21 June, 2019 07:15:03 AM


ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം: കോയമ്പത്തൂരിൽ യുവാവിന്‍റെ വീട്ടിൽ എൻഐഎ റെയ്ഡ്



കോയമ്പത്തൂർ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിന്‍റെ വീട്ടിൽ എൻഐഎ സംഘം റെയ്ഡ് നടത്തി. കോയമ്പത്തൂരിൽ കുനിയമുത്തൂരിൽ സ്ഥിരതാമസക്കാരനായ ഷിനോയ്‌ദിന്‍റെ വീട്ടിലാണ് കേന്ദ്രസംഘം റെയ്ഡ് നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല ഉള്ളടക്കമുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ അഡ്മിനായ മുഹമ്മദ് അസ്ഹറുദ്ദീനെ(32) നേരത്തെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ശ്രീലങ്ക ഈസ്റ്റർ ബോംബിംഗ് സംഭവത്തിലെ മുഖ്യപ്രതി സഹ്റൻ ഹാഷിമിന്‍റെ ഫെയ്സ്ബുക്ക് സുഹൃത്താണ്.

ഷിനോയ്ദിന് അസ്ഹറുദ്ദീൻ രണ്ട് ഹാർഡ് ഡിസ്കുകൾ കൈമാറിയെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഷിനോയ്ദിന്റെ വീട്ടിൽ നിന്ന് രണ്ട് ഹാർഡ് ഡിസ്കുകൾ കണ്ടെടുത്തു. എന്നാൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ഈ ഹാർഡ് ഡിസ്കുകൾ കസ്റ്റഡിയിലെടുത്ത എൻഐഎ സംഘം ഷിനോയ്ദിനോട് എങ്ങോട്ടും പോകരുതെന്നും എപ്പോൾ വിളിച്ചാലും ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ (ഐഎസ്) അനുകൂലികളായ മൂന്ന്‌ യുവാക്കളെ ജൂൺ 17 ന് കോയമ്പത്തൂരില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ്‌ ഹുസൈന്‍, ഷാജഹാന്‍, ഷെയ്‌ഖ്‌ സെയിഫുള്ള എന്നിവരാണ്‌ തമിഴ്‌നാട്‌ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങിന്റെ പിടിയിലായത്‌. ചാവേര്‍ ആക്രമണം നടത്താനും ഇന്റലിജന്‍സ്‌ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുമാണ്‌ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. എന്‍ഐഎ നിര്‍ദേശപ്രകാരം നടത്തിയ തിരച്ചിലില്‍ മൂന്നിടങ്ങളില്‍ നിന്നാണ്‌ ഇവരെ പിടികൂടിയത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K