30 April, 2017 12:18:08 AM
ഗോമൂത്രത്തില്‍ നിന്നും ഔഷധപാനീയവുമായി കാണക്കാരിയിലെ ഗോകര്‍ഷകര്‍
കോട്ടയം ജില്ലയില്‍ ഏറ്റുമാനൂരിനടുത്ത് കാണക്കാരിയില്‍ നാടന്‍പശു സംരക്ഷണത്തിനായി കര്‍ഷകര്‍ ഉണ്ടാക്കിയ കൂട്ടായ്മ പുതിയ കാല്‍വെയ്പിലേക്ക്. കാന്‍സര്‍ തുടങ്ങിയുള്ള രോഗങ്ങള്‍ക്ക് വരെ മരുന്നായി അത്യുത്തമമെന്ന് വിധിയെഴുതിയ ഗോമൂത്രം ഉപയോഗിച്ച് സ്ക്വാഷും വിവിധതരം മൂല്യവര്‍ധിത ഉത്പന്നങ്ങളും തയ്യാറാക്കുന്ന തിരക്കിലാണ് ഇവിടത്തെ നാടന്‍ പശുകര്‍ഷകര്‍. പന്ത്രണ്ടോളം വരുന്ന അംഗങ്ങള്‍ ഇതിനായി പ്രത്യേക പരിശീലനം നേടികഴിഞ്ഞു.
മനുഷ്യശരീരത്തിന് ആവശ്യമായ 33 മൂലകങ്ങള്‍ ചേര്‍ന്നതാണ് നാടന്‍ പശുവിന്‍റെ മൂത്രവും ചാണകവും പാലും. ആഹാരത്തോടൊപ്പം ഉള്ളില്‍ ചെല്ലുന്ന വിഷാംശങ്ങള്‍ നാടന്‍ പശുക്കള്‍ പ്രധാനമായും കണ്ഠത്തിലും താടയിലും ശേഖരിക്കുന്നു. ഇത് പാലിലോ ചാണകത്തിലോ മൂത്രത്തിലോ കലരുന്നില്ല. അതേസമയം സങ്കരയിനം പശുക്കളില്‍ നേരേ തിരിച്ചാണ് സംഭവിക്കുക. പശു കഴിക്കുന്ന വിഷാംശമെല്ലാം പാലിലും മൂത്രത്തിലും ചാണകത്തിലും കലര്‍ന്നിട്ടുണ്ടാവും. ഇത് കൂടി മുന്‍ നിര്‍ത്തിയാണ് നാടന്‍പശു ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചുള്ള പഞ്ചഗവ്യചികിത്സയുടെ ഭാഗമായി ഔഷധ സപ്ലിമെന്‍റുകള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ ഇവര്‍ സ്വയം ഉത്പാദിപ്പിച്ചു തുടങ്ങിയത്.
വാത - പിത്ത - കഫ സംബന്ധിയായ അസുഖങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ശനിയാഴ്ച ഇവര്‍ ഉണ്ടാക്കി തുടങ്ങിയ സ്ക്വാഷ്. ഗവ്യവിദഗ്ധനായ ആലപ്പുഴ ജിജിമോന്‍ വൈദ്യര്‍ ആണ് ഇവര്‍ക്കുള്ള പരിശീലനം നല്‍കിയത്. പഞ്ചഗവ്യ ചികിത്സയില്‍ പഞ്ചഭൂതങ്ങളില്‍ ഒന്നായ വായുവിന്‍റെ സ്ഥാനമാണ് ഗോമൂത്രത്തിനുള്ളത്. പ്രാചീന ഭാരതീയ സങ്കല്‍പ്പത്തില്‍ തന്നെ മുപ്പത്തി മുക്കൊടി ദേവതകളുടെ അധിവാസം ഗോമൂത്രത്തിലുള്ളതായാണ് കണക്കാക്കപ്പെടുന്നത്. രോഗപ്രതിരോധത്തിനും ഹൃദയം, കിഡ്നി തുടങ്ങിയ ആന്തരാവയവങ്ങളുടെ ശുദ്ധീകരണത്തിനും ഉള്‍പ്പെടെ മനുഷ്യശരീരത്തിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് അത്യുത്തമമാണ് ഗോമൂത്രം എന്ന് ജിജിമോന്‍ വൈദ്യര്‍ പറയുന്നു.
സ്ക്വാഷിന്‍റെ ഗുണങ്ങളും വൈദ്യര്‍ വിശദീകരിച്ചു. ആപ്പിള്‍, പേരയ്ക്ക തുടങ്ങിയ വെള്ള നിറമുള്ള പഴങ്ങളുടെ രസം ഉപയോഗിച്ചുള്ള സ്ക്വാഷ് വാതസംബന്ധിയായ അസുഖങ്ങള്‍ക്ക് ഗുണകരമാകും. പൈനാപ്പിള്‍, ഏത്തപ്പഴം തുടങ്ങി മഞ്ഞനിറമുള്ള പഴങ്ങളുടെ രസം പിത്താദിക്യ അസുഖങ്ങള്‍ക്കും മുന്തിരി തുടങ്ങിയ ചുവന്ന പഴങ്ങളുടെ രസം കഫാദിക്യ അസുഖങ്ങള്‍ക്കുമാണ് പ്രയോജനപ്പെടുക.
