01 December, 2016 02:25:23 AM


എയ്ഡ്സ് എന്ന മഹാമാരിക്കെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കാം



ഡിസംബര്‍ 1 (ലോക എയിഡ്സ് ദിനം) - എയ്ഡ്സ് എന്ന മഹാമാരിയെപറ്റി അറിയാനും ബോധവൽക്കരണം നടത്താനുമുള്ള അവസരമാണു ഈ ദിനം. എയിഡ്സ് രോഗത്തോടുള്ള ചെറുത്ത് നിൽപ്പിനു ശക്തി കൂട്ടാൻ വേണ്ടി 1988 ഡിസംബർ ഒന്നു മുതലാണ്, ലോകാരോഗ്യ സംഘടന, ഐക്യ രാഷ്ട്ര സഭ എന്നിവയുടെ നേതൃത്വത്തിൽ ലോക എയിഡ്സ് ദിനം ആച്ചരിക്കപ്പെടുന്നത്. എയ്ഡ്സിനെ കുറിച്ചു സമൂഹത്തെ ബോധവാന്മാരാക്കുകയും എയ്ഡ്സ് രോഗികള്‍ക്കു കിട്ടേണ്ട സാമൂഹിക പരിഗണന ഉറപ്പുവരുത്തുകയുമായിരുന്നു ലക്ഷ്യം.


ഹ്യൂമന്‍ ഇമണോ ഡെഫിഷെന്‍സി വൈറസാണു രോഗം പടര്‍ത്തുന്നത്. എച്ച്.ഐ.വി.  ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ്, അക്വേർഡ് ഇമ്മ്യൂൺ ഡെഫിഷൻസി സിൻഡ്രോം (Acquired Immune Deficiency Syndrome) എന്നതിന്റെ ചുരുക്ക രൂപമാണ് AIDS.


എയ്‌ഡ്‌സ്‌ പ്രത്യേകം ശ്രദ്ധയിൽ പെട്ടത് 1981 ൽ ആണ്. സ്വവർഗ്ഗരതിക്കാരായ ഏതാനും അമേരിക്കൻ‍ യുവാക്കളിലാണ് ഈ അവസ്ഥ ആദ്യമായി കണ്ടത്. ആഫ്രിക്കൻ‍ രാജ്യങ്ങളിൽ ഇതിനു മുൻപുതന്നെ ഈ രോഗം കണ്ടു വന്നിരിന്നു എന്നു പറയപ്പെടുന്നു. എയിഡ്സിനെതിരെ ഇത്രയേറെ ബോധവല്ക്കരണം ലോകത്തു നടന്നിട്ടും  വര്‍ഷം  തോറും ലക്ഷക്കണക്കിനു പേര്‍ പുതുതായി  രോഗത്തിന് ഇരകളാകുന്നു. എയ്ഡ്സ് ബാധിതരുടെ എണ്ണവും എയ്ഡ്സ് വൈറസിന്റെ ശക്തിയും ദിനം പ്രതി കൂടി വരുകയാണ്. 

ലോകത്തുണ്ടായതില്‍ വച്ചേറ്റവും മാരകമായ അസുഖമാണിത്. യുഎന്‍ കണക്കു പ്രകാരം ലോകത്താകമാനം നാലു കോടി ജനങ്ങള്‍ എയ്ഡ്സ് ബാധിതരാണ്. ഇതില്‍ 25 ലക്ഷവും കുട്ടികളാണ്. പ്രതിദിനം 6800 പേര്‍ എയ്ഡ്‌സ് രോഗത്തിന് അടിമകളായി മാറുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് ഒരു മിനിട്ടില്‍ 50 പേര്‍ വീതം മരണത്തെ മുന്നില്‍ കണ്ട് ജീവിതം തള്ളിനീക്കുന്നു.


എയ്‌ഡ്‌സ് ഉണ്ടാകുന്നതെങ്ങനെ..?

