• തിരുവനന്തപുരം: മലയാള സിനിമയിൽ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയയായ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആരോ​ഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്

    മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഒട്ടേറെ ഭാഷകളിലും അഭിനയിച്ചു. നടി താരകല്യാണിന്റെ അമ്മയും സോഷ്യൽ മീഡിയ താരം സൗഭാഗ്യ വെങ്കിടേഷിന്റെ മുത്തശ്ശിയുമാണ് സുബ്ബലക്ഷ്മി. കല്യാണരാമനിലെ മുത്തശിയായി എത്തി ആരാധക പ്രീതി നേടിയ സുബ്ബലക്ഷ്മി ഒട്ടേറെ പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു.  നന്ദനം (2002), കല്യാണരാമൻ (2002), പാണ്ടിപ്പട (2005), എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അവർ ശ്രദ്ധിക്കപ്പെട്ടു .

    സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ്, ജവഹർ ബാലഭവനിൽ സംഗീത നൃത്ത അധ്യാപികയായിരുന്നു. 1951 മുതൽ ആകാശവാണിയിൽ പ്രവർത്തിച്ചു. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആകാശവാണിയുടെ ആദ്യ വനിതാ കംപോസർ എന്ന നിലയിൽ അവർ ശ്രദ്ധേയയാണ്. നിരവധി സംഗീതകച്ചേരികൾ ചെയ്തിട്ടുണ്ട്. കൂടാതെ ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്.


  • വാഷിങ്ടണ്‍: നൊബേല്‍ സമ്മാന ജേതാവും അമേരിക്കന്‍ മുന്‍ സേറ്റ് സെക്രട്ടറിയുമായ ഹെന്‍റി കിസിന്‍ജര്‍ അന്തരിച്ചു. 100 വയസായിരുന്നു. ഇന്നലെ സ്വവസതിയിലായിരുന്നു അന്ത്യം. വിയയ്റ്റാനം യുദ്ധം അവസാനിപ്പിച്ച പാരീസ് ഉടമ്പടിരൂപം നല്‍കുന്നവരില്‍ ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയായിരുന്നു ഹെന്‍റി. 1973ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം സ്വന്തമാക്കിയിരുന്നു.

    നയതന്ത്രജ്ഞന്‍, രാഷ്ട്രീയക്കാരന്‍, രാഷ്ട്രീയ തത്വചിന്തകന്‍ എന്നിങ്ങനെ വിവിധ തലങ്ങളിൽ സുപ്രധാന സംഭാവനകൾ നൽകിയ കിസിജ്ഞർ, അമേരിക്കയുടെ ശീതയുദ്ധകാലതന്ത്രങ്ങളുടെ ശിൽപിയെന്നാണ് അറിയപ്പെടുന്നത്. 1969 മുതല്‍ 1977 വരെയായിരുന്നു ഓദ്യോഗിക പ്രവര്‍ത്തനകാലം. വിയറ്റ്നാം യുദ്ധം മുതല്‍ ബംഗ്ലാദേശിന്‍റെ വിമോചനയുദ്ധം വരെ എല്ലായിടത്തും കിസിൻജറിന് പങ്കുണ്ടായിരുന്നു.

    രണ്ട് അമേരിക്കന്‍ പ്രസിഡന്‍റുമാരുടെ കാലത്ത് സ്റ്റേറ്റ് സെക്രട്ടറിയായി ഹെന്‍റി കിസിന്‍ജര്‍ പ്രവര്‍ത്തിച്ചിരുന്നു. നൂറാം വയസിലും രാഷട്രീയരംഗത്തും മറ്റും നിറസാന്നിധ്യമായിരുന്നു ഹെന്‍റി. ഉത്തര കൊറിയ ഉയര്‍ത്തുന്ന ആണവ ഭീഷണിയെക്കുറിച്ച് അമേരിക്കന്‍ സെനറ്റിന് മുന്‍പാകെ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂലായില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.


  • ഏറ്റുമാനൂര്‍: റിട്ടയേഡ് അധ്യാപകൻ മേടയില്‍ കേശവന്‍‌ നായര്‍ (92) അന്തരിച്ചു. കുമാരനല്ലൂര്‍ പുലിപ്രയില്‍ കുടുംബാംഗമാണ്. കൈപ്പുഴ സെന്‍റ് ജോർജ് ഹൈസ്കൂൾ, പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ, ഉഴവൂർ ഒ.എൽ.എൽ. ഹൈസ്കൂൾ, കോട്ടയം എസ് എച്ച് മൗണ്ട് ഹൈസ്കൂൾ, ചിങ്ങവനം സെന്‍റ് തോമസ് ഹൈസ്കൂൾ, ഏറ്റുമാനൂർ മംഗളം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, തെള്ളകം ഹോളി ക്രോസ് ഹൈസ്കൂൾ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: മേടയിൽ വിജയമ്മ   (സീനിയർ സൂപ്പർവൈസർ, ടെലികോം). മക്കൾ: ബിന്ദു. കെ (എൻജിനീയർ, വി എസ് എസ് സി, തിരുവനന്തപുരം), ബിനി. കെ (പോസ്റ്റ്മിസ്ട്രസ്, കൂനമ്മാവ്), ബിജി കെ  (അദ്ധ്യാപിക, കരുവാറ്റ എൻഎസ്എസ് ഹയർസെക്കണ്ടറി സ്കൂൾ), മരുമക്കൾ: സുരേഷ് പി (എൻജിനീയർ, വി എസ് എസ് സി, തിരുവനന്തപുരം), രാജീവ് ബി (മാനേജർ, കോട്ടക് മഹീന്ദ്ര ബാങ്ക്, പാലാരിവട്ടം), ഡോ. വിനോദ്. ബി (പ്രൊഫസർ, സെന്‍റ് ജോസഫ് ഫാർമസി കോളേജ്, ചേർത്തല). സംസ്കാരം നാളെ പകല്‍ രണ്ടു മണിക്ക് ഏറ്റുമാനൂർ പേരൂർ റോഡിലുള്ള എൻഎസ്എസ് കരയോഗം ശാന്തിനിലയത്തിൽ. 



  • കൊല്ലം: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്ലിം വിഭാഗത്തിൽ നിന്നുള ആദ്യ ഗവർണർ കൂടിയായിരുന്നു ഫാത്തിമ ബീവി. തമിഴ്നാട് ഗവര്‍ണറായിരുന്നു. പിന്നാക്ക വിഭാഗ കമ്മീഷൻ ആദ്യ അധ്യക്ഷ, പ്രഥമ കേന്ദ്ര മനുഷ്യാവകാശ കമ്മീഷനംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

    1950 നവംബര്‍ 14-നാണ് ഫാത്തിമ ബീവി അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1958 മെയ് മാസം സബോഡിനേറ്റ് മുന്‍സിഫായി നിയമിതയായി. 1968-ല്‍ സബ് ഓര്‍ഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് 1972-ല്‍ ചീഫ് ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് ആയും 1974-ല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആയി. 1980 ജനുവരിയില്‍ ഇന്‍കംടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണലില്‍ ജുഡീഷ്യല്‍ അംഗമായി.

    1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1984-ല്‍ തന്നെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമനം ലഭിച്ചു. 1989 ഏപ്രില്‍ 29-ന് ഹൈക്കോടതിയില്‍ നിന്നും വിരമിച്ചെങ്കിലും 1989 ഒക്ടോബര്‍ 6-ന് സുപ്രീം കോടതിയില്‍ ജഡ്ജിയായി നിമനം ലഭിച്ചു. 1992 ഏപ്രില്‍ 29-നാണ് വിരമിച്ചത്.


  • കൊച്ചി: ജനപ്രിയ നോവലിസ്റ്റും തിരക്കഥാകൃത്തും സഹസംവിധായകനുമായിരുന്ന എൻ കെ ശശിധരൻ(68) അന്തരിച്ചു. രൗദ്രം, മര്‍മ്മരങ്ങള്‍, കോക്കസ്, ഡര്‍ട്ടിഡസന്‍, അഗ്നിമുഖം, എക്‌സ്‌പ്ലോഡ്, മന്ത്രകോടി, ഡസ്റ്റിനേഷന്‍, ആസുരം, യുദ്ധകാണ്ഡം, അങ്കം, ചിലന്തി, ഞാന്‍ സൂര്യപുത്രന്‍ തുടങ്ങി അനവധി നോവലുകളുടെ രചയിതാവാണ്. 14 വർഷത്തോളം സിനിമ-സീരിയൽ രംഗത്ത് സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

    1955 നവംബര്‍ ഇരുപത്തിയഞ്ചിന് കൊടുങ്ങല്ലൂരില്‍ എന്‍ കെ സരോജിനി അമ്മയുടെയും ടി ജി നാരായണപ്പണിക്കരുടെയും മകനായാണ് ജനനം. 'രാജപരമ്പര'യാണ് സഹസംവിധായകനായ ആദ്യ ചിത്രം. 'ചുവന്ന അങ്കി', 'അഗ്‌നിശലഭങ്ങള്‍' എന്നീ ചിത്രങ്ങള്‍ക്ക്‌ തിരുക്കഥയും സംഭാഷണവും 'ചക്രവര്‍ത്തി' എന്ന ചിത്രത്തിന്‌ സംഭാഷണവുമെഴുതി. ആകാശവാണി തൃശൂര്‍-കോഴിക്കോട്‌ നിലയങ്ങള്‍ അദ്ദേഹത്തിന്‍റെ നാടകങ്ങള്‍ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌. കര്‍ഫ്യൂ എന്ന കൃതി ചലച്ചിത്രമായിരുന്നു. 2020ൽ പ്രസിദ്ധീകരിച്ച അഗ്നി കിരീടമാണ് അവസാന നോവൽ.


  • കൊല്ലം: കരുനാഗപ്പള്ളി മുൻ എംഎൽഎ ആർ രാമചന്ദ്രൻ അന്തരിച്ചു. ഇന്നു പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തിന് ദീർഘനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥിയായിരുന്നു. ദീർഘകാലം സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. സിപിഐ സ്റ്റേറ്റ് കൗൺസിൽ അംഗമാണ്.

    സംസ്കാരം നാളെ കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം കൊല്ലം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിക്കും. സിപിഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ചവറ, കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസുകളിലും വീട്ടിലും ഇന്ന് പൊതുദർശനം ഉണ്ടാകും.


  • കൊച്ചി: ആലുവ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു. 36 വയസ്സായിരുന്നു. മജ്ജ മാറ്റിവെക്കൽ ശസ്ത്ര ക്രിയയെ തുടർന്നു തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു.

    കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ആയി ഷെൽന നിഷാദ് മത്സരിച്ചിരുന്നു. ആലുവ എംഎൽഎ ആയിരുന്ന കെ മുഹമ്മദ്‌ അലിയുടെ മരുമകൾ ആണ്‌ ഷെൽന നിഷാദ്. 

    ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ കൊച്ചിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി അർബുദ രോ​ഗ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. അതിന് ശേഷവും രക്തത്തിൽ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞു വരികയായിരുന്നു. എന്നാൽ ക്യാംപ് നടത്തി ജീവതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ആലോചനയിലായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്.


  • ചെന്നൈ: റിസർവ് ബാങ്ക് മുൻ ഗവർണർ എസ്. വെങ്കിട്ടരമണൻ അന്തരിച്ചു. 92 വയസ്സായിരുന്നു. 8-ാമത്തെ ആർബിഐ ഗവർണറായിരുന്നു എസ് വെങ്കിട്ടരാമൻ. 1990 മുതൽ 1992 വരെ രണ്ട് വർഷക്കാലം അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. തമിഴ്‌നാട് മുൻ ചീഫ് സെക്രട്ടറിയായ ഗിരിജ വൈദ്യനാഥൻ ഉൾപ്പെടെ രണ്ട് പെൺമക്കളുണ്ട്. 

    കടുത്ത സാമ്പത്തിക പ്രതിസന്ധി കാലത്തും ഉദാരവത്കരണത്തിന്റെ ആദ്യ നാളുകളിലും ഗവര്‍ണറായിരുന്ന എസ് വെങ്കിട്ടരാമൻ 1985 മുതൽ 1989 വരെ ധനമന്ത്രാലയത്തിൽ ധനകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ആർബിഐ ഗവർണറായി നിയമിക്കുന്നതിനുമുമ്പ് കർണാടക സർക്കാരിന്റെ ഉപദേശകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

    അക്കാലത്ത് തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്ന നാഗർകോവിലിൽ 1931-ൽ ജനിച്ച അദ്ദേഹം ആറ്റിങ്ങൽ മോഡൽ ബോയ്സ് സ്കൂൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 

    രൂപയുടെ മൂല്യത്തകർച്ചയും സാമ്പത്തിക പരിഷ്‌കരണ പരിപാടികളും ആരംഭിച്ച ഐഎംഎഫിന്റെ സ്ഥിരത പദ്ധതി ഇന്ത്യ സ്വീകരിച്ചതും എസ് വെങ്കിട്ടരാമൻഗവര്ണയിരുന്ന കാലയളവിൽ ആയിരുന്നു. .


  • പാലക്കാട്: കൂത്ത്, കൂടിയാട്ടം കുലപതി പത്മശ്രീ പി കെ നാരായണൻ നമ്പ്യാർ അന്തരിച്ചു. 96 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ചികിത്സയിലിരിക്കെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

    ഒറ്റപ്പാലം ലക്കിടി പടിഞ്ഞാറെ കോച്ചാമ്പിള്ളി മഠം കുടുംബാംഗമാണ്. ദീർഘകാലം കേരള കലാമണ്ഡലത്തിൽ മിഴാവ് അധ്യാപകനായിരുന്നു. പത്മശ്രീ മാണിമാധവ ചാക്യാരുടെ മകൻ കൂടിയാണ് പി കെ നാരായണൻ നമ്പ്യാർ. മൃതദേഹം അൽപ സമയത്തിനകം ലക്കിടി കിള്ളിക്കുറുശി മംഗലത്തെ വീട്ടിലെത്തിക്കും.


  • ചെന്നൈ :  സിപിഐഎമ്മിന്‍റെ സ്ഥാപകരിലൊരാളും മുതിര്‍ന്ന നേതാവുമായ എന്‍ ശങ്കരയ്യ അന്തരിച്ചു. ഇന്നലെയാണ് പനിബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 

    1964 ല്‍ സിപിഐ ദേശീയ കൗൺസിലില്‍ നിന്ന് ഇറങ്ങിവന്ന് സിപിഎം പടുത്തുയര്‍ത്തിയ 32 സഖാക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ട് പേരില്‍ ഒരാളാണ് എന്‍.ശങ്കരയ്യ. 1922 ജൂലൈ 15ന് മധുരയിലായിരുന്നു ശങ്കരയ്യയുടെ ജനനം. അഞ്ചാംക്ലാസുവരെ തൂത്തുക്കുടിയിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് മധുര സെയിന്‍റ് സ്കൂളില്‍ ചേര്‍ന്നു. 

