27 February, 2019 01:05:43 PM
കേരളാ പൊലീസില്‍ വന്‍ ഘടനാ മാറ്റം; റെയ്‍ഞ്ചുകളുടെ തലപ്പത്ത് ഇനി ഡിഐജിമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഘടനയിൽ മാറ്റം വരുത്തി സർക്കാർ. ഇതിന്‍റെ ഭാഗമായി പൊലീസ് മേധാവിക്കു കീഴിൽ ക്രമസമാധാന ചുമതലയ്ക്ക് മാത്രമായി ഓപ്പറേഷൻ എഡിജിപിയെന്ന പുതിയ തസ്തികയുണ്ടാക്കി. പൊലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കണമെന്ന ഡിജിപിയുടെ ശുപാർശ മന്ത്രിസഭാ പരിഗണിച്ചില്ല. വി എസ് അച്യുതാനന്ദൻ സർക്കാർ പൊലീസ് ഘടനയിൽ കൊണ്ടുവന്ന മാറ്റമാണ് പിണറായി സർക്കാർ തിരുത്തിയത്.
ഇതുവരെ ക്രമസമാധാന ചുമതല ഉത്തര - ദക്ഷിണ മേഖലകളായി വിഭജിച്ച് രണ്ട് എഡിജിപിമാർക്കായിരുന്നു. ഇതുമാറ്റി ഓപ്പറേഷൻ എഡിജിപിയെന്ന തസ്തികയിൽ ഒരു ഉദ്യോഗസ്ഥന് മാത്രമായിരക്കും ഇനി ക്രമസമാധാന ചുമതല. ഇതിന് താഴെ രണ്ടു മേഖലകളുടെ ചുമതല ഐജിമാർക്ക് നൽകും. ഐജിമാർക്കുണ്ടായിരുന്ന തിരുവനന്തപുരം, കൊച്ചി, തൃശൂർ, കണ്ണൂർ റെയ്ഞ്ചുകളുടെ ചുമതല ഡിഐജിമാർക്കും നൽകാനാണ് തീരുമാനം. ഇതോടെ ക്രമസമധാന ചുമതലയിൽ ഒരു എഡിജിപി തസ്തികയും രണ്ട് ഐജി തസ്തികയും ഇല്ലാതായി.