17 February, 2017 10:38:04 PM
കൃഷിയും സിനിമയും തനിക്ക് ഒരുപോലെ ആനന്ദം പകരുന്നു - മമ്മൂട്ടി
ആലപ്പുഴ: കര്‍ഷകര്‍ക്കായി മലയാളം കമ്മ്യൂണിക്കേഷന്‍സ് ഏര്‍പ്പെടുത്തിയ കതിര്‍ അവാര്‍ഡ് ആലപ്പുഴയില്‍ ചെയര്‍മാന്‍ നടന്‍ മമ്മൂട്ടി സമ്മാനിച്ചു. കൃഷിയും സിനിമയും തനിക്ക് ഒരുപോലെ ആനന്ദം പകരുന്നതാണെന്ന് മമ്മൂട്ടി പറഞ്ഞു. സമൂഹത്തില്‍ ഏറ്റവുമധികം ബഹുമതി അര്‍ഹിക്കുന്നത് കര്‍ഷകരാണ്. ആളുകള്‍ പലവിധത്തില്‍ ഉണ്ടാക്കുന്ന പണം കൊണ്ട് കര്‍ഷകന്‍റെ വിയര്‍പ്പിന്‍റെ ഫലം വാങ്ങുന്നു. ആഹാരം നല്‍കുന്നവരെ ബഹുമാനിക്കുന്നതാണ് നമ്മുടെ സംസ്ക്കാരം. പ്രകൃതിയുമായി യോജിച്ചുള്ള കൃഷിരീതിയാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മികച്ച കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട ജോയി ലൂക്കോസ് ചെമ്മാച്ചേല്‍, മികച്ച കര്‍ഷക തൃശൂര്‍ സ്വദേശിനി ബീന സഹദേവന്‍, മികച്ച പരീക്ഷണാത്മക കര്‍ഷകന്‍, സെബി പഴയാറ്റില്‍, സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ച പി.എ. അബ്ദുള്‍ അസീസ് എന്നിവര്‍ക്ക് മമ്മൂട്ടി അവാര്‍ഡ് സമ്മാനിച്ചു. കൈരളി ടിവി എം.ഡി. ജോണ്‍ ബ്രിട്ടാസ് അദ്ധ്യക്ഷനായി. എ. വിജയരാഘവന്‍, സി.കെ. കരുണാകരന്‍, സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, ജൂറി ചെയര്‍മാന്‍ കെ.ആര്‍. വിശ്വംഭരരന്‍ ജൂറി അംഗം പി.എ. സിദ്ധാര്‍ത്ഥമേനോന്‍ എന്നിവര്‍ സംസാരിച്ചു. എം.എം. മോനായി സ്വാഗതവും മൂസ നന്ദിയും പറഞ്ഞു.