    പതിനേഴാം വയസ്സില്‍ സിപിഐ അംഗമായി. 1962-ല്‍ ഇന്ത്യ ചൈന യുദ്ധസമയത്ത് ജയിലില്‍ അടയ്ക്കപ്പെട്ട കമ്മ്യൂണിസ്റ്റുകളില്‍ ഒരാള്‍ ശങ്കരയ്യയായിരുന്നു. 1964-ല്‍ സിപിഐ ജനറല്‍ സെക്രട്ടറി പിസി ജോഷി മധുരയില്‍ വന്നിരുന്നു. അന്ന് സമ്മേളനത്തില്‍ ഒരു ലക്ഷം ജനങ്ങളെ പങ്കെടുപ്പിച്ചത് ശങ്കരയ്യയുടെ മിടുക്കായിരുന്നു.

    1965-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അടിച്ചമര്‍ത്താന്‍ ശ്രമം നടന്നപ്പോള്‍ 17 മാസം ജയിലില്‍ കിടന്നു. കയ്യൂര്‍ സഖാക്കളെ തൂക്കിലേറ്റുന്ന സമയത്ത് കണ്ണൂര്‍ ജയിലില്‍ തടവുകാരനായി ശങ്കരയ്യയും ഉണ്ടായിരുന്നു. 1967,1977,1980 തിരഞ്ഞെടുപ്പുകളില്‍ സിപിഎം അംഗമായി തമിഴ്നാട് നിയമസഭയിലെത്തി. 

    തമിഴ്നാട് നിയമസഭയില്‍ ആദ്യമായി തമിഴ് സംസാരിച്ചത് തങ്ങളുടെ കാലത്താണെന്ന് ശങ്കരയ്യ പറയാറുണ്ട്. അന്ന് തമിഴ് സംസാരിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. കുടുംബം ഭാര്യ -പരേതയായ നവമണി അമ്മാള്‍. സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവയായിരുന്ന അവര്‍ 2016-ല്‍ അന്തരിച്ചു. 3 മക്കളുണ്ട്.


  • തോട്ടുമുക്കം: നരിതൂക്കിൽ ജോസഫ് (ഔസേപ്പച്ചൻ 85) അന്തരിച്ചു. പൈക നരിതൂക്കിൽ കുടുംബാഗാമാണ്. ഭാര്യ: പരേതയായ പെണ്ണമ്മ (വെട്ടിക്കൽ മാനന്തവാടി കുടുംബാഗം). മക്കൾ: ടെസ്സി,  ജോസി ജോസ് (ക്രിസ്ത്യൻ മൈനൊരിറ്റി സ്കൂൾ സംസ്ഥാന കൺവീനർ), അസി ജോസ്. മരുമക്കൾ: സണ്ണി ഞാറാകാട്ട് ആനാക്കംപൊയിൽ, സിജി വള്ളോംപുരയിടത്തിൽ കക്കാടംപൊയിൽ, പരേതയായ അനിറ്റ് പുല്ലന്താനി തോട്ടുമുക്കം. സംസ്കാരം നാളെ രാവിലെ 10 മണിക്ക് സെന്‍റ് തോമസ് ഫൊറോന ചർച്ച് തോട്ടുമുക്കം പള്ളി കുടുബക്കല്ലറയില്‍.


  • കൊല്‍ക്കൊത്ത: മുതിര്‍ന്ന സിപിഎം നേതാവും മുൻ പാർലമെന്‍റ് അംഗവുമായ ബസുദേബ്‌ ആചാര്യ അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബസുദേബ് ആചാര്യ ഏതാനും വർഷങ്ങളായി മകൻ്റെ വസതിയിൽ കഴിഞ്ഞുവരികയായിരുന്നു.

    1942 ജൂൺ 11-ന് പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ബെറോയിൽ ജനിച്ച ബസുദേബ് ആചാര്യ റാഞ്ചി സർവ്വകലാശാലയിലും, കൊൽക്കൊത്ത സർവ്വകലാശാലയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് 1975 ഫെബ്രുവരി 25-ന് രാജലക്ഷ്മി ആചാര്യയെ വിവാഹം ചെയ്തു.

    ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ നേതൃനിരയിലേക്ക് എത്തിച്ചു. 1980-ൽ ഏഴാം ലോകസഭയിലേക്കാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 1984 മുതൽ 2014 വരെ തുടർച്ചയായി 9 തവണ പശ്ചിമ ബംഗാളിലെ ബങ്കുര മണ്ഡലത്തിൽനിന്നുള്ള എംപിയായിരുന്നു ബസുദേബ്. 2014ൽ തൃണമൂൽ കോൺഗ്രസ് നേതാവ് മുൻമുൻ സെന്നിനോട് പരാജയപ്പെട്ടു.

    1981-ൽ സി.പി.ഐ. (എം)-ൻ്റെ പുരുലിയ ജില്ലാ കമ്മിറ്റി, 1985 മുതൽ സി.പി.ഐ. (എം)‌-ൻ്റെ പശ്ചിമ ബംഗാൾ ഘടകത്തിൻ്റെ സംസ്ഥാന കമ്മിറ്റി, എന്ന് തുടങ്ങി ദീർഘകാലം സിപിഎമ്മിൻ്റെ സംസ്ഥാന സമിതിയിലും കേന്ദ്ര കമ്മിറ്റിയിലും ബസുദേബ് അംഗമായിരുന്നു.


  • ഹൈദരാബാദ്: മുതിർന്ന തെലുങ്ക് നടൻ ചന്ദ്ര മോഹൻ (80) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരണം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറേക്കാലമായി ചികിത്സയിലായിരുന്നു ചന്ദ്രമോഹൻ. ഭാര്യ ജലന്ധരയും രണ്ട് പെൺമക്കളുമുണ്ട്. സംസ്‌കാര ചടങ്ങുകൾ നവംബർ 13-ന് തിങ്കളാഴ്ച നടക്കും.

    നന്ദി പുരസ്കാരം അടക്കം അനവധി പുരസ്കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. 1966ൽ രംഗുല രത്നം എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച ഇദ്ദേഹം 600ന് മുകളില്‍ ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ചന്ദ്ര മോഹന്‍ അഭിനയിച്ചിട്ടുള്ള ചിത്രങ്ങളില്‍ എല്ലാം നായക പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഓക്‌സിജനാണ് ചന്ദ്രമോഹന്‍റെ അവസാന ചിത്രം.


  • തൃശൂര്‍: മലയാള മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ -ഇൻ -ചാർജും, കോട്ടയം പ്രസ് ക്ലബ്ബ് മുൻ പ്രസിഡന്‍റും താന്ത്രിക് ചിത്രകാരനുമായ കെ.എ. ഫ്രാൻസിസ് അന്തരിച്ചു. 76 വയസായിരുന്നു.കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനാണ്. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്നു ചികിത്സയിലിരിക്കെ തൃശൂരിൽ മകളുടെ വസതിയിലായിരുന്നു അന്ത്യം. 

    ഇന്നു രാവിലെ 10 മുതൽ ഒന്നു വരെ ലളിതകലാ അക്കാദമിയിലെ പൊതുദർശനത്തിനു ശേഷം നാളെ കോട്ടയത്തു സംസ്കാരം നടക്കും.

    പ്രമുഖ താന്ത്രിക് ചിത്രകാരൻ കൂടിയായ ഫ്രാൻസിസ്, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിനുള്ള അവാർഡും (2014) കേരള ലളിതകലാ അക്കാദമിയുടെ സ്വർണപ്പതക്കവും (2000) ലളിതകലാ പുരസ്കാരവും (2015) ഫെലോഷിപ്പും (2021) ലഭിച്ചു.

    'ദി എസൻസ് ഓഫ് ഓം' ഉൾപ്പെടെ 20 പുസ്തകങ്ങളുടെ രചയിതാവാണ്. മനോരമ കണ്ണൂർ യൂണിറ്റ് മേധാവിയായിരുന്ന ഫ്രാൻസിസ് 2002ലാണ് ആഴ്ചപ്പതിപ്പ് എഡിറ്റർ ഇൻ ചാർജ് ആയി ചുമതലയേറ്റത്. 2021ൽ മനോരമയിൽ നിന്ന് വിരമിച്ചു.

