03 March, 2019 04:41:36 PM
സീറ്റ് നിലപാടില്‍ വിട്ടുവീഴ്ചയില്ലാതെ മാണിയും ജോസഫും; കേരളകോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്ക്?
കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് കേരള കോണ്‍ഗ്രസ്. മത്സരിക്കണമെന്ന് പിജെ ജോസഫ് പരസ്യമായി പ്രഖ്യാപിച്ചതോടെ യുഡിഎഫിന്‍റെ സീറ്റ് വിഭജന ചര്‍ച്ച എറണാകുളത്ത് ആരംഭിച്ചു. കോട്ടയം, ഇടിക്കി, ചാലക്കുടി എന്നീ മണ്ഡലങ്ങളില്‍ ഒന്ന് കിട്ടിയാല്‍ മത്സരിക്കുമെന്നാണ് പിജെ ജോസഫിന്‍റെ നിലപാട്. കൂടുതല്‍ സീറ്റിനായി കെ എം മാണിയും പി ജെ ജോസഫും വാദിക്കുന്നുണ്ടെങ്കിലും കേരള കോണ്‍ഗ്രസിന് ആകെ ഒരു സീറ്റേ നല്‍കാനാകു എന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
ഒരു സീറ്റ് മാത്രമാണെങ്കില്‍ ആരാവും മത്സരിക്കുകയെന്ന തര്‍ക്കമാണ് കേരള കോണ്‍ഗ്രസില്‍ ഇപ്പോഴുള്ളത്. ജോസഫ് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മാണി തയ്യാറല്ല. ഇരുവിഭാഗവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ച് നിന്നാല്‍ കേരള കോണ്‍ഗ്രസ് വീണ്ടും പിളരും. അത് കൊണ്ടു തന്നെ കേരളാ കോണ്‍ഗ്രസുമായുള്ള യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നിലപാടാകും ഏറെ ശ്രദ്ധേയം. പി ജെ ജോസഫിനെയും മാണിയെയും കോണ്‍ഗ്രസിന് പിണക്കാനാവില്ല. ഒരു സീറ്റില്‍ കൂടുതല്‍ കേരള കോണ്‍ഗ്രസിന് നല്‍കാനും കോണ്‍ഗ്രസ് തയ്യാറല്ല.
പിജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ മാണി അറിയിച്ചിരുന്നു. അങ്ങനെയെങ്കില്‍ ലഭിക്കുന്ന ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസില്‍ നിന്നും ജോസഫിന് കൂടി സ്വീകാര്യനായ വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കാനാവും നീക്കം. കോട്ടയത്ത് മത്സരിക്കാന്‍ ഇതിനകം തന്നെ സന്നദ്ധരായി മൂന്നോ നാലോ നേതാക്കള്‍ മാണി വിഭാഗത്തില്‍ നിന്ന് തന്നെ മുന്നോട്ട് വന്നിട്ടുണ്ട്. ലഭിക്കുന്ന സീറ്റില്‍ ആര് മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല