08 May, 2017 06:39:16 AM
കായകല്‍പ ചികിത്സയുടെ പുണ്യം നുകര്‍ന്ന് ബ്രണ്ടന്‍സ് ലണ്ടനിലേക്ക്
കുടികയില്‍ (പ്രത്യേക ഭൂഗര്‍ഭ അറ) 91 ദിവസത്തെ രാപ്പകലുകള്‍ അതിജീവിക്കുകയെന്നത് കടുത്ത വെല്ലുവിളി തന്നെയായിരുന്നു. കാറ്റ്, വെളിച്ചം ചൂട് മുതലായവ കടക്കാത്ത കുടിക എന്നു വിളിക്കുന്ന ഭൂഗര്‍ഭ അറയില്‍ ഒരു ഗര്‍ഭപാത്രത്തില്‍ ഒരു കുഞ്ഞു കിടക്കുന്നതു പോലെയാണു നാളുകള്‍ കഴിച്ചുകൂട്ടിയത്. ഡോ. സേതുമാധവന്‍ തന്റെ മനസിനെ ഇതിനായി പാകപ്പെടുത്തിയിരുന്നു.
ഫോണ്‍, മറ്റ് വിനോദോപാധികള്‍ മുതലായവ നിഷിദ്ധമായിരുന്നു. വായന, മന്ത്രോച്ചാരണം എന്നിവ സമയത്തെ അതിജീവിക്കാന്‍ സഹായകമായി. കേട്ടറിഞ്ഞ കായകല്പ ചികിത്സ അനുഭവിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് ബ്രണ്ടന്‍ പറഞ്ഞു. സങ്കീര്‍ണ്ണവും ചിലവേറിയതുമാണു കായകല്‍പ്പ ചികിത്സ. രസായന ചികിത്സയെന്നാണ് ഇതിനെ കൃത്യമായി ആയൂര്‍വേദം വിശേഷിപ്പിക്കുന്നത്. ചിട്ടയായതും ശാസ്ത്രീയവുമായ രസായന ചികിത്സയിലൂടെ ശരീരത്തിന്റെ പുതിയ കോശ നിര്‍മ്മിതി സാധ്യമാകുമെന്നും അതുവഴി വാര്‍ദ്ധക്യത്തില്‍ നിന്ന് യൗവ്വനം, തിരിച്ചു കിട്ടുന്നു എന്നതുമാണ് കായകല്‍പ ചികിത്സയുടെ അത്ഭുത ഫലസിദ്ധിയായി ഉയര്‍ത്തിക്കാട്ടുന്നത്.
രസായന ചികിത്സക്ക് വിധേയനായ ബ്രണ്ടനില്‍ ഒട്ടേറെ ശാരീരിക, മാനസിക മാറ്റങ്ങള്‍ പ്രകടമാണെന്ന് പടിഞ്ഞാര്‍ക്കര ആയൂര്‍വേദ റിസര്‍ച്ച് സെന്റര്‍ എംഡി ഡോ:സേതുമാധവന്‍ വിശദീകരിച്ചു. പുതിയ മുടി കിളിര്‍ക്കുന്നതും നരച്ച മുടി കറുത്ത് വരുന്നതായും പല്ലുകള്‍ മുളച്ചു വരുന്നതുമടക്കം രസായന ചികിത്സയുടെ ഗുണഫലം വളരെ വലുതാണത്രെ. ഇതു വരെ വിദേശത്തു നിന്നടക്കം 8 പേരെ രസായന ചികിത്സക്ക് വിധേയനാക്കിയതിന്റെ അപൂര്‍വ്വ നേട്ടം ഇദ്ദേഹത്തിനുണ്ട്.
കായകല്പ ചികിത്സയിലൂടെ സ്വന്തമാക്കിയ പുതിയ ഊര്‍ജ്ജവും, ഉണര്‍വും കരുത്താക്കി മാറ്റിയാണു 68 കാരനായ ബ്രണ്ടന്‍ ലണ്ടനിലേക്കു വിമാനം കയറുന്നത്. കേരളത്തിന്റെ ആയൂര്‍വേദത്തെക്കുറിച്ചും കായകല്പ ചികിത്സയുടെ അനുഭവങ്ങളെകുറിച്ചും ബ്രിട്ടീഷ് മാധ്യമങ്ങളില്‍ എഴുതുമെന്ന് ബ്രണ്ടന്‍ പറഞ്ഞു. കപ്പല്‍, വിമാനം എന്നിവ സ്വന്തമായുള്ള അതിസമ്പന്നന്മാരില്‍ ഒരാളാണു ബ്രണ്ടന്‍. സ്വര്‍ണ്ണം കൊണ്ടുള്ള ഗ്ലാസില്‍ ചായ കുടിക്കുന്നതടക്കം ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞ സ്വഭാവരീതികള്‍ ബ്രണ്ടനു സ്വന്തമാണ്. 15ന് അദ്ദേഹം നാട്ടിലേക്കു മടങ്ങും, നിളാതീരത്തിന്റെ ആയൂര്‍വേദ പെരുമയുടെ പുണ്യംനുകര്‍ന്ന ധന്യതയുമായി.