    തൃശൂരിനടുത്ത് കുറുമ്പിലാവിൽ 1947 ഡിസംബർ 1 നാണ് ജനനം. പ്രശസ്ത ചലച്ചിത്രകാരനും ബാലചിത്രകലാപ്രസ്ഥാനത്തിന് കേരളത്തിൽ തുടക്കംകുറിച്ച യൂണിവേഴ്സൽ ആർട്സ് സ്ഥാപകനുമായ കെ.പി.ആന്റണിയുടെ മകനാണ്. 

    തൃശൂർ, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1970 ൽ മലയാള മനോരമ പത്രാധിപസമിതി അംഗമായി. കോഴിക്കോട് യൂണിവേഴ്സൽ ആർട്സ് സെക്രട്ടറി, ടെലിഫോൺ കേരള സർക്കിൾ ഉപദേശക സമിതി അംഗം, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ്, സംസ്ഥാന പത്രപ്രവർത്തക പെൻഷൻ നിർണയ സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.


  • തിരുവനന്തപുരം: സിനിമാ താരവും മിമിക്രി കാലാകാരനുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. മട്ടാഞ്ചേരി സ്വദേശിയാണ്.

    മിമിക്രി താരമായി തുടങ്ങിയ അദ്ദേഹം നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടുടുണ്ട്. ഈ പറക്കും തളിക സിനിമയിലെ മണവാളന്‍ വേഷം ശ്രദ്ധയം.

    നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി അദ്ദേഹം മാറി. 1991 ൽ മിമിക്സ പരേഡ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.



  • ചെന്നൈ: ചലച്ചിത്ര താരം ജൂനിയർ ബാലയ്യ എന്ന രഘു ബാലയ്യ അന്തരിച്ചു. 70 വയസായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. പ്രമുഖ നടൻ ടി എസ് ബാലയ്യയുടെ മകനായതിനാലാണ് അദ്ദേഹത്തെ സിനിമാ ലോകം ജൂനിയർ ബാലയ്യ എന്ന് വിശേഷിപ്പിച്ചത്.

    1975ൽ പുറത്തിറങ്ങിയ 'മേൽനാട്ടു മരുമകൾ' ആണ് ആദ്യ ചിത്രം. 'കരഗാട്ടക്കാരൻ', 'സുന്ദര കാണ്ഡം', 'വിന്നർ', 'സാട്ടൈ' തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. സിനിമയ്ക്ക് പുറമെ 'ചിത്തി', 'വാഴ്‌കൈ', 'ചിന്ന പാപ്പാ പെരിയ പപ്പ' തുടങ്ങിയ സീരിയലുകളിലും ജൂനിയർ ബാലയ്യ അഭിനയിച്ചിട്ടുണ്ട്.

    അജിത് ചിത്രം 'നേർകൊണ്ട പാർവൈ'യിൽ അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2021ൽ പുറത്തിറങ്ങിയ 'യെന്നങ്ങാ സാർ ഉങ്ക സത്തം' ആണ് അവസാന ചിത്രം. നിരവധി പേർ സമൂഹമാധ്യമങ്ങളിൽ നടന് അനുശോചനം അറിയിച്ചു. സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും.



  • തിരുവനന്തപുരം: ടെലിവിഷന്‍ സീരിയല്‍ താരം ഡോ.പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. 8 മാസം ഗര്‍ഭിണിയായ പ്രിയ പതിവ് പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിയപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 


  • ലോസ് ഏഞ്ചലസ് : പ്രശസ്ത ഹോളിവുഡ് താരം മാത്യു പെറി (54) അന്തരിച്ചു. ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഹോളിവുഡ് സീരീസായ ഫ്രണ്ട്സിലെ ചാൻഡ്ലര്‍ ബിങ്ങ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് മാത്യു പെറി. ലോസ് ഏഞ്ചലസിലെ മാത്യുവിന്റെ വസതിയില്‍ ബാത്ത് ടബില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

    ഇന്നലെ വൈകിട്ട് നാലോടെയാണ് വൃത്തങ്ങള്‍ മാത്യു പെറിയുടെ മരണ വാര്‍ത്ത പുറത്തുവിട്ടത്. പെറിയെ വിളിച്ച്‌ കിട്ടാതിരുന്ന സാഹചര്യത്തില്‍ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രത്യക്ഷത്തില്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ലോസ് ഏഞ്ചല്‍സ് പൊലീസ് അറിയിച്ചു. കവര്‍ച്ചയോ കൊലപാതക ശ്രമമോ നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.

    ഹോളിവുഡിലെ എക്കാലത്തെയും ഏറ്റവും വിജയകരമായ ഷോകളിലൊന്നാണ് ഫ്രണ്ട്സ് സീരീസ്. സീരീസിലെ പെറിയുടെ കഥാപാത്രത്തിന് ലോകത്താകമാനം ആരാധകരെ സമ്ബാദിക്കാൻ സാധിച്ചു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ദീ‍‍ര്‍ഘ കാല പോരാട്ടം നടത്തിയ നടൻ കൂടിയാണ് മാത്യു പെറി.



  • തിരുവനന്തപുരം: പ്രശസ്ത കലാ സംവിധായകനും ചലച്ചിത്ര കലാസംബന്ധമായ വിഷയങ്ങളിൽ ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു. ചലച്ചിത്ര സംബന്ധിയായ ഏറ്റവും മികച്ച ലേഖനത്തിനുള്ള കഴിഞ്ഞ വർഷത്തെ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. ഈ മാസം 18ന് തിരുവനന്തപുരത്ത് വെച്ചുണ്ടായ റോഡപകടത്തെ തുടർന്ന് അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു.

    രാജാവിന്റെ മകൻ, മനു അങ്കിൾ, കാട്ടുകുതിര, വഴിയോരക്കാഴ്ചകൾ, പത്രം, ലേലം, റൺ ബേബി റൺ, അമൃതം , പാർവ്വതീ പരിണയം, ഒറ്റയടിപ്പാതകൾ, ഫസ്റ്റ് ബെൽ തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായ സാബു പ്രവദ മലയാള സിനിമയിലെ വിവിധ ധാരകളിൽപ്പെട്ട ചലച്ചിത്ര പ്രവർത്തകരുമായി ഗാഢമായ സൗഹൃദം പുലർത്തിയിരുന്നു.

    ഐ എഫ് എഫ് കെ അടക്കമുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഫിലിം ഫെസ്റ്റിവലുകളിൽ ഡിസൈനറായി പ്രവർത്തിച്ചിട്ടുണ്ട്. കലാ രംഗത്തെ മാറിവരുന്ന സാങ്കേതിക വിദ്യകൾ പഠിക്കാനും അത് മറ്റുള്ളവർക്ക് പങ്കുവെക്കാനും എന്നും താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഫെഫ്ക പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയൻ രൂപീകരണ നേതാവാണ്. മാക്ട , ഫെഫ്ക തുടങ്ങിയ ചലച്ചിത്ര സംഘടനകളുടെ പിറവിതൊട്ടേ സംഘടനാ തലത്തിൽ കലാപരമായ പ്രചാരണങ്ങളുടെ ചുമതലകൾ വഹിച്ചു.

