16 January, 2016 12:51:54 PM
പള്‍സ് പോളിയോ : ജനുവരി 16 നും ഫെബ്രുവരി 21 നും
കോട്ടയം: പള്‍സ് പോളിയോ പ്രതിരോധപരിപാടി ജനുവരി 16, ഫെബ്രുവരി 21നും നടക്കും. അഞ്ചുവയസിനു താഴെയുള്ള 1,25,140 കുട്ടികള്‍ക്കാണു ജില്ലയില്‍ തുള്ളി മരുന്ന് നല്‍കുക.
ആരോഗ്യകേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍, സ്വകാര്യ ആശുപത്രികള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവയിലാണു സാധാരണ ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പ്രവര്‍ത്തന സമയം.
40 ട്രാന്‍സിറ്റ് ബൂത്തുകള്‍, 20 മൊബൈല്‍ ബൂത്തുകള്‍ എന്നിവയും ക്രമീകരിക്കും. റെയില്‍വെ സ്‌റ്റേഷന്‍, ബസ് സ്‌റ്റാന്‍ഡ്, ബോട്ട്‌ജെട്ടി എന്നിവിടങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ഇതരസംസ്‌ഥാന തൊഴിലാളികളുടെ താമസസ്‌ഥലങ്ങള്‍, ഉത്സവസ്‌ഥലങ്ങള്‍, കല്യാണമണ്‌ഡപങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന സ്‌ഥലങ്ങളില്‍ എത്തി മരുന്ന് നല്‍കാനാണ് മൊബൈല്‍ ബൂത്തുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഇതിനായി ആയിരത്തിലധികം ബൂത്തുകള്‍ സജ്‌ജീകരിച്ചിട്ടുണ്ട്. തുള്ളിമരുന്നു നല്‍കാന്‍ പരിശീലനം സിദ്ധിച്ച 2152 സന്നദ്ധപ്രവര്‍ത്തകരെയും നിയോഗിച്ചിട്ടുണ്ട്.
അഞ്ചുവയസിനു താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് തുള്ളിമരുന്നു നല്‍കുന്നുവെന്ന് ഉറപ്പു വരുത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നു ജില്ലാ കലക്‌ടര്‍ യു.വി. ജോസ് പറഞ്ഞു. നാളെ നടക്കുന്ന ഒന്നാം ഘട്ട പള്‍സ് പോളിയോ യജ്‌ഞത്തിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.