04 May, 2019 08:33:13 AM


കേരളത്തില്‍ ആദ്യമായി തദ്ദേശ നിര്‍മിത ടാവി വാല്‍വ് വിജയകരമായി ഘടിപ്പിച്ച് ആസ്റ്റര്‍ മെഡിസിറ്റി




കൊച്ചി: കേരളത്തില്‍ ആദ്യമായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ തദ്ദേശ നിര്‍മിത ട്രാന്‍സ്‌കത്തീറ്റര്‍ അയോട്ടിക് വാല്‍വ് ഇന്‍പ്ലാന്റേഷന്‍ (ടാവി) വാല്‍വ് 82 കാരനായ രോഗിയില്‍ വിജയകരമായി ഘടിപ്പിച്ചു. ഇയാളുടെ ഹൃദയത്തിലെ ഇടത് വാല്‍വില്‍ ഗുരുതരമായ ബ്ലോക്ക് ഉണ്ടായിരുന്നു. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരുടെ സംഘമാണ് പ്രക്രിയ നടത്തിയത്. 

കഴിഞ്ഞ ഏതാനും വര്‍ഷമായി ഹൃദയസംബന്ധിയായ അസുഖം മൂലം ബുദ്ധിമുട്ടുകയായിരുന്നു കോട്ടയം സ്വദേശിയായ രോഗി. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ചെയ്യാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ അതിനുള്ള ആരോഗ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ശസ്ത്രക്രിയ കൂടാതെ ടാവി പ്രക്രിയയയിലൂടെ വാല്‍വ് മാറ്റിവെയ്ക്കുന്നതിനെക്കുറിച്ച് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഈ പ്രക്രിയയില്‍ നേരത്തെ ഉപയോഗിച്ചിരുന്ന അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട വാല്‍വുകള്‍ക്ക് വന്‍ വില കാരണം പ്രക്രിയ സാധാരണക്കാര്‍ക്ക് താങ്ങാനാകുമായിരുന്നില്ലെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ കാര്‍ഡിയോളജി വിഭാഗം ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. അനില്‍കുമാര്‍ പറഞ്ഞു. 

ഇന്ത്യന്‍ നിര്‍മിത ടാവി വാല്‍വ് ഉപയോഗിക്കുന്നതിലൂടെ പ്രക്രിയയുടെ ചെലവ് പകുതിയായി കുറയ്ക്കാന്‍ കഴിയും. ഇപ്പോള്‍ കൂടുതല്‍ ആശുപത്രികളില്‍ ഇന്ത്യന്‍ നിര്‍മിത ടാവി വാല്‍വ് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
നെഞ്ചില്‍ ഒരു പോറല്‍ പോലുമേല്‍പിക്കാതെ രോഗിയുടെ കാലിലൂടെ വാല്‍വ് കടത്തിവിട്ടാണ് പ്രക്രിയ നടത്തിയത്. രോഗിയുടെ പ്രായം കാരണം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വളരെ അപകടസാധ്യതയുള്ളതാണെന്ന് കണക്കിലെടുത്താണ് കാലിലൂടെ വാല്‍വ് കടത്തിവിടാന്‍ തീരുമാനിച്ചതെന്ന് രോഗിയെ പരിചരിച്ചിരുന്ന ആസ്റ്റര്‍ മെഡ്‌സിറ്റി കണ്‍സള്‍ട്ടന്റ് ഡോ. പ്രവീണ്‍ ശ്രീകുമാര്‍ പറഞ്ഞു. പ്രക്രിയയ്ക്ക് ശേഷം രോഗി സുഖംപ്രാപിക്കുകയും മൂന്നാം നാള്‍ ആശുപത്രി വിടുകയും ഇപ്പോള്‍ സാധാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K