    എറണാകുളം കച്ചേരിപ്പടിയിലെ പ്രശസ്തമായ പ്രവദ സ്റ്റുഡിയോ ഉടമ പ്രവദ സുകുമാരന്റെയും മേനക സുകുമാരന്റെയും എട്ടു മക്കളിൽ മൂത്ത പുത്രനാണ് സാബു പ്രവദ. നിശ്ചലഛായാഗ്രാഹകൻ അമ്പിളി പ്രവദ സഹോദരനും പ്രശസ്ത സംവിധായകനായിരുന്ന പി ജി വിശ്വംഭരൻ സഹോദരീഭർത്താവും ആണ്. ഭാര്യ: ഷേർളി സാബു, മകൻ: അശ്വിൻ സാബു.



  • ബെയ്ജിങ്: ചൈനീസ് മുൻ പ്രധാനമന്ത്രി ലീ കെചിയാങ് (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം വിരമിക്കുന്നതുവരെ ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം.

    2013 മുതലുള്ള പത്തു വർഷക്കാലം ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു. ഈ വർഷം ആദ്യമാണ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്. ലിയുടെ നേതൃത്വത്തിൽ പത്തുവർഷത്തിനുള്ളിൽ ചൈനയുടെ സാമ്പത്തിക വളർച്ച ഇരട്ടിയായിരുന്നു. ഹു ജിന്റാവോ പ്രസിഡന്റ് ആയിരിക്കെ ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വൈസ് പ്രസിഡന്റും ലി ഉപപ്രധാനമന്ത്രിയും ആയിരുന്നു. 2012ലാണ് ചൈനയുടെ പ്രസിഡന്റായി ഷി ചിൻപിങ്ങും പ്രധാനമന്ത്രിയായി ലി കെചിയാങ്ങും സ്ഥാനമേറ്റത്.


  • കോഴിക്കോട്: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ പുലർച്ചെ 1.15 നാണ് മരണം. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ ജോലി ചെയ്തു. നിലവിൽ തൃശൂർ യൂണിറ്റിലാണ്. 



  • കോട്ടയം: കുമാരനല്ലൂർ ദേവീക്ഷേത്രം പ്രധാന പൂജാസ്ഥാനീയൻ മധുര മന അച്യുതൻ നമ്പൂതിരി (86) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. സംസ്ക്കാരം നാളെ രാവിലെ 11 ന് ഇല്ലംവളപ്പിൽ. കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലെ ഹെഡ് പോസ്റ്റ് മാസ്റ്റർ ആയിരുന്നു. കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ 60 വർഷത്തോളം പൂജകളിൽ കാർമികൻ ആയിരുന്നു. സഹധർമ്മിണി: തലവടി പട്ടമന ഇല്ലത്ത് ദേവശിഖാമണി, മക്കൾ: സത്യജിത്ത് , സന്ധ്യ , സൗമ്യ . മരുമക്കൾ : സ്മിത, രാജേഷ്, വാസുദേവൻ.


  • ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപറ്റനും ഇതിഹാസ സ്പിന്നറുമായ ബിഷന്‍ സിംഗ് ബേദി (77) അന്തരിച്ചു. ഇടങ്കയ്യന്‍ സ്പിന്നറായ ബേദി 1946 സെപ്തംബര്‍ 25ന് അമൃത്സറിലാണ് ജനിച്ചത്. 1966ല്‍ അദ്ദേഹം തന്‍റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചു. 1979 വരെ ഇന്ത്യക്ക് വേണ്ടി ബേദി കളിച്ചു. ഇക്കാലയളില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ 67 ടെസ്റ്റുകള്‍ കളിച്ച ഇതിഹാസ സ്പിന്നര്‍ 266 വിക്കറ്റുകള്‍ വീഴ്ത്തി. പത്ത് ഏകദിനങ്ങളില്‍ ഏഴ് വിക്കറ്റും സ്വന്തമാക്കി. എറാപ്പള്ളി പ്രസന്ന, ബി എസ് ചന്ദ്രശേഖര്‍, എസ് വെങ്കിട്ടരാഘവന്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ സ്പിന്‍ വകുപ്പിന്‍റെ തലവരമാറ്റിയ താരമാണ് ബേദി. 

    ഇന്ത്യയുടെ ആദ്യ ഏകദിന വിജയത്തിലും ബേദി നിര്‍ണായക പങ്കുവഹിച്ചു. 1975ലെ പ്രഥമ ഏകദിന ലോകകപ്പിലായിരുന്നു അത്. അന്ന് ഈസ്റ്റ് ആഫ്രിക്കയെ 120 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. 12 ഓവറില്‍ 12 ഓവറില്‍ ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് താരം വീഴ്ത്തിയത്. ഇതില്‍ എട്ട് ഓവറുകള്‍ മെയ്ഡനായിരുന്നു. പന്തില്‍ വേരിയേഷന്‍സ് വരുത്തുന്നതില്‍ മിടുക്കനായിരുന്നു ബേദി. 1976ല്‍ ഇന്ത്യയെ നയിക്കാനും ബേദിക്കായി.

    1966ല്‍ വെസ്റ്റ ഇന്‍ഡീസിനെതിരെയായിരുന്നു അരങ്ങേറ്റം. അരങ്ങേറ്റ ടെസ്റ്റില്‍ രണ്ട് വിക്കറ്റ് നേടാന്‍ ബേദിക്കായി. 1979ല്‍ ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റും കളിച്ചും. ഒന്നാകെ മൂന്ന് വിക്കറ്റും ബേദി വീഴ്ത്തി. 1979ല്‍ അവസാന ഏകദിനവും കളിച്ചു. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ വിക്കറ്റൊന്നും വീഴ്ത്താന്‍ ബേദിക്ക് കഴിഞ്ഞിരുന്നില്ല.

    ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങാനും ബേദിക്കായിരുന്നു. പ്രത്യേകിച്ച് ഡല്‍ഹി ടീമിനൊപ്പം. നിരവധി സ്പിന്‍ ബൗളര്‍മാരുടെ ഉപദേശകനായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇന്ത്യയിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കളിയില്‍ നിന്ന് വിരമിച്ച ശേഷവും, ക്രിക്കറ്റുമായി ബന്ധപ്പെട്ട വിവിധ മേഖലകള്‍ കൈകാര്യം ചെയ്തു.



  • പത്തനംതിട്ട: ഏഷ്യാനെറ്റ് ഡിജിറ്റൽ നെറ്റ് വർക്ക് പ്രൈവറ്റ് ലിമിറ്റഡ് പത്തനംതിട്ട ഏരിയ കസ്റ്റമർ കെയർ ഓഫീസർ ഓമല്ലൂർ മഞ്ഞനിക്കര  ശങ്കരവിലാസത്തിൽ എം ജി മനോജ് കുമാർ (54) അന്തരിച്ചു. അസുഖബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്


  • ഏറ്റുമാനൂർ: ചെറുവാണ്ടൂർ ശ്രീപതി സി വി എൻ കളരി മർമ്മ ചികിത്സ കേന്ദ്രം മേധാവി ആചാര്യ കെ.ജി മുരളീധരഗുരുക്കൾ (76) അന്തരിച്ചു. ഭാര്യ: തങ്കമ്മ മുരളീധരൻ, മക്കൾ കെ എം മനോജ് (കേരളാ പോലീസ് ), എം ബിജു, ഡോ.സിജു, മരുമക്കൾ: പി ജി കവിത (ഡെപ്യൂട്ടി തഹസിൽദാർ, പാല), അശ്വതി ബിജു, ഡോ. ദിവ്യാ സിജു. സംസ്കാരം ഞായറാഴ്ച 2 ന് വീട്ടുവളപ്പിൽ.

