22 February, 2017 12:16:00 PM


പേവിഷബാധയ്ക്കുള്ള വാക്‌സിന്‍ സംസ്ഥാനത്ത് ഉല്പാദിപ്പാക്കാന്‍ പദ്ധതി: മന്ത്രി കെ. രാജു



കോട്ടയം: സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പാലോട് പ്രവര്‍ത്തിക്കുന്ന അത്യാധുനിക സൗകര്യമുള്ള ലബോറട്ടറിയില്‍ പേവിഷബാധയ്ക്കുള്ള വാക്‌സിന്‍ ഉല്പാദിപ്പിക്കാന്‍ പദ്ധതിയുള്ളതായി വനം-വന്യ ജീവി- മൃഗസംരക്ഷണ വകുപ്പു മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. ജില്ലയില്‍ പക്ഷിപ്പനി ബാധമൂലം നഷ്ടം സംഭവിച്ച താറാവു കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുകയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തുഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി നബാഡിന്റെ പദ്ധതിയില്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി വരുന്നു.

കന്നുകാലികളെ ഇന്‍ഷുര്‍ ചെയ്യുന്ന പദ്ധതിയും ഈ സാമ്പത്തിക വര്‍ഷം തന്നെ സര്‍ക്കാര്‍ നടപ്പാക്കും. 40000 പശുക്കളെ അടുത്ത മാസം തന്നെ ഇന്‍ഷുര്‍ ചെയ്യും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ എല്ലാ കന്നുകാലികള്‍ക്കും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും. കര്‍ഷകര്‍ അടയ്ക്കുന്ന പ്രീമിയം തുകയുടെ 75 ശതമാനം സബ്‌സിഡിയായി നല്‍കും. താറാവു കര്‍ഷകര്‍ തങ്ങളുടെ പരിധിയിലുള്ള മൃഗാശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും എല്ലാ പഞ്ചായത്തിലും ഒറ്റദിവസം കൊണ്ട് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 11.87 കോടി രൂപയാണ് പക്ഷിപ്പനി നഷ്ടപരിഹാരമായി വിതരണം ചെയ്യുന്നത്. മന്ത്രി അറിയിച്ചു.  

ജില്ലയിലെ 40 താറാവുകര്‍ഷകര്‍ക്ക് 2.86 കോടി രൂപ നഷ്ടപരിഹാരമായി മന്ത്രി വിതരണം ചെയ്തു.  രണ്ടു മാസത്തിനു മുകളില്‍ പ്രായമുള്ള താറാവിന് 200 രൂപയും രണ്ടു മാസത്തില്‍ താഴെ പ്രായമുള്ള താറാവുകള്‍ക്ക് 100 രൂപയുമാണ് നഷ്ടപരിഹാരമായി അനുവദിച്ചത്.  ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എംപി., സുരേഷ് കുറുപ്പ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൃഗസംരക്ഷണ വകുപ്പു ഡയറക്ടര്‍ ഡോ. എന്‍.എന്‍. ശശി സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം. ദിലീപ് നന്ദിയും പറഞ്ഞു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K