15 February, 2019 03:32:51 PM
നാട്ടറിവുകള്‍ ശാസ്ത്രീയമായി പ്രയോജനപ്പെടുത്താന്‍ ആയുഷ് കോണ്‍ക്ലേവ് വഴിയൊരുക്കും: മന്ത്രി കെ.കെ ശൈലജ
അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ്: എല്‍എസ്ജി ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: നാട്ടറിവുകള്‍ ശാസ്ത്രീയമായി പ്രയോജനപ്പെടുത്താന്‍ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിലൂടെ സാധ്യമാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിനോട് അനുബന്ധിച്ച് ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന എല്‍എസ്ജി ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പരമ്പരാഗത ചികിത്സാ രീതികള്‍ പൊതുജനത്തിന് ഉപകാരപ്പെടുന്ന രീതിയില്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുകയാണ് ആയുഷ് കോണ്‍ക്ലേവിന്റെ ലക്ഷ്യം. ഇതിന് ആയുഷ് വകുപ്പിന്റെ സാധ്യത പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ആരോഗ്യ പരിപാലന രംഗത്ത് ആയുഷ് വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നതിന്റെ ഫലമാണ് കേരളത്തില്‍ രൂപപ്പെട്ട നൂതന ചികിത്സ രീതികളെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആയുര്‍വേദ ഗ്രാമമാക്കി മാറ്റുവാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ആശുപത്രി സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പുതിയതായി പത്ത് ഹോമിയോ ആശുപത്രികള്‍ സ്ഥാപിച്ചു. ഭാവിയില്‍ മറ്റു പഞ്ചായത്തുകളിലും പൂര്‍ണമായും ഹോമിയോ ചികിത്സ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. യോഗ നാച്ചുറോപ്പതി ഇന്‍സ്റ്റിറ്റ്യൂട്ട്, യുനാനി ഇന്‍സ്റ്റിറ്റ്യൂട്ട്, ആയുര്‍വേദ സ്‌പോര്‍ട്ട് ഹോസ്പിറ്റല്‍ എന്നിവ കേരളത്തിന്റെ പ്രധാന നേട്ടങ്ങളാണ്. കണ്ണൂര്‍ എയര്‍പോര്‍ട്ടിന് സമീപം ഇന്റര്‍നാഷണല്‍ ആയുവേര്‍ദ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ആയുര്‍വേദ ഗവേഷണ സ്ഥാപനം യാഥാര്‍ത്ഥമാകുന്നതോടെ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ വന്‍ മാറ്റങ്ങളുണ്ടാകും.
ആരോഗ്യരംഗത്ത് ലോകത്തിന് മാതൃകയാണ് കേരളമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.കെ മധു പറഞ്ഞു. ആരോഗ്യ പരിപാലന രംഗത്ത് പ്രാദേശിക ഭരണകൂടത്തിന്റെ പങ്ക് പ്രശംസനീയമാണ്. നൂതന ചികിത്സാരീതികള്‍ അംഗീകരിക്കപ്പെടാനും പൊതുജനത്തിന് ഉപയോഗപ്പെടുന്ന രീതിയില്‍ പ്രാവര്‍ത്തികമാക്കാനും അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന് കഴിയും. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി നടപ്പാക്കിയ സ്‌നേഹധാര പദ്ധതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിക്കിട്ടിയ ആരോഗ്യമേഖലയിലെ സ്ഥാപനങ്ങള്‍ വളരെ നന്നായി പരിപാലിക്കാന്‍ തേേദ്ദശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആയുഷ് കോണ്‍ക്ലേവിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പുസ്തകത്തിന്റെ ആദ്യ പ്രതി മന്ത്രി കെ.കെ ശൈലജ വി.കെ മധുവിന് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ ആരോഗ്യ, ആയുഷ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍.ഖോബ്രഗഡെ, നാഷണല്‍ ആയുഷ് മിഷന്‍ സംസ്ഥാന ഡയറക്ടര്‍ കേശേവന്ദ്രകുമാര്‍, നാഷണല്‍ ആയുഷ് മിഷന്‍ സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. സുഭാഷ് എം, സംസ്ഥാന പ്രോഗ്രാം മാനേജര്‍ (ഹോമിയോപ്പതി) ഡോ. ആര്‍.ജയനാരായണന്‍, തൃശൂര്‍ മേയര്‍ അജിത വിജയന്‍, എല്‍എസ്ജിഡി അഡീഷണല്‍ ചീഫ് സെക്രട്ടറി റ്റി.കെ ജോസ്, ഇന്‍ഡ്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ ഡയറക്ടര്‍ ഡോ. അനിത ജേക്കബ്, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.സി. ഉഷാകുമാരി, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. ജമുന കെ, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ രാമചന്ദ്രന്‍,പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ ഡോ.ബി.എസ് തിരുമേനി, ഹോമിയോപ്പതി മെഡിക്കല്‍ എഡ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ ആന്‍ഡ് കണ്‍ട്രോളിംഗ് ഓഫീസര്‍ ഡോ. സുനില്‍രാജ്,അര്‍ബന്‍ അഫയര്‍ ഡയറക്ടര്‍ റ്റി.ആര്‍.ഗിരിജ, കില ഡയറക്ടര്‍ ഡോ. ജോയ് എലമോന്‍ എന്നിവര്‍ സംസാരിച്ചു. എല്‍എസ്ജി ലീഡേഴ്‌സ് മീറ്റ് ചെയര്‍മാന്‍ കെ.അന്‍സലന്‍ എംഎല്‍എ സ്വാഗതവും ഡിഎംഒ ഡോ. ലീന റാണി നന്ദിയും പറഞ്ഞു.