    വിദേശികളടക്കം രണ്ടായിരത്തിലധികം ശിഷ്യ സമ്പത്തുള്ള മുരളീധരഗുരുക്കൾക്ക് ആയുർവേദം, ജ്യോതിഷം, കളരിപയറ്റ്, മർമ്മ ചികിത്സ, ഗുസ്തി എന്നിവയിലെല്ലാം പ്രാവീണ്യമുണ്ട്. നിരവധി  വിദേശികൾ ചികിത്സാർത്ഥം ഗുരുക്കളെ തേടി ചെറുവാണ്ടൂരിൽ എത്തിയിരുന്നു. ഭാര്യ തങ്കമ്മയും വിവിധ ചികിത്സകൾക്കായി അദ്ദേഹത്തെ സഹായിക്കുമായിരുന്നു. ഗുരുക്കളുടെ മൂന്നു മക്കളും പിതാവിന്‍റെ പാത പിന്തുടർന്ന് കളരി, ചികിത്സാ രംഗങ്ങളിൽ  ഇപ്പോൾ സജീവമാണ്.
  •  

    കോട്ടയം പരിപ്പ് മെഡികെയർ ഹോസ്പിറ്റൽ ഉടമയും കുഴിത്താർ ഗ്രേസ് മെഡിക്കൽ സെന്റർ ഡോക്ടറുമായ പി.ആർ കുമാർ (64)അന്തരിച്ചു.  കോട്ടയം മെഡിക്കൽ കോളേജിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. 

    ഞായറാഴ്ച്ച വെളുപ്പിന് തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായനാക്കുകയുമായിരുന്നു. ഗതാഗത  സൗകര്യം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ പോലും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തി നിസ്വാർത്ഥ സേവനം നൽകി ജനഹൃദയങ്ങളിൽ ഇടം നേടിയ വ്യക്തിത്വമാണ് അയ്മനത്തിന് നഷ്ടമായത്. 

    സോഷ്യൽ സർവീസ്  ഫോർ ഡോക്ടർസ് മഹാത്മാ ഗാന്ധി ഫൌണ്ടേഷൻ അവാർഡ്- 2006, 
    എൻ എസ് എസ് ട്രസ്റ്റ്‌  സോഷ്യൽ സർവീസ്  അവാർഡ് - 2008
    ഗോവിന്ദമേനോൻ ബർത്ത് സെന്റനറി അവാർഡ് - 2009 തുടങ്ങി നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. വള്ളംകളി പ്രേമിയും, വഞ്ചിപ്പാട്ട് വിദഗ്ദ്ധനുമായിരുന്നു. നെഹ്റു ട്രോഫി വള്ളംകളി ഉൾപ്പെടെ നിരവധി മത്സര വള്ളംകളിൽ ചുണ്ടൻ  വള്ളം ക്യാപ്റ്റനായി ടീമിനെ നയിച്ചിട്ടുണ്ട്

    ഭാര്യ ഡോക്ടർ രാധ. മക്കൾ: ഡോക്ടർ രോഹിത് രാംകുമാർ, ശരത് രാംകുമാർ (എഞ്ചിനീയർ). സംസ്കാരം നാളെ നടക്കും.


  • തിരുവനന്തപുരം : സീരിയൽ സംവിധായകൻ ആദിത്യൻ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തു വെച്ചാണ് അന്ത്യം. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുളള ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ്. 

    കൊല്ലം അഞ്ചൽ സ്വദേശിയാണ് ആദിത്യന്‍. ഏറെക്കാലമായി തിരുവനന്തപുരത്ത് പേയാട് ആയിരുന്നു താമസം. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാര ചടങ്ങുകള്‍ പിന്നീട് തീരുമാനിക്കും.


  • കൊച്ചി: പ്രൊഫ എം കെ സാനുവിന്‍റെ ഭാര്യ എൻ രത്നമ്മ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.



  • കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന പ്രൊഫ. ടി. ശോഭീന്ദ്രന്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
     
    ദീര്‍ഘകാലം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ ഇക്കണോമിക്‌സ് വിഭാഗം അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്. സഹയാത്രി പുരസ്‌കാരം, ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര പുരസ്‌ക്കാരം എന്നിവ കരസ്ഥാമാക്കിയിട്ടുണ്ട്.

    അമ്മ അറിയാന്‍, ഷട്ടര്‍ എന്നീ സിനിമകളില്‍ വേഷമിട്ടു. മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ജോണിനൊപ്പം എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. പൊതു ദര്‍ശനം ഉച്ചതിരിഞ്ഞ് വൈകുന്നേരം 3 മണി മുതല്‍ 5 മണി വരെ കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും. സംസ്‌ക്കാരം വൈകുന്നേരം പുതിയ പാലം വൈദ്യുതി ശ്മശാനത്തില്‍ നടക്കും.


  • ബംഗ്ലൂരു: പ്രമുഖ  മാധ്യമപ്രവർത്തകൻ കെ.എസ്.സച്ചിദാനന്ദമൂർത്തി അന്തരിച്ചു. ബംഗ്ലൂരുവിലായിരുന്നു അന്ത്യം. അടുത്തിടെ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

    ഡൽഹി കേന്ദ്രീകരിച്ചുള്ള മാധ്യമപ്രവർത്തകനായി മികവ് തെളിയിച്ച സച്ചിദാനന്ദമൂർത്തി, മലയാള മനോരമയുടെയും ദ് വീക്കിന്‍റെയും ഡൽഹി റസിഡന്റ് എഡിറ്ററായിരുന്നു. ദർലഭ് സിങ് സ്മാര മീഡിയ അവാർഡ്, കർണാടക മീഡിയ അക്കാദമി വിശിഷ്ട പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.. 

    എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറലായും പ്രസ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.




  • കോഴിക്കോട്: പ്രമുഖ സിനിമാ നിർമാതാവും വ്യവസായിയും എ.ഐ.സി.സി. അംഗവും മാതൃഭൂമി ഡയറക്ടറുമായ പി.വി. ഗംഗാധരൻ(80) അന്തരിച്ചു. ഇന്ന് രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച. പ്രമുഖവ്യവസായിയും സ്വാതന്ത്ര്യസമരസേനാനിയുമായ പരേതനായ പി.വി. സാമിയുടെയും മാധവിസാമിയുടെയും മകനായി 1943-ൽ കോഴിക്കോടായിരുന്നു ജനനം. പി.വി. ഷെറിൻ ആണ് ഭാര്യ. ചലച്ചിത്ര നിർമാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനു​ഗ, ഷെ​ഗ്ന, ഷെർ​ഗ എന്നിവർ മക്കളാണ്. മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ ജ്യേഷ്ഠ സഹോദരനാണ്.

    മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച, ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ നിർമിച്ച ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം എ.ഐ.സി.സി അംഗമായിരുന്നു.

    സിനിമയിലേയും രാഷ്ട്രീയത്തിലേയും നിറസാന്നിധ്യമായിരുന്നു ഏവരും സ്നേഹപൂർവ്വം പി.വി.ജി എന്ന് വിളിച്ചിരുന്ന പി.വി ഗംഗാധരൻ. ജനപ്രിയ സിനിമകളിലൂടെ ഇന്നത്തെ മുതിർന്ന താരങ്ങളുടേയും സംവിധായകരുടേയും തുടക്കകാലത്ത് ഹിറ്റുകൾ സമ്മാനിച്ച ബാനറായിരുന്നു ഗൃഹലക്ഷ്മി ഫിലിംസ്.

    1977-ൽ സുജാത എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് അദ്ദേഹം ചലച്ചിത്രനിർമാണരം​ഗത്തേക്കെത്തിയത്. തുടർന്ന് മനസാ വാചാ കർമണാ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, വാർത്ത, ഒരു വടക്കൻ വീര​ഗാഥ, അദ്വൈതം, ഏകലവ്യൻ തുടങ്ങി ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹിറ്റ് ചിത്രങ്ങളുടെ നീണ്ടനിരതന്നെ സൃഷ്ടിക്കപ്പെട്ടു. ജയൻ നായകനായ ഐ.വി.ശശി ചിത്രം അങ്ങാടി ഇന്നും മലയാള സിനിമയിലെ ആക്ഷൻ ചിത്രങ്ങളുടെ മുൻനിരയിലുണ്ട്. മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങളുടെ പട്ടികയെടുത്താൽ മുന്നിൽത്തന്നെയുണ്ട് വടക്കൻ വീര​ഗാഥയുടെ സ്ഥാനം.

