24 June, 2019 10:05:01 PM


കോഴിക്കോട് മെഡിക്കൽ കോളേജ്: പ്രതിസന്ധി പരിഹരിക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ 25ന് ചര്‍ച്ച



കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രതിസന്ധി പരിഹരിക്കാൻ നാളെ  ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. വന്‍തുക കുടിശിക ആയതിനാല്‍ ഉപകരണങ്ങളും മരുന്നും നല്‍കുന്നത് വിതരണക്കാര്‍ നിര്‍ത്തിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. വിതരണക്കാരുടെ സംഘടനാ പ്രതിനിധികളോട് ഒന്‍പത് മണിക്ക് ചര്‍ച്ചക്കെത്താന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.


ഹൃദയശസ്ത്രക്രിയ സംബന്ധമായ അവശ്യസാമഗ്രികള്‍ തീർന്നതോടെ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിച്ചിരുന്ന കാത് ലാബ് അടച്ചുപൂട്ടിയിരിക്കുകയാണ്. കാത് ലാബ് അടച്ചുപൂട്ടിയതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഹൃദയശസ്ത്രക്രിയയ്ക്കുള്ള സ്റ്റെന്‍റ്, പെയ്സ്മേക്കര്‍ തുടങ്ങിയവ അടക്കമുള്ള സാധനങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നല്‍കുന്നത് കഴിഞ്ഞ പത്ത് മുതല്‍ വിതരണക്കാര്‍ നിര്‍ത്തിയിരുന്നു. 


കാരുണ്യ, ആര്‍എസ്ബിവൈ തുടങ്ങിയ പദ്ധതികളില്‍ മരുന്നും സ്റ്റെന്‍റും വാങ്ങിയ ഇനത്തില്‍ 18 കോടിയോളം രൂപ കുടിശികയായതോടെയായിരുന്നു നടപടി. സ്റ്റോക്കുള്ള സാധനങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇതുവരെ കാത്ത് ലാബ് പ്രവര്‍ത്തിച്ചിരുന്നത്. സ്റ്റോക്ക് തീര്‍ന്നതോടെ നിരവധി നിര്‍ധന രോഗികള്‍ക്ക് ആശ്വാസമായിരുന്ന കാത് ലാബ് അടച്ചു. ദിവസവും ശരാശരി ഇരുപത് ആന്‍ജിയോപ്ലാസ്റ്റിയും ആന്‍ജിയോഗ്രാമും ചെയ്തിരുന്ന കാത് ലാബാണ് അടച്ച് പൂട്ടിയിരിക്കുന്നത്. അതേസമയം ശ്രമങ്ങള്‍ തുടരുകയാണെന്നും ഒരാഴ്ചക്കുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് സജീത് കുമാര്‍ വ്യക്തമാക്കി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K