01 July, 2019 06:57:39 PM


പോലീസുകാർ ഹെൽമെറ്റ് ഇല്ലാതെ ഇരുചക്രം ഓടിച്ചാൽ ജില്ലാ പോലീസ് മേധാവിമാർക്ക് പണി കിട്ടും


Two Wheeler, Police, Helmet, Driving,


തിരുവനന്തപുരം : സംസ്ഥാനത്ത് പോലീസുകാർ ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്താൽ ഇനി പണി കിട്ടുന്നത് ജില്ലാ പോലീസ് മേധാവിമാർക്ക്. കീഴുദ്യോഗസ്ഥര്‍ ഹെല്‍മറ്റ് ധരിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിന്‍റെ ഉത്തരവാദിത്വം എസ്‍പിമാര്‍ക്ക് നല്‍കുന്നതിനുള്ള ഉത്തരവ് കഴിഞ്ഞദിവസം പൊലീസ് ആസ്ഥാനത്തു നിന്നും ഇറങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഉത്തര്‍പ്രദേശില്‍ 305 പൊലീസുകാരും തമിഴ്‍നാട്ടില്‍ 102 പൊലീസുകാരും ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ച് പിടിയിലായിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തിലെ മുന്‍കരുതല്‍ നടപടി. ഇരു സംസ്ഥാനങ്ങളിലും വനിതാ പോലീസുകാരടക്കം ഹെൽമറ്റില്ലാതെ ഇരുചക്രം ഓടിച്ചതിന് പിടിച്ചിരുന്നു.


ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാമാക്കിയിരുന്നു. നിയമലംഘകരെ പിടികൂടാന്‍ കർശനമായ പരിശോധന നടക്കുകയും ചെയ്യുമ്പോഴാണ് പൊലീസുകാരുടെ നിയമലംഘനം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയാകുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് പോലീസുകാര്‍ ഹെല്‍മെറ്റ് ധരിക്കുന്നത് ഉറപ്പാക്കാന്‍ ശ്രമം തുടങ്ങിയത്.


എന്നാൽ സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്ന പോലീസുകാർ എല്ലാരും തന്നെ ഹെൽമെറ്റ് ധരിക്കുന്നുണ്ടെന്നായിരുന്നു പോലീസ് മേധാവികൾക്ക് നൽകിയ റിപ്പോർട്ടിൽ. എന്നാല്‍, ഔദ്യോഗികമായും അല്ലാത്തപ്പോഴും പൊലീസുകാര്‍ ഇരുചക്ര വാഹനങ്ങളോടിക്കുമ്പോള്‍ നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നുമാണ് പോലീസ് ആസ്ഥാനത്തു നിന്നുള്ള നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ടുകള്‍.


അടുത്തിടെ ചെന്നൈ കാമരാജ് ശാലൈയില്‍ ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചു വന്ന എസ് ഐയെ കമ്മീഷണര്‍ പരസ്യമായി ശാസിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K