07 January, 2019 12:44:40 AM
നഗരസഭാ അംഗങ്ങളുടെ തൊഴുത്തില്‍കുത്ത്: ഏറ്റുമാനൂരില്‍ മുടങ്ങിപോയ പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റിന് പുതുജീവന്‍
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയില്‍ അംഗങ്ങളുടെ തൊഴുത്തില്‍ കുത്തിനെ തുടര്‍ന്ന് റദ്ദായി പോയ പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റിന് പുതുജീവന്‍. ആരോഗ്യസ്ഥിരംസമിതിയുടെ സ്വപ്നപദ്ധതികളില്‍ ഒന്നായ പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റിന് 20 ലക്ഷം രൂപാ 2017 - 18 വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിരുന്നുവെങ്കിലും പദ്ധതി നടപ്പിലായില്ല. മത്സ്യമാര്‍ക്കറ്റിനടുത്ത് യൂണിറ്റ് സ്ഥാപിക്കുന്നതിനെതിരെ അംഗങ്ങള്‍ തന്നെ രംഗത്ത് വന്നതോടെയാണ് പദ്ധതി നീണ്ടുപോയത്.
പ്ലാസ്റ്റിക് ശേഖരണത്തിനായി 70 അംഗ ഹരിതകര്‍മ്മസേനയും ഇതിനിടെ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. എന്നാല്‍ പ്ലാന്‍ ഫണ്ടില്‍ ഉള്‍കൊള്ളിച്ചിരുന്ന ഷ്രഡിംഗ് യൂണിറ്റ് 2018-19 വര്‍ഷത്തേക്ക് മാറ്റിയപ്പോള്‍ തുക പുതുക്കി വെക്കാന്‍ അധികൃതര്‍ തയ്യാറായില്ല. പഴയ പദ്ധതിവിഹിതത്തിലായതുകൊണ്ട് ഷ്രഡിംഗ് യൂണിറ്റ് നിര്‍മ്മാണം അനിശ്ചിതത്വത്തിലാകുകയും ചെയ്തു. ഇതോടെ പദ്ധതി നടക്കില്ലെന്നും പ്ലാസ്റ്റിക് സംഭരണം പാളുമെന്നും ഒരു വിഭാഗം അംഗങ്ങള്‍തന്നെ പ്രചരിപ്പിച്ചത് നാട്ടുകാരുടെയിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും കാരണമായി.
പദ്ധതി പാളുമെന്ന അവസ്ഥ സംജാതമായതോടെ ആരോഗ്യകാര്യ സ്ഥിരം സമിതി ശുചിത്വമിഷനുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് 40 ലക്ഷം രൂപ ശുചിത്വമിഷന്‍ അനുവദിച്ചു. ഇതില്‍ 25 ലക്ഷം രൂപ ഷ്രഡിംഗ് യൂണിറ്റിന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. 15 ലക്ഷം കെട്ടിടനിര്‍മ്മാണത്തിനും 10 ലക്ഷം യന്ത്രസാമഗ്രികള്‍ക്കുമായി. ഈ മാര്‍ച്ചിന് മുമ്പ് പണി പൂര്‍ത്തീകരിക്കാനായി ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസ് പറഞ്ഞു.
നഗരത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുവാന്‍ 'മിനി റിക്കവര്‍ കളക്ഷന്‍ സെന്‍റര്‍' എന്ന പേരില്‍ ബോട്ടില്‍ ഹട്ടുകളും ഉടന്‍ സ്ഥാപിക്കും. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റ്, നഗരസഭാ ആസ്ഥാനം, പേരൂര്‍കവല, മഹാദേവക്ഷേത്രം, സെന്‍ട്രല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് ആദ്യം ഇവ സ്ഥാപിക്കുക. ചില്ലുകൊണ്ട് പണിയുന്ന ഇവയുടെ നിര്‍മ്മാണചെലവായി കണക്കാക്കുന്നത് അഞ്ച് ലക്ഷം രൂപയാണ്.
നഗരസഭ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്‍റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനായി മൂടികെട്ടിയ വാന്‍ മേടിക്കും. നഗരസഭാ പരിധിയിലെ പത്തോളം വരുന്ന വിവിധ സര്‍ക്കാര്‍ - എയ്ഡഡ് സ്കൂളുകളില്‍ ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിക്കുന്ന നടപടിയും പരിഗണനയിലാണ്. 15 ലക്ഷം രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. തുമ്പൂര്‍മൂഴി മോഡല്‍ മാലിന്യസംസ്കരണകേന്ദ്രങ്ങളുടെ നര്‍മ്മാണവും താമസിയാതെ തന്നെ നടക്കും. വീടുകളിലെ മാലിന്യം ഉറവിടങ്ങളില്‍ സംസ്കരിക്കുന്നതിന് റിംഗ് കമ്പോസ്റ്റുകള്‍ ഒരു മാസത്തിനുള്ളില്‍ തന്നെ വിതരണം ചെയ്തു തുടങ്ങും.