11 June, 2019 07:36:04 PM
നിപ ബാധിച്ച യുവാവ് ജീവിതത്തിലേക്ക്; നിരീക്ഷണത്തിലിരുന്ന മൂന്ന് പേരുടെ സാംപിൾ നെഗറ്റീവ്
കൊച്ചി: നിപ ബാധിതരെന്ന സംശയത്തില്‍ കളമശേരി, തൃശൂർ, ഇടുക്കി എന്നിവിടങ്ങളിൽ നിരീക്ഷണത്തിലുള്ള മൂന്ന് പേരുടെ പരിശോധന ഫലം പുറത്തു വന്നു. ഇവര്‍ക്ക് നിപ രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചു. അതേസമയം നിപ ബാധിച്ച യുവാവിന്‍റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. കഴിഞ്ഞ 48 മണിക്കൂറായി പനിയില്ല. പരസഹായമില്ലാതെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. നന്നായി ഉറങ്ങാനും കഴിയുന്നുണ്ടെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ വിശദമാക്കുന്നത്.
മെഡിക്കല്‍ കോളേജില്‍ ഐസലേഷന്‍ വാര്‍ഡിലുള്ള ഏഴ് രോഗികളുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഇവരുടെ നില സ്റ്റേബിളായി തുടരുന്നു. മറ്റു ചികിത്സകൾ തുടരുന്നതിന് ഇവരിൽ ഒരാളെ വാർഡിലേക്കും മറ്റേയാളെ ഐസിയുവിലേക്കും മാറ്റി. എറണാകുളം മെഡിക്കൽ കോളേജിൽ ഇന്നലെ പരിശോധിച്ച 5 സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. ഇന്ന് 10 സാമ്പിളുകളുടെ പരിശോധന നടന്നു വരുന്നുവെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വിശദമാക്കുന്നു.
നിപ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ലിസ്റ്റിലുള്ള 329 പേരിൽ ആലപ്പുഴ സ്വദേശിയായ ആളെ പനി കണ്ടതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്കു മാറ്റി. ഇവരിൽ 52 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 277 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമുൾപ്പെട്ടവരാണ്. എല്ലാവരുടെയും ആരോഗ്യനില സ്റ്റേബിളായി തുടരുന്നു. ആലുവ പാലസിൽ 45 വവ്വാലുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. നാളെ പറവൂർ മേഖലയിൽ നിന്ന് വവ്വാലിന്‍റെ സാംപിളുകൾ ശേഖരിക്കുമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി.