03 June, 2019 10:12:16 PM
നിപ്പാ പ്രതിരോധം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജമായി
കോട്ടയം: സംസ്ഥാനത്ത് നിപ്പാ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ജേക്കബ് വര്‍ഗീസ് അറിയിച്ചു. നീരിക്ഷണത്തില്‍ പാര്‍പ്പിക്കേണ്ടി വരുന്ന രോഗികള്‍ക്കായി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്. രോഗബാധ സംശയിക്കുന്ന രോഗികളെ നിരീക്ഷിക്കുന്നതിന് പ്രത്യേക വാര്‍ഡും ഇവിടെ ക്രമീകരിച്ചതായി സൂപ്രണ്ട് ഡോ: ടി.കെ ജയകുമാര്‍ അറിയിച്ചു.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക വ്യക്തിഗത സംരക്ഷണ ഉപാധികളും ഉറപ്പാക്കിയിട്ടുണ്ട്. പനി ബാധിതരുടെ ചികിത്സയ്ക്കുള്ള മരുന്നുകളും സാമഗ്രികളും ലഭ്യമാണ. നിരീക്ഷണം, ചികിത്സ എന്നിവ ഏകോപിപ്പിക്കാന്‍ പ്രിന്‍സിപ്പല്‍, സൂപ്രണ്ട് ,കമ്യൂണിറ്റി മെഡിസിന്‍ വകപ്പ് മേധാവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. ദിവസേനയുള്ള സ്ഥിതിഗതികള്‍ സമിതി വിലയിരുത്തി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാന്‍ ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കി. സംശയകരമായ രോഗ ലക്ഷണങ്ങളുമായി വരുന്നവരെ പ്രത്യേകം നീരിക്ഷിക്കാനും പ്രോട്ടോക്കോളിന് അനുസൃതമായി ആവശ്യമായ ചികിത്സ ലഭ്യമാക്കാനും റഫര്‍ ചെയ്യേണ്ട കേസുകള്‍ ഉണ്ടെങ്കില്‍ അവരെ അടിയന്തരമായി പ്രധാന ആശുപത്രികളിലേക്ക് മാറ്റുന്നതിനും സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യപ്രവത്തകര്‍ക്കായി മാസ്‌ക്, കയ്യുറ മുതലായ സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കും.
ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രത്യേക പനി ഒ.പി ഇന്നു മുതല്‍ പ്രവര്‍ത്തിക്കും. പനി,ജലദോഷം എന്നീ രോഗലക്ഷണങ്ങളുള്ളവര്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടേണ്ടതാണ്. പനി ബാധിതര്‍ പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പൊതുജനങ്ങള്‍ ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല ഉപയോഗിച്ച് വായ മൂടാന്‍ ശ്രദ്ധിക്കണം. വീടിന് പുറത്ത് പോയി തിരിച്ചെത്തിയാല്‍ നിര്‍ബന്ധമായും കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. സംശയനിവാരണത്തിന് നിപ്പാ സെല്ലിലെ 1077 എന്ന ഫോണ്‍ നമ്പരിലും ദിശാ ഹെല്‍പ് ലൈന്‍ നമ്പരിലും (1056) ബന്ധപ്പെടാമെന്ന് ഡി.എം.ഒ അറിയിച്ചു.