06 July, 2019 09:04:45 PM
ജയിലില്‍ പ്രതികളെ എത്തിക്കുന്ന പോലീസുകാരെ കണ്ണടച്ച് വിശ്വസിക്കരുതെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്
തിരുവനന്തപുരം: ഹെല്‍ത്ത് സ്‌ക്രീനിംഗ് റിപ്പോര്‍ട്ടുമായി പോലീസ് ജയിലിലേക്ക് എത്തിക്കുന്ന പ്രതികളുടെ ശാരീരിക മാനസിക ആരോഗ്യ നിലയില്‍ സംശയം തോന്നിയാല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് അടുത്തുള്ള ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കാമെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്‍റെ സര്‍ക്കുലര്‍. റിമാന്‍ഡ് പ്രതികളെ ജയിലിലേക്ക് കൊണ്ടു വരുമ്പോള്‍ പോലീസ് തരുന്ന ഹെല്‍ത്ത് സ്‌ക്രീനിംങ് റിപ്പോര്‍ട്ടില്‍ അറിഞ്ഞോ അറിയാതെയോ അപാകതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
പ്രതിക്ക് എഴുന്നേറ്റ് നില്‍ക്കാനും നടക്കാനും സ്വയം തിരിച്ചറിയാനും സംസാരിക്കാനും കഴിയുന്നുണ്ടോ, സംസാരത്തിലോ പ്രവൃത്തിയിലോ അസ്വഭാവികമായി എന്തെങ്കിലുമുണ്ടോ എന്നീ കാര്യങ്ങള്‍ ജയിലില്‍ അഡ്മിഷന്‍ ഡ്യൂട്ടിയിലുള്ളവര്‍ ശ്രദ്ധിക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു. ഹെഡ് വാര്‍ഡന്‍മാരും ജയില്‍ സൂപ്രണ്ടുമാരുമാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നും ഇക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തിയാല്‍ ജയിലിനും ജീവനക്കാര്‍ക്കും പേരുദോഷമുണ്ടാക്കുന്ന പലതും ഒഴിവാക്കാന്‍ കഴിയുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ജയില്‍ ജീവനക്കാരും പ്രതിക്കൂട്ടിലായിരിക്കെയാണ് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്‍റെ നിര്‍ദ്ദേശം. ജയിലില്‍ പ്രതികളെ പ്രവേശിപ്പിക്കുമ്പോള്‍ 'നടയടി' പോലുള്ള പ്രാകൃത നടപടികളൊന്നും പാടില്ലെന്നും സര്‍ക്കുലര്‍ പറയുന്നു. ജയിലുകളിലെ സിസി ടിവി കാമറകളെല്ലാം പ്രവര്‍ത്തനക്ഷമമാണ്. കാമറ ദൃശ്യങ്ങളിലോ മിന്നല്‍ സന്ദര്‍ശനങ്ങളിലോ ഏതെങ്കിലും വിധത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് ഋഷിരാജ് സിംഗ് നേരത്തെ പറഞ്ഞിരുന്നു