14 August, 2025 08:16:28 PM


ഒരു പഞ്ചായത്തിൽ ഒരു കളിക്കളം രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത് കേരളത്തിൽ- വി.അബ്ദുറഹ്‌മാൻ



കോട്ടയം: രാജ്യത്ത് ആദ്യമായി ഒരു പഞ്ചായത്തിൽ ഒരു കളിക്കളം നിർമിക്കുകയെന്ന പദ്ധതി നടപ്പാക്കിയത് കേരളത്തിലാണെന്ന് കായിക- ന്യൂനക്ഷേമം- വഖഫ് - ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിലുൾപ്പെടുത്തി കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ കളിക്കളത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ കായിക മേലയിൽ നിരവധി നൂതന പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. രാജ്യത്ത്  ആദ്യമായിട്ട് ഒരു കായിക നയം രൂപീകരിച്ചത് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.

കേരള സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ മികവു പുലർത്തിയ തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിലെ  ഫുട്ബോൾ താരങ്ങളെ മന്ത്രി മെഡൽ നൽകി അനുമോദിച്ചു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മത്തായി മാത്യു, ജില്ലാ പഞ്ചായത്തംഗം നിർമ്മലാ ജിമ്മി, കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ്മോൾ റോബർട്ട്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജീന സിറിയക്, സിൻസി മാത്യു, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആൻസി സഖറിയാസ്, ബിൻസി സാവിയോ, സച്ചിൻ സദാശിവൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ത്രേസ്യമ്മ സെബാസ്റ്റ്യൻ, ജാൻസി ജോർജ്, ശശിധരൻ നായർ, ജോസ് കൊടിയംപുരയിടം, ബീന തോമസ്, പ്രവീൺ പ്രഭാകർ, ലളിത മോഹനൻ, ഷിബു പോതമാക്കിയിൽ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ബൈജു വർഗീസ് ഗുരുക്കൾ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി മായാദേവി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എസ്. ഷൈനി, കുടുംബശ്രീ ചെയർപേഴ്സൺ ഷഹന ജയേഷ്, സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എസ്. മനോജ്, രൂപരേഖ പ്രസിഡന്റ് ബേബി ജോൺ വെട്ടിക്കാക്കുഴി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.എം. ജോസഫ്, ബേബി കുടിയിരുപ്പിൽ, മാത്യു കുളിരാനി, ഇ.കെ. ഭാസി, തോമസ് ആൽബർട്ട്, ടി.കെ. മോഹനൻ തേക്കടയിൽ, എസ്.കെ. ജോയ് എന്നിവർ പങ്കെടുത്തു.

കാഞ്ഞിരപ്പാറ ഭാഗത്തു പഞ്ചായത്തു വിട്ടുനൽകിയ ഒരേക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമിക്കുന്നത്. കായികക്ഷേമ വകുപ്പ് അനുവദിച്ച 50 ലക്ഷം രൂപയും എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നനുവദിച്ച 50 ലക്ഷം രൂപയും ഇതിനായി വിനിയോഗിക്കും. ഒരു ഫുട്ബോൾ സ്റ്റേഡിയം, വോളിബോൾ കോർട്ട്, രണ്ട് ബാഡ്മിന്റൺ കോർട്ടുകൾ എന്നിവയാണു നിർമിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939