07 July, 2019 09:35:45 AM
ജലക്ഷാമം വിട്ടുമാറിയിട്ടില്ലാത്ത ചെന്നൈയില്‍ അലക്ക് തൊഴിലാളികള്‍ നേരിടുന്നത് വന്‍ഭീഷണി
ചെന്നൈ: ജലക്ഷാമം വിട്ടുമാറിയിട്ടില്ലാത്ത ചെന്നൈയില്‍ അലക്ക് തൊഴിലാളികള്‍ നേരിടുന്നത് വന്‍ഭീഷണി. വെള്ളം ലഭിക്കാതായതോടെ പാരമ്പര്യമായി ചെയ്ത് വന്നിരുന്ന തൊഴില്‍ ഉപേക്ഷിക്കേണ്ട ഗതികേടിലാണിവര്‍. 150 തുണി വരെ കഴുകിയിരുന്ന ഇവർക്ക് ഇപ്പോൾ അതിന് സാധിക്കുന്നില്ല. ഒരു മണിക്കും രണ്ട് മണിക്കുമൊക്കെ വെള്ളത്തിനായി കാത്തിരിക്കുന്നത് കൊണ്ട് രാത്രി ഉറക്കം പോലുമില്ലെന്നുംഇവര്‍ പറയുന്നു. തുച്ഛമായ വരുമാനത്തിനിടെ വെള്ളം വാങ്ങുന്നത് ഭാരമായി തുടങ്ങിയതോടെ മറ്റു വഴികള്‍ തേടുകയാണ് ചെന്നൈയിലെ അലക്ക് തൊഴിലാളികൾ.
തലമുറകളായി ഈ ജോലി ചെയ്യുന്ന ഇവരില്‍ നല്ലൊരു ശതമാനത്തിനും മറ്റൊരു പണിയും അറിയില്ലെന്നതാണ് വസ്തുത. എങ്കിലും പണിയുപേക്ഷിച്ചവരാണ് ഇവരിലേറെയും. കുഴല്‍ക്കിണറും ആകെ ആശ്രയമായിരുന്ന മെട്രോ ജലവും നിലച്ചതോടെ ഇവരുടെ ഉപജീവനം വഴിമുട്ടി. വില ഇരട്ടിയാണെങ്കിലും സ്വകാര്യ വാട്ടര്‍ ടാങ്കറുകളാണ് ഏക ആശ്രയം. 144 അലക്കുതൊഴിലാളികള്‍ ദിനം പ്രതി ജോലി ചെയ്തിരുന്ന ചേറ്റ്പേട്ടില്‍ ഇപ്പോളുള്ളത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. അലക്കി കൊടുത്തിരുന്ന തുണികളുടെ എണ്ണവും പകുതിയലധികമായി കുറഞ്ഞു.