02 July, 2019 03:58:47 PM
മരിച്ചെന്ന് വിധിയെഴുതി ആശുപത്രി; സംസ്കാരത്തിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ 'മൃതദേഹ'ത്തിന് ജീവന്‍ വെച്ചു
'മരണം സ്ഥിരീകരിച്ച'ത് മുടക്കാന്‍ ഇനി പണമില്ലെന്ന് പറഞ്ഞതോടെ
ലക്നൗ: ആശുപത്രി അധികൃതര്‍ മരിച്ചെന്ന് വിധിയെഴുതിയ മുഹമ്മദ് ഫര്‍ഖാന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് സംസ്കാര ചടങ്ങുകള്‍ക്ക് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ. കല്ലറ ഒരുക്കി അവസാന ചടങ്ങുകള്‍ക്കായി ശ്മശാനത്തിലേക്ക് എടുക്കുന്നതിന് തൊട്ടുമുമ്പാണ് ബന്ധുക്കളിലൊരാള്‍ ഫര്‍ഖാന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. ശരീരത്തിന്‍റെ ഒരു ഭാഗം ചലിക്കുന്നതായി തോന്നിയതോടെ 20 കാരനായ ഫര്‍ഖാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ജീവനുണ്ടെന്ന് കണ്ടെത്തിയതോടെ ഫര്‍ഖാനെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് സംഭവം.
അപകടത്തെ തുടര്‍ന്ന് ജൂണ്‍ 21നാണ് ഫര്‍ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് മരണം സ്ഥിരീകരിച്ചതോടെ ഇയാളുടെ 'മൃതദേഹം' ആംബുലന്‍സില്‍ വീട്ടിലെത്തിച്ചു. നേരത്തേ പ്രവേശിപ്പിച്ച ആശുപത്രിയില്‍ ഏഴ് ലക്ഷത്തോളം രൂപയാണ് ചെലവാക്കിയത്. ഇനി ഒരു രൂപപോലും കയ്യിലില്ലെന്ന് പറഞ്ഞതോടെ അവര്‍ മരണം സ്ഥിരീകരിച്ച് മൃതദേഹം വിട്ട് നല്‍കുകയായിരുന്നുവെന്ന് സഹോദരന്‍ മുഹമ്മദ് ഇര്‍ഫാന്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ലക്നൗ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. രോഗി ഗുരുതരാവസ്ഥയിലാണെങ്കിലും മസ്തിഷ്കമരണം സംഭവിച്ചിട്ടില്ലെന്ന് ഫര്‍ഖാനെ പരിശോധിക്കുന്ന ഡോക്ടര്‍ പറഞ്ഞു.