03 May, 2019 09:28:29 PM


സംഹാരതാണ്ഡവമാടിയ ചുഴലിക്കാറ്റിനിടെ 'ഫോനി'യ്ക്ക് ജന്മം നൽകി ഒഡീഷയിലെ റെയില്‍വെ ആശുപത്രി


 

ഭുവനേശ്വർ: ഫോനി ചുഴലിക്കാറ്റ് ഒഡീഷയിൽ സംഹാര താണ്ഡവമാടുന്നതിനിടെ അവിടുത്തെ റെയിൽവെ ആശുപത്രിയിൽ ഒരു കുഞ്ഞ് പിറന്നു. രാവിലെ 11.03 നായിരുന്നു ജനനം. ഡോക്ടർമാരും റെയിൽവെ അധികൃതരും ഒരേസ്വരത്തിൽ കുഞ്ഞിന് പേര് നിർദ്ദേശിച്ചു - ഫോനി. ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ നിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയുള്ള മഞ്ചേശ്വറിലെ റെയിൽവെ ആശുപത്രിയിലാണ് പെൺകുഞ്ഞ് ജനിച്ചത്.


മഞ്ചേശ്വറിലുള്ള കോച്ച് റിപ്പയർ വർക്ക് ഷോപ്പിലെ ഹെൽപ്പറായ 32 വയസുള്ള റെയിൽവെ ജീവനക്കാരിയുടെ കുഞ്ഞാണ് അവൾ. അമ്മയും കുഞ്ഞും സുഖമായി കഴിയുന്നുവെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവെയ്സ് വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു. റെയിൽവെ ആശുപത്രിക്ക് പുറത്ത് ഫോനി ആഞ്ഞു വീശുന്നതിനിടെ ഡോക്ടർമാർ മനസാന്നിധ്യം കൈവിടാതെയാണ് അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷിതത്വം ഉറപ്പാക്കാൻ പ്രവർത്തിച്ചതെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.


ചുഴലിക്കാറ്റ് ഭീതി വിതച്ച് വീശിയടിച്ച സമയത്താണ് പെൺകുഞ്ഞിന്റെ ജനനം. അതിനിടെ, പാമ്പിന്റെ പത്തിയെന്ന് അർഥമുള്ള ബംഗ്ലാ ഭാഷയിലെ ഫോനി എന്ന പേര് കുട്ടിക്ക് നൽകുന്നതിനോട് മാതാപിതാക്കൾ യോജിക്കുമോയെന്ന് വ്യക്തമല്ലെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അഡീഷണൽ ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മഹാപാത്ര വാർത്താ  ഏജൻസിയോട് പറഞ്ഞു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K