  • എയ്ഡ്സ് രോഗാണു ബാധയുള്ളവരുമായി ലൈംഗിക വേഴ്ചയിൽ പെടുക.
  • കുത്തി വിപ്പ് സൂചികൾ ശരിയായി ശുചീകരിക്കാതെ വീണ്ടും ഉപയോഗിക്കുക.
  • വൈറസ് ഉള്ള രക്തം, രക്തത്തിൽ നിന്നും ഉണ്ടാക്കിയ വസ്തുക്കൾ, ശുക്ലം, വൃക്ക ഇവ മറ്റൊരാളിലേക്ക് പകരുക.
  • വൈറസ് ബാധ ഉള്ള സ്ത്രീയുടെ രക്തത്തിൽ കൂടിയോ, മുലപ്പാലിൽ കൂടിയോ ശിശുവിലേക്ക് രോഗാണുക്കൾ പകരാവുന്നതാണ്. ഇതിനു സാധ്യത 30 ശതമാനം മാത്രമാണ്.

എയ്‌ഡ്‌സ് പ്രതിരോധനടപടികൾ..!

  • വിവാഹേതര ലൈംഗികവേഴ്ചയിൽ ഒഴിവാക്കുകയോ, സുരക്ഷിതമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുകയോ ചെയ്യുക. ഉറകൾ ഉപയോഗിക്കുന്നതു കൊണ്ട് ഒരു പരിധിവരെ, രോഗം പകരാതിരിക്കുവാൻ സാധിക്കും, പക്ഷേ സമ്പൂർണ്ണ സുരക്ഷ ഇതു വാഗ്ദാനം ചെയ്യുന്നില്ല.
  • രോഗാണുബാധിതർ രക്തം, ശുക്ലം, വൃക്ക മുതലായവ ദാനം ചെയ്യാതിരിക്കുക.
  • സിറിഞ്ച്, സൂചി തുടങ്ങിയവ വീണ്ടും ഉപയോഗിക്കാൻ പാടില്ല.
  • പല്ലു തേക്കുന്ന ബ്രഷ്, ഷേവിംഗ് ബ്ലേഡ് ഇവ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കൊടുക്കരുത്. ഇവ ഉപയോഗിക്കുമ്പോൾ രക്തം പൊടിക്കാൻ സാധ്യതയുള്ളതു കൊണ്ടാണ് ഈ മുൻകരുതൽ എടുക്കേണ്ടത്.
  • എന്തെങ്കിലും ചികിത്സക്കായി ഡോക്ടറെ കാണുമ്പോൾ സ്വന്തം ആരോഗ്യസ്ഥിതി വെളിപ്പെടുത്തുക. കാരണം ആരോഗ്യപരിപാലകരായ ഇവർക്ക് വേണ്ടത്ര മുൻ കരുതൽ എടുക്കുവാൻ സാധിക്കും.
  • രോഗിയുടെ രക്തം നിലത്ത് വീഴാൻ ഇടയായാൽ ബ്ലീച്ചിംഗ് പൌഡർ വെള്ളത്തിൽ കലക്കി (1.10 എന്ന അനുപാതത്തിൽ) അവിടെ ഒഴിക്കുക. അര മണിക്കുറിനു ശേഷം കഴുകി കളയാം. വസ്ത്രത്തിൽ രക്തം പുരണ്ടാൽ തിളക്കുന്ന വെള്ളം ഒഴിച്ച് അരമണിക്കൂർ വച്ച ശേഷം കഴുകി വൃത്തിയാക്കുക. അണുബാധിതരുടെ വസ്ത്രം ഇപ്രകാരം വൃത്തിയാക്കുമ്പോൾ കൈയുറകൾ ധരിക്കണം.
  • എയ്‌ഡ്‌സ് അവസ്ഥയിലുള്ള സ്ത്രീ ഗർഭിണിയാവാതിരിക്കാൻ ശ്രദ്ധിക്കണം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.1K