24 February, 2019 12:16:57 PM


കാസർകോട് നവോദയ വിദ്യാലയ വിദ്യാർഥികൾക്ക് എച്ച്1എൻ1 ബാധ; 72 കുട്ടികൾ ചികിത്സയില്‍



കാസർകോട്: പെരിയയിലെ ജവഹർ നവോദയ വിദ്യാലയത്തിൽ വിദ്യാർഥികൾക്ക് എച്ച്1എൻ1 ബാധ. 72 കുട്ടികൾക്കാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇതിൽ അഞ്ച് പേർക്ക് പനി സ്ഥിരീകരിച്ചു. ഇത്രയധികം കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റാൻ അസൗകര്യമുള്ളതിനാൽ സ്കൂളിൽത്തന്നെ പ്രത്യേക വാർഡ് തുറന്ന് ചികിത്സ നടത്തുകയാണ് ആരോഗ്യവകുപ്പ്. പനി ഗുരുതരമായ രണ്ട് കുട്ടികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നാല് കുട്ടികൾ വീട്ടിലേക്ക് ചികിത്സ തേടിപ്പോയി.

അഞ്ച് കുട്ടികളുടെ രക്തസാമ്പിളുകൾ മണിപ്പാൽ ആശുപത്രിയിലേക്ക് അയച്ച് പരിശോധിപ്പിച്ചിരുന്നു. ഇതിൽ അഞ്ച് എണ്ണം എച്ച്1എൻ1 പോസിറ്റീവ് ആയി കണ്ടെത്തി. ഇതോടെയാണ് രോഗലക്ഷണങ്ങൾ കണ്ട 67 കുട്ടികളെ പ്രത്യേകം ചികിത്സിക്കാൻ തീരുമാനിച്ചത്. ആശുപത്രിയിലേക്ക് മാറ്റാതെ സ്കൂളിൽത്തന്നെ ചികിത്സ നൽകാനായിരുന്നു തീരുമാനം. അതിനായി എല്ലാ സൗകര്യങ്ങളും സ്കൂളിലെത്തിച്ചു. 

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഐസൊലേഷൻ വാർഡുകളാണ് തുറന്നിരിക്കുന്നത്. 37 ആൺകുട്ടികൾക്കും 30 പെൺകുട്ടികൾക്കുമാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയിരിക്കുന്നത്. എച്ച്1എൻ1 ബാധയുടെ ഉറവിടം എന്താണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. 

ആകെ 550 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതിൽ 520 കുട്ടികളും ക്യാംപസിൽത്തന്നെയാണ് താമസിക്കുന്നത്. ടീച്ചർമാരുൾപ്പടെയുള്ള സ്റ്റാഫ് ഉദ്യോഗസ്ഥരും കുടുംബങ്ങളുമായി 200 പേർ ഉണ്ട്. ഈ സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. കൂടുതൽ പേരിലേക്ക് പനി പടരാതിരിക്കാൻ കർശനമായ നിർദേശം നൽകിയിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K