്ച് തികയില്ല. പുതിയ യന്ത്രങ്ങൾ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും താൽക്കാലിക പ്രതിസന്ധി മാത്രമാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.