26 December, 2016 08:28:29 PM


കന്നുകാലികള്‍ക്കുളള പുതിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് ഈ വര്‍ഷം തുടക്കം




കോട്ടയം: ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുളള പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ഈ വര്‍ഷം സംസ്ഥാനത്ത് നടപ്പാക്കുമെന്ന് വനം-മൃഗസംരക്ഷണം-ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം 40,000 പശുക്കളെ പദ്ധതിക്ക് കീഴില്‍ ഇന്‍ഷുര്‍ ചെയ്യുന്നതിനാണ് തീരുമാനം. വരും വര്‍ഷങ്ങളില്‍ മുഴുവന്‍ പശുക്കളെയും പദ്ധതിക്ക് കീഴില്‍ ഇന്‍ഷുര്‍ ചെയ്യുന്നതിന് നടപടിയുണ്ടാകും.  ഇതിലേക്ക് കര്‍ഷകര്‍ അടയ്ക്കുന്ന പ്രീമിയം തുകയുടെ 75 ശതമാനവും സര്‍ക്കാര്‍ ധനസഹായമായി ലഭിക്കും. 


ക്ഷീരോല്പാദനത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുന്നതിനുളള പരിശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. സംസ്ഥാനത്തിന് ആവശ്യമായ പാലിന്റെ 70 ശതമാനം ഇപ്പോള്‍ ഇവിടെ ഉല്പാദിപ്പിക്കുന്നുണ്ട്. ശേഷിക്കുന്ന 30 ശതമാനം പാല്‍കൂടി അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ ഉല്പാദിപ്പിക്കുന്നതിനുളള നടപടികളാണ് എടുത്തു വരുന്നത്. ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീരവികസന വകുപ്പില്‍ നിന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും ഒരേ സമയം ധനസഹായം ലഭിക്കന്നതിനുളള നിയമ തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍തലത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 


പാലിന്‍റെ വില വര്‍ദ്ധിപ്പിക്കാതെ തന്നെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ആദായം നല്‍കുന്നതിനാണ് മില്‍മ നടപടിയെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കു മേല്‍ കൂടുതല്‍ ഭാരം കെട്ടി ഏല്‍പ്പിക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന വിലയേക്കാള്‍ വളരെ ഉയര്‍ന്ന വിലയ്ക്കാണ് മില്‍മ വിപണിയില്‍ പാല്‍ വില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഉപഭോക്താക്കളെ ബാധിക്കാത്ത വിധത്തില്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കാന്‍ മില്‍മ നടപടി സ്വീകരിക്കണം. 


ഞീഴൂര്‍ ക്ഷീര സഹകരണ സംഘം നിര്‍മ്മിച്ച ഫെസിലിറ്റേഷന്‍ സെന്ററിന്റെയും പാല്‍ ശീതികരണ യൂണിറ്റിന്റേയും പുതിയ ഓഫീസ് സമുച്ചയത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മികച്ച ക്ഷീര കര്‍ഷകര്‍ക്കും ബ്ലോക്കിലെ ക്ഷീര കര്‍ഷക സംഘത്തിനുമുളള അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ഞീഴൂര്‍ ക്ഷീര സഹകരണ സംഘത്തിന്റെ മുന്‍ പ്രസിഡന്റുമാര്‍, മികച്ച വനിതാ ക്ഷീര കര്‍ഷക എന്നിവരെയും ആദരിച്ചു. ക്ഷീര വികസന വകുപ്പില്‍ നിന്നുളള വിവിധ ധനസഹായ വിതരണവും നടന്നു. 


അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ജോര്‍ജ്ജുകുട്ടി ജേക്കബ്ബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൂസമ്മ ജെയിംസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ , ഞീഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.മണിലാല്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സക്കറിയാസ് കുതിരവേലി, ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ റ്റി. കെ. അനികുമാരി തുടങ്ങിയവര്‍ പങ്കെടത്തു. ക്ഷീരസംഘം പ്രസിഡന്റ് പി.കെ. നാരായണന്‍ സ്വാഗതവും ക്ഷീര വികസന ഓഫീസര്‍ ജോഷി ജോസഫ് നന്ദിയും പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K