25 March, 2019 09:08:43 AM


സൂര്യന്‍ കത്തുന്നു, വെയില്‍ നേരിട്ടു കൊള്ളരുത് ; ഇന്നും നാളെയും നാലു ഡിഗ്രി സെല്‍ഷ്യസ് കൂടും




തിരുവനന്തപുരം: കത്തിജ്വലിക്കുന്ന മീനമാസ സൂര്യന്‍ കേരളത്തെ ചുട്ടുപൊള്ളിക്കുന്നു. സൂര്യാഘാതമേറ്റ് ഇന്നലെ മരിച്ചതു മൂന്നുപേര്‍. വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന മൂന്നു വയസുകാരിയടക്കം ഏഴു പേര്‍ക്കു പൊള്ളലേറ്റു. ശരാശരിയിലും കവിഞ്ഞ ചൂട് രണ്ടു ദിവസം കൂടി തുടരുമെന്നും സൂര്യാഘാതത്തിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ താപനില ഇന്നും നാളെയും ശരാശരിയിലും നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.


തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മൂന്നു ഡിഗ്രി വരെ ചൂടു കൂടും. അടുത്ത 48 മണിക്കൂറില്‍ സംസ്ഥാനമാകെ താപനില ഉയരും. പത്തു ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശവും മറ്റിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റി സൂര്യാഘാതസാധ്യതാ മുന്നറിയിപ്പും സുരക്ഷാമുന്നറിയിപ്പും അവര്‍ത്തിച്ചൂ. പകല്‍ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം.


നിര്‍ജലീകരണം ഒഴിവാക്കാനായി വെള്ളം എപ്പോഴും െകെവശം കരുതുകയും കുടിക്കുകയും ചെയ്യുക. ശുദ്ധജലം െകെവശം കരുതുന്നത് െടെഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. പകല്‍ കാപ്പിയും ചായയും ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. പരീക്ഷക്കാലമായതിനാല്‍ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധവേണം. തൊഴിലാളികള്‍ക്കു സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്ത് തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും സൂര്യാഘാതത്തിനെതിരേ ജാഗ്രത പാലിക്കണം.


വേനല്‍ മഴ ശരാശരിയിലും വളരെയേറെ കുറഞ്ഞതോടെഭൂര്‍ഗര്‍ഭജലത്തിന്റെ അളവ് ദിനംപ്രതി ഗണ്യമായി കുറയുകയാണ്. നദികളും കുളങ്ങളുമടക്കമുള്ള ജലസ്രോതസുകള്‍ വറ്റിവരണ്ടതോടെ ഉപേക്ഷിക്കപ്പെട്ട പാറമടകളെ ജലസ്രോതസായി വിനിയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. മടകളിലെ വെള്ളത്തിന്റെ നിലവാരവും അളവും കണക്കാക്കണം. അവിടെനിന്നു ടാങ്കറുകളില്‍ ആവശ്യമായ സ്ഥലങ്ങളില്‍ എത്തിക്കണം. കുടിവെള്ള ടാങ്കറുകളുടെ ശുചിത്വം ഉറപ്പാക്കണം.


സൂര്യാഘാതമെന്നാല്‍...


അന്തരീക്ഷത്തിന്റെ ചൂട് ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലാകും. ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്കു പോകുന്നതു തടസപ്പെടുന്നത് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളെയും തകരാറിലാക്കും. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട് ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ തുടങ്ങിയവയും അബോധാവസ്ഥയും ഉണ്ടായേക്കാം. ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K