മൂന്ന് ലിറ്റര്‍ ഗോമൂത്രവും മൂന്ന് കിലോ നാടന്‍ ശര്‍ക്കരയുമാണ് സ്ക്വാഷ് ഉണ്ടാക്കുന്നതിന് പ്രാഥമികമായി ആവശ്യമുള്ളത്. ആദ്യം ഗോമൂത്രം വാറ്റി അര്‍ക്കം തയ്യാറാക്കും. ആവശ്യമുള്ള പഴങ്ങളുടെ പള്‍പ്പ് തയ്യാറാക്കിയത് ഒന്നര ലിറ്റര്‍ വേണം. ഈ അര്‍ക്കവും ശര്‍ക്കരയും പള്‍പ്പും ഏലക്ക, ജീരകം എന്നിവയും ചേര്‍ത്ത് അടുപ്പത്ത് പാകപ്പെടുത്തിയെടുക്കും. വീണ്ടും ആകെയുള്ളതിന്‍റെ മൂന്നില്‍ രണ്ടായി കുറുക്കി പാനി രൂപത്തിലാക്കണം. ഇത് മൂന്ന് സ്പൂണ്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കിയെടുത്താല്‍ സ്ക്വാഷ് ആയി ഉപയോഗിക്കാം. ഗോമൂത്രം വാറ്റുന്നതോടൊപ്പം ഇതില്‍ അടങ്ങിയിരിക്കുന്ന അമോണിയായുടെ അംശം തീര്‍ത്തും ഇല്ലാതാക്കുകയും ചെയ്യുന്നു. ശനിയാഴ്ച കാണക്കാരിയില്‍ ആദ്യമായി തയ്യാറാക്കിയ സ്ക്വാഷ് പരിശീലനത്തിന് എത്തിയവര്‍ക്ക് നല്‍കുകയും ചെയ്തു.
കാണക്കാരി നാടന്‍പശു സംരക്ഷണ സമിതിയിലെ അംഗങ്ങളായ ജോമോന്‍ പാറ്റ്യാല്‍, ജോമി ജോര്‍ജ് എന്നിവര്‍ ഇതിനോടകം പഞ്ചഗവ്യതെറാപ്പിയില്‍ മാസ്റ്റര്‍ ഡിപ്ലോമാ കരസ്ഥമാക്കി കഴിഞ്ഞു. ഇവരുടെയും കോതമംഗലത്തും കൊടകരയിലുമുള്ള ഇവരുടെ സീനിയേഴ്സിന്‍റെയും നേതൃത്വത്തില്‍ എല്ലാ മാസവും ആദ്യവെള്ളിയാഴ്ച കാണക്കാരിയില്‍ പഞ്ചഗവ്യ ചികിത്സാക്യാമ്പും നടത്തിവരുന്നുണ്ട്. പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സാരീതി ഇവിടെ സാധ്യമായത് നാടന്‍പശു വളര്‍ത്തലില്‍ തങ്ങളുടെ കമ്പം ഒന്നുകൊണ്ടുമാത്രമാണെന്ന് കര്‍ഷകര്‍ പറയുന്നു.
കാണക്കാരിയില്‍ 35 വീടുകളില്‍ നാടന്‍ പശുക്കളെ വളര്‍ത്തുന്നുണ്ട്. ഗോമൂത്രവും ചാണകവും നെയ്യും ഒക്കെ ഉപയോഗിച്ച് ഇതിനോടകം ഒട്ടേറെ ഉത്പന്നങ്ങള്‍ ഇവര്‍ തയ്യാറാക്കി കഴിഞ്ഞു. ദന്തചാവനചൂര്‍ണ്ണം, സ്നാനചൂര്‍ണ്ണം, ഷാംബു, ഭൃംഗരാജതൈലം, വേദനസംഹാരിണി, കൊതുകുതിരി, അര്‍ക്കം, ഘനവടി ഇവയെല്ലാം ജോമി ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ഉണ്ടാക്കുന്നത് ഇപ്പോള്‍ അംഗങ്ങള്‍ക്കിടയിലാണ് വിതരണം ചെയ്യുന്നത്. പരിശീലനം പൂര്‍ത്തിയായി കൂടുതല്‍ കര്‍ഷകര്‍ ഈ രംഗത്തേക്ക് കടന്നുവന്നാല്‍ അധികം താമസിയാതെ ഈ ഉത്പന്നങ്ങള്‍ പൊതു വിപണിയിലും എത്തിക്കാനാവുമെന്നാണ് ഇവരുടെ പ്രതീക്ഷ.
- ബി എസ് കുമാര്‍