11 February, 2019 07:56:52 PM
ചിക്കന്‍പോക്‌സ് പടരുന്നു; രോഗബാധിതര്‍ കൂടുതലുള്ള സ്‌കൂളുകള്‍ക്ക് അവധി നല്‍കണമെന്ന് നിര്‍ദ്ദേശം
കോട്ടയം: പകല്‍ ചൂട് കനത്തതോടെ സംസ്ഥാനത്ത് ചിക്കന്‍പോക്‌സ് വ്യാപകമായി പടരുന്നു. നൂറുകണക്കിനുപേരാണ് ചിക്കന്‍പോക്‌സ് ബാധിച്ചു ദിവസേന ചികിത്സ തേടുന്നത്. ആശുപത്രികളില്‍ ചികിത്സ തേടാതെ സ്വയം ചികിത്സ നടത്തുന്നവരും ഏറെയാണ്. ജനുവരിയായതോടെ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ മാത്രം ഒരു ദിവസം 15 പേര്‍ വരെ രോഗം ബാധിച്ച് ചികിത്സ തേടുന്നുണ്ടെന്നാണ് ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
വിദ്യാര്‍ത്ഥികളില്‍ കൂടുതലായി ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചങ്ങനാശ്ശേരിയിലേത് ഉള്‍പ്പെടെ ചില സ്‌കൂളുകള്‍ക്ക് ഒരാഴ്ച വരെ അവധി നല്‍കുവാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. കോട്ടയത്ത് ഒരു സ്‌കൂളില്‍ ഏതാനും ക്ലാസുകള്‍ക്ക് ഒരാഴ്ച അവധി നല്‍കി. ചൂട് കൂടിയ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിരുന്നു. എന്നാല്‍ ജനുവരിക്ക് ശേഷമാണ് കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്നതായി കണ്ടെത്തിയത്.
രോഗവും ലക്ഷണവും ചികിത്സയും ചൂടു കൂടുമ്പോഴുണ്ടാകുന്ന അനുകൂല സാഹചര്യം മുതലെടുക്കുന്ന 'വാരിസെല്ല സോസ്റ്റര്‍' എന്ന വൈറസ് പരത്തുന്ന രോഗമാണ് ചിക്കന്‍ പോക്‌സ്. വായുവിലൂടെയാണ് ഈ വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. ശരീരത്തില്‍ പ്രവേശിച്ചാല്‍ 14-15 ദിവസം കഴിഞ്ഞാല്‍ കുമിളകള്‍ വരുന്നത് ഉള്‍പ്പെടെ ലക്ഷണങ്ങള്‍ പ്രകടമാകും. കടുത്ത ശരീരവേദന, തളര്‍ച്ച, തലവേദന എന്നിവയും ഇതോടൊപ്പം ഉണ്ടാകും. ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുംമുമ്പുതന്നെ വൈറസ് മറ്റുള്ളവരിലേക്ക് പകരും.
രോഗലക്ഷണം പ്രകടമാകുന്നതിന് രണ്ടാഴ്ചയോളം എടുക്കുന്നതിനാലാണ് രോഗം മാറുന്ന സമയത്താണ് മറ്റുള്ളവരിലേക്ക് പകരുന്നതെന്ന തെറ്റിദ്ധാരണയുണ്ടാകുന്നത്. രോഗപ്രതിരോധത്തിന് ഇതുവരെ പ്രത്യേകിച്ച് മരുന്നില്ലെന്നും അസുഖം വന്നതിന് ശേഷമുള്ള ചികിത്സ മാത്രമാണ് ഇപ്പോള്‍ ലഭ്യമായതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗീസ് പറഞ്ഞു. പൂര്‍ണവിശ്രമമാണ് രോഗികള്‍ക്ക് നിര്‍ദേശിക്കുന്നത്. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കലാണ് രോഗം വരാതിരിക്കാനുള്ള പ്രധാന മുന്‍കരുതല്‍. ഹോസ്റ്റല്‍, ഓഫീസ് എന്നിവിടങ്ങളില്‍നിന്നാണ് രോഗം പടരാനുള്ള സാധ്യത കൂടുതല്‍.
ഒരു തവണ ചിക്കന്‍പോക്‌സ് വന്നവരില്‍ വീണ്ടും വരാനുള്ള സാധ്യത വിരളമാണ്. ചിക്കന്‍പോക്‌സ് വൈറസിനെതിരെ പ്രതിരോധശേഷി കൈവരിക്കുന്നതിനാലാണിത്. സാധാരണഗതിയില്‍ രണ്ടാഴ്ചക്കകം രോഗം പൂര്‍ണമായി ഭേദമാകും. രോഗം ബാധിച്ചയാളില്‍ പ്രതിരോധശേഷി കുറയുന്നതിനാല്‍ വേണ്ട രീതിയുള്ള ചികിത്സ ലഭിക്കാതെ വന്നാല്‍ ന്യൂമോണിയ, ശ്വാസകോശത്തില്‍ അണുബാധ സങ്കീര്‍ണമായ അവസ്ഥയുമുണ്ടാകും. പൊതുവേ പ്രതിരോധശേഷി കുറഞ്ഞിരിക്കുമെന്നതിനാല്‍ ഗര്‍ഭിണികള്‍, എയ്ഡ്സ് - പ്രമേഹരോഗികള്‍, നവജാത ശിശുക്കള്‍, അര്‍ബുദം ബാധിച്ചവര്‍ തുടങ്ങിയവര്‍ ഈ രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ പറയുന്നു.