24 June, 2019 09:11:49 PM
റീ ബിൽഡ് കേരള: പുതിയ അപ്പീൽ നൽകാൻ ജൂൺ 30 വരെ അവസരം; അപേക്ഷകൾ ജൂൺ 25 മുതൽ സ്വീകരിക്കും
കൊച്ചി: പ്രളയത്തിൽ വീടിന് കേടുപാടു സംഭവിച്ചിട്ടും റീബിൽഡ് കേരള ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയവർക്കും നാശനഷ്ട ത്തിന്റെ തോത് ഉയർന്നതായിട്ടും 30 ശതമാനത്തിനു താഴെ നാശനഷ്ടം രേഖപ്പെടുത്തിയ സ്ലാബിൽ ഉൾപ്പെട്ടവർക്കും അർഹതപ്പെട്ട ആനുകൂല്യം നേടിയെടുക്കാൻ ജൂൺ 30 വരെ അപ്പീൽ നൽകാം. ഇതു സംബന്ധിച്ച് ജൂൺ 21 ന് സർക്കാർ പുറത്തിറക്കിയ ഉത്തരവു പ്രകാരം ജില്ലാ കളക്ടർ എസ്.സുഹാസ് ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുടെയും തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരുടെയും യോഗം കളക്ടറേറ്റിൽ വിളിച്ചു ചേർത്തു.
ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാർ മുഖേന ജൂൺ 30 ന് വൈകീട്ട് അഞ്ചു മണി വരെ അപ്പീൽ സ്വീകരിക്കും. അപേക്ഷകൾ ജൂൺ 25 മുതൽ സ്വീകരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ റീബിൽഡ് കേരള എന്ന ആപ്ലിക്കേഷനുപയോഗിച്ച് നാശനഷ്ടത്തിന്റെ തോതനുസരിച്ച് വീടുകളെ വിവിധ സ്ലാബുകളായി തിരിച്ചിരുന്നു. പൂജ്യം മുതൽ 14 ശതമാനം വരെ, 15% , 16 മുതൽ 29 %, 30- 59 % , 60- 74% , 75- 100 % എന്നീ സ്ലാബുകളായാണ് തിരിച്ചിരുന്നത്. എന്തെങ്കിലും കാരണത്താൽ കൃത്യസമയത്ത് അപേക്ഷിക്കാൻ കഴിയാതിരുന്നതുമൂലം ഈ വിഭാഗത്തിലൊന്നും ഉൾപ്പെടാതെപോയ ഗുണഭോക്താക്കൾക്ക് അർഹമായ സഹായമെത്തിക്കുകയാണ് ലക്ഷ്യം.
നാശനഷ്ടത്തിന്‍റെ തോത് ഉയർന്നതാണെങ്കിലും 30 ശതമാനത്തിന് താഴേക്കുള്ള സ്ലാബുകളിലുൾപ്പെട്ടവർക്കും അവസരം നൽകും. 30നു മുകളിൽ നാശനഷ്ടം സംഭവിച്ചവരുടെ ഗുണഭോക്തൃ പട്ടികയിലുൾപ്പെട്ടവർ അപേക്ഷിക്കാൻ അർഹരല്ല. അടിയന്തരധനസഹായമായ 10000 രൂപ ലഭിച്ചതും അർഹതയുണ്ടായിട്ടും ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയവരുമായവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഇതിനകം അപ്പീൽ നൽകിയവർ അപേക്ഷിക്കാൻ അർഹരല്ല.
എങ്ങനെ അപേക്ഷിക്കാം?
ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് നിർദ്ദിഷ്ട മാതൃകയിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോം തദ്ദേശ സ്ഥാപനത്തിൽ ലഭിക്കും. ഇതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രത്യേക കൗണ്ടർ തുറക്കും. മേൽനോട്ടം വഹിക്കാൻ പ്രത്യേകം ചുമതലപ്പെടുത്തിയ ആളെ നിയോഗിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.
എന്തെല്ലാം രേഖകൾ വേണം?
അപേക്ഷകൻ ഉൾപ്പെട്ട റേഷൻ കാർഡിന്റെയും അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെയും പകർപ്പ്, വീടിന്റെ നാശനഷ്ടം പ്രകടമാകുന്ന പ്രളയ കാലഘട്ടത്തിലെടുത്ത ഒന്നോ രണ്ടോ ഫോട്ടോ. രണ്ടു ഫോട്ടോയിലധികം സ്വീകരിക്കില്ല. ഫോമിൽ മൊബൈൽ ഫോൺ നമ്പരും അപേക്ഷകനുൾപ്പെടുന്ന റേഷൻ കാർഡ് നമ്പറും നിർബന്ധമായും ചേർത്തിരിക്കണം. അപേക്ഷകരുടെ വിവരം എക്സെൽ ഷീറ്റിലാണ് രേഖപ്പെടുത്തുക. അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസമായ ജൂൺ 30ന് വൈകീട്ടു തന്നെ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഈ വിവരം കളക്ടറേറ്റിലേക്ക് ഇ-മെയിൽ ചെയ്യണം. ജൂലൈ ഒന്നിന് രാവിലെ 10 മണിക്ക് അപേക്ഷകളുടെ വിശദവിവരം സംബന്ധിച്ച പ്രിന്റൗട്ട് കളക്ടറേറ്റിൽ സമർപ്പിക്കുകയും വേണം.
ജൂലൈ ഏഴു മുതൽ 12-ാം തീയതി വരെയുള്ള ദിവസങ്ങളിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തും. നിശ്ചിത സമയ പരിധി കഴിഞ്ഞാൽ യാതൊരു മാറ്റവും അപേക്ഷയിൽ വരുത്താൻ സാധിക്കില്ല. അതിനാൽ അർഹരായ മുഴുവൻ പേരും സമയപരിധിക്കുള്ളിൽ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ദുരന്ത കൈകാര്യ വിഭാഗം ഡെപ്യൂട്ടി കളക്ടർ പി.ഡി.ഷീലാദേവി, ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഏണസ്റ്റ് സി.തോമസ് തുടങ്ങിയവരും പങ്കെടുത്തു.