29 April, 2019 05:49:21 PM


ചൂട് ക്രമാതീതമായി കൂടിയതും കാലാവസ്ഥാ വ്യതിയാനവും: സംസ്ഥാനത്ത് ചിക്കന്‍പോക്‌സ് പടരുന്നു



കോട്ടയം: കാലവസ്ഥയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ചിക്കന്‍പോക്‌സ് പടരുന്നു. ചൂട് ക്രമാതീതമായി കൂടിയതോടെ ചിക്കന്‍പോക്‌സ് രോഗികളുടെ എണ്ണവും ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. രണ്ട് മാസത്തിനിടെ ഇടുക്കിയില്‍ മാത്രം ചിക്കന്‍പോക്സ് പിടിപെട്ടത് 445 പേര്‍ക്ക്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സതേടി എത്തുന്നവരുടെ കണക്കുകള്‍ മാത്രമാണിത്. കഴിഞ്ഞ മാസം ജില്ലയില്‍ 231 പേര്‍ക്ക് ചിക്കന്‍പോക്‌സ് പിടിപെട്ടിരുന്നു. ഈ മാസം ഇതുവരെ 214 പേര്‍ക്ക് ചിക്കന്‍പോക്‌സ് പിടിപെട്ടു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുന്നവരുടെയും പച്ചമരുന്ന് കഴിക്കുന്നവരുടെയും വീട്ടില്‍ വിശ്രമിക്കുന്നവരുടെയും കണക്ക് വേറെ. 


കാലവസ്ഥ വ്യതിയാനമാണ് രോഗം പടര്‍ന്നുപിടിക്കാന്‍ പ്രധാന കാരണം. പലരിലും ചിക്കന്‍പോക്‌സ് പിടിപെടുന്നത് പലരൂപത്തിലായിരിക്കും. ചൂടും തണുപ്പും അസുഖ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പനി, തലവേദന, പേശിവേദന തുടങ്ങിയവയാണ് അസുഖ ലക്ഷണങ്ങള്‍. ആദ്യം തൊലിക്ക് മുകളില്‍ കുമിളകള്‍ പൊങ്ങിത്തുടങ്ങും. രോഗത്തെ ആദ്യഘട്ടത്തില്‍ തന്നെ പ്രതിരോധിക്കാന്‍ കഴിയാത്തത് അസുഖത്തിന്‍റെ തീവ്രത വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും. ശരീരത്തില്‍ അസാധാരണമായി കുരുക്കള്‍ ഉണ്ടാവുകയും ശരീരത്തിന്‍റെ താപനിലയില്‍ വ്യത്യാസം കാണുന്നതും രോഗലക്ഷണങ്ങളാണ്. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് 21 ദിവസത്തിനുള്ളില്‍ രോഗം വരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K