    എസ് ക്യൂബുമായി ചേർന്ന് നിർമിച്ച ജാനകി ജാനേയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം നിർമിച്ച കാണാക്കിനാവ് എന്ന ചിത്രത്തിന് 1997-ൽ മികച്ച ദേശീയോ​ദ്​ഗ്രഥന ചിത്രത്തിനുള്ള നർ​ഗീസ് ദത്ത് പുരസ്കാരവും 2000-ൽ ശാന്തം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ഒരു വടക്കൻ വീര​ഗാഥ , കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ, നോട്ട്ബുക്ക് എന്നീ ചിത്രങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കി.

    വാർത്ത (1986). ഒരു വടക്കൻ വീര​ഗാഥ (1989), തൂവൽ കൊട്ടാരം (1996), വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999), അച്ചുവിന്റെ അമ്മ (2005), നോട്ട്ബുക്ക് (2006) എന്നിവ മികച്ച ചിത്രങ്ങൾക്കുള്ള സൗത്ത് ഫിലിം ഫെയർ പുരസ്കാരങ്ങൾ നേടി.

    പി.വി. സാമി പടുത്തുയർത്തിയ കെ.ടി.സി. ഗ്രൂപ്പിന്റെ വളർച്ചയിൽ പി.വി. ചന്ദ്രനൊപ്പം വലിയ പങ്കുവഹിച്ചിട്ടുണ്ട് പി.വി ഗംഗാധരൻ. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഉത്തരകേരളത്തിലെ വ്യവസായികളുടെ സംഘടനയായ മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ അമരത്ത് പ്രവർത്തിക്കാൻ മൂന്നുതവണ നിയോഗിക്കപ്പെട്ടു. ഈ കാലയളവിലാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിനുള്ള പ്രക്ഷോഭപരിപാടികളും സമ്മർദതന്ത്രങ്ങളും ചേംബർ ആവിഷ്കരിച്ചു നടപ്പാക്കിയത്.

    മലബാർ എയർപോർട്ട് കർമസമിതിയുടെയും ട്രെയിൻ കർമസമിതിയുടെയും ചെയർമാനാണ്. മൂന്നുതവണ പാരീസ് കേന്ദ്രീകരിച്ചുള്ള ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായിരുന്നു. കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ, കേരളാ ഫിലിം ചേംബർ പ്രസിഡന്റ്, ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് എന്നിങ്ങനെ ഒട്ടേറെ പ്രധാന പദവികൾ വഹിച്ചിരുന്നു. 

    പി.വി.എസ്. ആശുപത്രി ഡയറക്ടർ, ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം ഡയറക്ടർ, ശ്രീനാരായണ എജ്യുക്കേഷൻ സൊസൈറ്റി ഡയറക്ടർ, പി.വി.എസ്. നഴ്സിങ് സ്കൂൾ ഡയറക്ടർ, മാതൃഭൂമി സ്റ്റഡിസർക്കിൾ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. പന്തീരാങ്കാവ് എജുക്കേഷൻ സൊസൈറ്റി പ്രസിഡന്റ്, പി.വി.എസ്. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഡയറക്ടർ, പിവി.എസ് ഹൈസ്കൂൾ ഡയറക്ടറുമാണ്. കാലിക്കറ്റ് സർവകലാശാലാ മുൻ സെനറ്റ് അംഗവുമായിരുന്നു.


  • ദോഹ: പ്രവാസി നാടൻപാട്ട് കലാകാരൻ രാജേഷ് കരുവന്തല ഖത്തറിൽ മരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് താമസ സ്ഥലത്തുവെച്ചായിരുന്നു അന്ത്യം. തൃശൂർ ജില്ലയിലെ വെങ്കിടങ് കരുവന്തല സ്വദേശിയാണ്. 

    ടിക് ടോക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള കലാകാരൻ കൂടിയായിരുന്നു രാജേഷ്.ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ രാജേഷ് കലാസാംസ്കാരിക വേദികളിൽ സജീവ സാന്നിധ്യമായിരുന്നു. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ


  • ഹരിപ്പാട്: 96ാം വയസില്‍ സാക്ഷരതാ മിഷന്‍ തുല്യതാ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഹരിപ്പാട് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാര്‍ത്യായനിയമ്മ (101) അന്തരിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവാണ് കാര്‍ത്യയായാനിയമ്മ. ഇന്നലെ രാത്രി 12 മണിയോടെയാണ് അന്ത്യം. ഒരു വര്‍ഷമായി പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു.

    2017 ല്‍ നാല്‍പതിനായിരം പേര്‍ എഴുതിയ അക്ഷര ലക്ഷം പരീക്ഷയില്‍ 98 മാര്‍ക്കുവാങ്ങിയാണ് ഒന്നാം റാങ്ക് നേടിയത്. സാക്ഷരതാ പ്രേരക് സതിക്കൊപ്പം ഡല്‍ഹിയിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും കാര്‍ത്ത്യായനിയമ്മ നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു. യുനസ്‌കോയുടെ ഗുഡ്‌വില്‍ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

    കണിച്ചനെല്ലൂര്‍ എല്‍പി സ്‌കൂളിലാണ് 2017 ല്‍ അരലക്ഷം പരീക്ഷയെഴുതിയത്. ഭര്‍ത്താവ് പരേതനായ കൃഷ്ണപിള്ള.



  • പാലക്കാട്‌ : ടൈംസ് ഓഫ് ഇന്ത്യ പാലക്കാട് ബ്യൂറോ ചീഫ് ജി. പ്രഭാകരന്‍ (70) വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് രാത്രി ഒമ്പത് മണിയോടെ പാലക്കാട് ഒലവക്കോട് സായി ജംഗ്ഷനിൽ പ്രഭാകരൻ സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിച്ചായിരുന്നു അപകടം.

    ദ ഹിന്ദു മുന്‍ പാലക്കാട് സ്‌പെഷല്‍ കറസ്പോണ്ടന്റും ഇന്ത്യന്‍ ജേണലിസ്റ്റ് യൂണിയന്‍ വൈസ് പ്രസിഡന്റുമാണ്. കേരള ജേർണലിസ്റ്റ് യൂണിയൻ സ്ഥാപക നേതാക്കളിൽ ഒരാളും മുൻ സംസ്ഥാന പ്രസിഡന്റുമാണ്. കൊല്ലം കൊട്ടാരക്കാര സ്വദേശിയായ പ്രഭാകരന്‍ ഏറെക്കാലമായി പാലക്കാടാണ് താമസം. തിരുവനന്തപുരം കഴക്കൂട്ടത്തു നടക്കുന്ന കെ ജെ യു സംസ്ഥാന കമ്മറ്റിയിൽ പങ്കെടുക്കുന്നതിനായി വീട്ടിൽനിന്നും ഒലവക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു അപകടം.



  • തിരുവനന്തപുരം: സിപിഎം നേതാവും മുൻ എംഎൽഎയുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസായിരുന്നു. സിഐടിയു സംസ്ഥാന പ്രസിഡന്‍റും ദേശീയ വൈസ് പ്രസിഡന്‍റുമായിരുന്നു ആനത്തലവട്ടം ആനന്ദൻ. ആറ്റിങ്ങൽ മുൻ എംഎൽഎ ആയിരുന്നു.


