04 June, 2019 04:59:04 PM


നിപ: ആറംഗ കേന്ദ്രസംഘം കേരളത്തിലെത്തി; വിദ്യാര്‍ത്ഥിയുടെ നിലയില്‍ പുരോഗതി

.



കൊച്ചി: നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘം കേരളത്തിലെത്തി. നിലവിലെ സ്ഥിതി സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ഷൈലജയുമായി സംസാരിച്ചു. രോഗപര്യവേക്ഷകന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് കേരളത്തില്‍ എത്തിയിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. രോഗം സംശയിക്കുന്നവരെ നിരീക്ഷിക്കുന്നതിനും ഐസോലേഷന്‍ വാര്‍ഡുകളിലെ സൗകര്യങ്ങള്‍ പരിശോധിക്കുന്നതിനുമാണിത്.


സ്ട്രാറ്റജിക് ഹെല്‍ത്ത് ഓപറേഷന്‍സ് സെന്റര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസസ് കണ്‍ട്രോള്‍ എന്നിവ സജ്ജമാണ്. ഒരു കണ്‍ട്രോള്‍ റൂം തുറന്നുകഴിഞ്ഞു. 011-23978046 എന്നതാണ് ഹെല്‍പ് ലൈന്‍ നമ്പര്‍ എന്നും കേന്ദ്രമന്ത്രി അറിയിച്ചു. നില ലക്ഷണങ്ങളുമായി ചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ്. 86 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ഇവരോട് വീടിനു പുറത്തു ഇറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. നാലു പേര്‍ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.


രോഗിയെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ രണ്ട് നഴ്‌സുമാരും അടുത്തിടപഴകിയ ഒരാളുമാണ് ആശുപത്രിയിലുള്ളത്. ഒരാളെ കൂടി ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റും. പനി ബാധിച്ച് വീട്ടില്‍ വിശ്രമിക്കുന്ന ഒരാളെ ആശുപത്രിയിലേക്ക് മാറ്റുമെന്നും ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു. വിദ്യാര്‍ത്ഥിയുടെ അധ്യാപിക അടക്കം 27 പേര്‍ തൃശൂരില്‍ നിരീക്ഷണത്തിലാണ്. അധ്യാപികയ്ക്ക് നേരിയ പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ മൂന്നു പേര്‍ക്ക് പനി ബാധിച്ചുവെങ്കിലും അവ സാധാരണ പനിയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.


ഓസ്‌ട്രേലിയയില്‍ നിന്ന് കൂടുതല്‍ മരുന്ന് എത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. 'മാബ് 'മെഡിസിന്‍ എന്‍ഐവിയില്‍ നിന്ന് എത്തിക്കും. നിലവില്‍ രോഗം പ്രതിരോധിക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും സജ്ജമാണ്. റിബവൈറന്‍ മരുന്നുകള്‍ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മരുന്നുകളോട് പ്രതികരിക്കുന്നണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.


അതിനിടെ, വിദ്യാര്‍ത്ഥി പരിശീലനം നടത്തിയ സ്ഥാപനത്തില്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തി. ഇടുക്കിയാണ് പനിയുടെ ഉറവിടമെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഇടുക്കി ഡി.എം.ഒ അറിയിച്ചൂ. വിദ്യാര്‍ത്ഥി കഴിഞ്ഞ ഒന്നര മാസം എവിടെയൊക്കെ ആയിരുന്നു എന്ന് പരിശോധിക്കണം. നിലവില്‍ ജില്ലയില്‍ ആരും നിരീക്ഷണത്തിലില്ല. കൊല്ലം പാരിപ്പള്ളി, ആലപ്പുഴ, എറണാകുളം, തൊടുപുഴ എന്നിവിടങ്ങളില്‍ കൂടുതല്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ തുറന്നു. എറണാകുളത്തും ഇടുക്കിയിലും തൃശൂരിലും മൃഗസംരക്ഷണ വകപ്പിന്റെ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K