    1971-ൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി, അടിയന്തരവാസ്ഥക്കാലത്ത് മിസ നിയമപ്രകാരം ജയിലില്‍ കിടന്നിട്ടുണ്ട്. 1979 മുതൽ 84-വരെ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു.1985-ൽ സിപിഎം സംസ്ഥാനക്കമ്മിറ്റിയംഗവും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി.


    1987-ലും കാവിയാട് ദിവാകര പണിക്കരെ തോൽപ്പിച്ച് ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തി. 1996-ൽ വക്കം പുരുഷോത്തമനെ 1016 വോട്ടുകൾക്ക് തോൽപ്പിച്ച് വീണ്ടും ആറ്റിങ്ങലിന്‍റെ ജനപ്രതിനിധിയായി. 2006-ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ സി. മോഹനചന്ദ്രനെ തോൽപ്പിച്ച് വീണ്ടും നിയമസഭയിലെത്തി.


    ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലായിരുന്നു അന്ത്യം.




  • തൃശൂർ: നാടൻപാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു. 65 വയസായിരുന്നു. 350 ഓളം നാടൻ പാട്ടുകളുടെ രചയിതാവാണ്. കലാഭവൻ മണിയെ ജനപ്രിയനാക്കിയത് ഇദ്ദേഹം രചിച്ച പാട്ടുകളായിരുന്നു. 

    മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ, പകലു മുഴുവൻ പണിയെടുത്ത്, വരിക്കചക്കേടെ തുടങ്ങിയവയെല്ലാം അറുമുഖന്‍റെ പ്രശസ്തമായ പാട്ടുകളാണ്. കലാഭവൻ മണിക്ക് വേണ്ടി മാത്രം ഇരുന്നൂറോളം പാട്ടുകൾ എഴുതി.

    സിനിമയ്ക്ക് വേണ്ടിയും അറുമുഖൻ പാട്ടുകൾ എഴുതിയിട്ടുണ്ട്. 1998 ൽ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ 'കൊടുങ്ങല്ലൂരമ്പലത്തിൽ', മീശമാധവനിലെ ' എലവത്തൂർ കായലിന്റെ'എന്നീ ഗാനങ്ങൾ രചിച്ചത് അറുമുഖനായിരുന്നു. ഉടയോൻ, ദ ഗാർഡ്, സാവിത്രിയുടെ അരിഞ്ഞാണം, ചന്ദ്രോത്സവം, രക്ഷകൻ എന്ന ചിത്രങ്ങളിലെ ഗാനങ്ങൾക്കും വരികളെഴുതി. കൂടാതെ ധാരാളം ആൽബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

    നടുവത്ത് ശങ്കരൻ- കാളി ദമ്പതികളുടെ മകനായി തൃശൂർ വെങ്കിടങ്ങ് ആയിരുന്നു അറുമുഖൻ ജനിച്ചത്. നാട്ടുകാരനായ സലിം സത്താർ അറുമുഖന്റെ ഗാനങ്ങൾ അന്തരിച്ച ഗായകൻ മനോജ് കൃഷ്ണനെക്കൊണ്ടു പാടിച്ച് 'കല്ലേം മാലേം പിന്നെ ലോലാക്കും' എന്ന കാസെറ്റ് ആദ്യമായി പുറത്തിറക്കി. ഇത് ശ്രദ്ധയിൽപ്പെട്ട മണി അറുമുഖനെ ബന്ധപ്പെട്ട് കാസറ്റിറക്കാൻ തീരുമാനിക്കുകയായിരുന്നു.

    ഏനാമാവിൽ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് സംസ്‌കാരം നടക്കും. ഭാര്യ: അമ്മിണി. മക്കൾ: സിനി, സിജു, ഷൈനി, ഷൈൻ, ഷിനോയ്, കണ്ണൻ പാലാഴി. മരുമക്കൾ: വിജയൻ ,ഷിമ, ഷാജി



  • പേരൂർ : പേരൂർ വില്ലേജ് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പറമ്പുറത്ത് പി. എം. കൃഷ്ണൻ നായർ (78) അന്തരിച്ചു. റോഡപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്നു.  ഭാര്യ: പരേതയായ ഡോ. എ.സരസ്വതിക്കുട്ടിയമ്മ, മക്കൾ: ഡോ. ശ്രീജിത്ത് കൃഷ്ണൻ (ബി. ജെ. പി. കോട്ടയം ജില്ലാ ട്രഷറർ),  ശ്രീജ കൃഷ്ണൻ (ടീച്ചർ, അമയന്നുർ ഹൈ സ്കൂൾ), മരുമക്കൾ: ബിജു കർത്ത, നീതു സെൻ. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.



  • കോഴിക്കോട്: വടകര മുൻ എം എൽ എ, എം കെ പ്രേംനാഥ് (74) അന്തരിച്ചു.  കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2006 മുതല്‍ 2011 വരെ വടകര എംഎല്‍എയായിരുന്നു. എല്‍ജെഡി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റായിരിക്കെയാണ് വിയോഗം. കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ക‍ഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വഷളായിരുന്നു.

    ജനതാപാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് പ്രേംനാഥ് പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്. പിന്നീട് ജനതാദളിനൊപ്പം അടിയുറച്ചു നിന്നു. സഹകാരിയും അഭിഭാഷകനുമായിരുന്നു. വിദ്യാർഥി കാലഘട്ടം മുതൽ പൊതുപ്രവർത്തനരംഗത്ത് സജീവം. 1976-ൽ അടിയന്തരാവസ്ഥയ്ക്ക് എതിരെ നിയമം ലംഘിച്ച് കോഴിക്കോട് ജാഥ നടത്തി അറസ്റ്റ് വരിച്ചു. 'സ്വാതന്ത്ര്യം തന്നെ അമൃതം' എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

    എംകെ പ്രേംനാഥിന്‍റെ മൃതശരീരം 12 മണിക്ക് വടകര ടൗൺ ഹാളിലും 2 30ന് ഓർക്കാട്ടേരി പാർട്ടി ഓഫീസായ ജെപി ഭവനിലും നാലുമണിക്ക് തട്ടോളിക്കരയിലെ തറവാട് വീട്ടിലും പൊതുദർശനത്തിന് വെക്കും. ആറുമണിക്ക് സംസ്കാരം നടക്കും.


  • ചെന്നൈ: കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ അന്തരിച്ചു. 98 വയസ്സായിരുന്നു. ചെന്നൈയിൽ ആയിരുന്നു അന്ത്യം. വിട പറഞ്ഞത് ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്‍റെ പിതാവ്. ഇന്ത്യയെ കാർഷിക സ്വയം പര്യാപ്തയിലേക്ക് നയിച്ച പ്രതിഭ പത്മഭൂഷൻ നൽകി രാജ്യം ആദരിച്ച ശാസ്ത്രജ്ഞൻ. സ്വാമിനാഥന്‍റെ പരിഷ്കാരങ്ങളാണ് രാജ്യത്തെ പട്ടിണി ഇല്ലാതാക്കിയത്. ആലപ്പുഴ ജില്ലയിലെ മങ്കൊമ്പാണ് ജന്മദേശം.


  • കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ടുകാരി റംല ബീഗം (83) അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിൽവെച്ചാണു അന്ത്യം. മതവിലക്കുകളെ ഭേതിച്ച് പരിപാടി അവതരിപ്പിച്ച ആദ്യവനിതയാണു റംല ബീഗം. 1946 നവംബർ മൂന്നിനാണു ജനനം. 20 ഇസ്ലാമിക കഥകൾക്ക് പുറമേ ഓടയിൽനിന്ന്, ശാകുന്തളം, നളിനി എന്നീ കഥകളും കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.