28 October, 2016 01:12:53 PM


പക്ഷിപ്പനി: താറാവുകള്‍ ചത്തൊടുങ്ങുന്നു, കര്‍ഷകര്‍ കേഴുന്നു



കോട്ടയം:  അഞ്ചു ലക്ഷം രൂപ കടംവാങ്ങിയായിരുന്നു ക്രിസ് മസ് വിപണി ലക്ഷ്യമിട്ട് താറാവ് കൃഷി തുടങ്ങിയത്. 4300 താറാവുകളിൽ പകുതിയിലേറെ നാലുദിവസത്തിനുള്ളിൽ കൺമുന്നിൽ പിടഞ്ഞു വീണു ചത്തു. എന്നിട്ടും മൃഗസംരക്ഷണവകുപ്പിലെ ആരും പക്ഷിപ്പനി സ്ഥിരീകരിക്കുന്നില്ല. മുഴുവൻ ചത്തൊടുങ്ങി ചീഞ്ഞ് അഴുകിയ ശേഷം കുഴി മാന്തിച്ചായിരിക്കും അവന്മാരുടെ സ്ഥിരീകരണം ... കോട്ടയം മണിയാപറമ്പ് പ്രാപ്പുഴ സുനി എന്ന താറാവ് കർഷകന്റെ വാക്കുകളിൽ അധികൃതരോടുള്ള രോഷം മാത്രമല്ല ജീവിതം വഴി മുട്ടിയതിന്റെ സങ്കടവും നിറയുന്നു . 

അമ്പതു വ‌ർഷമായി താറാവ് കൃഷി നടത്തുന്ന ആളാണ് സുനി. കഴിഞ്ഞ തവണ പക്ഷിപ്പനിബാധിച്ച 2225 താറാവുകളെ കൊന്നപ്പോൾ 200 രൂപ വെച്ചു കിട്ടിയിരുന്നു. ഇക്കുറി രണ്ടായിരത്തിലേറെ താറാവ് ചത്തിട്ടും പത്തു പൈസ പോലും തന്നില്ല. 80 രൂപ വെച്ച് താറാവ് കുഞ്ഞുങ്ങളെ വാങ്ങിയതാണ്. നെൽകൃഷിക്കായി കീടനാശിനികളുടെ അമിത ഉപയോഗമാകാം താറാവുകളുടെ രോഗപ്രതിരോധ ശേഷി ഇല്ലാതാക്കിയത് . തീറ്റ കൊടുത്തു വളർത്താൻ കഴിയാത്തതിനാലാണ് കൊയ്തു കഴിഞ്ഞ പാടത്തിറക്കിയത്. ക്രിസ്മസിന് കുറഞ്ഞത് 300 രൂപ വെച്ച് താറാവുകളെ വില്ക്കാൻ ഇരുന്നതാണ്. ഒരെണ്ണത്തിനെപ്പോലും ജീവനോടെ കിട്ടുമെന്നു തോന്നുന്നില്ല. പിടഞ്ഞു വീണു ചാകുന്ന താറാവുകളെ എടുത്ത് ഒന്നിച്ച് ജഡം കൂട്ടിയിടുന്ന സുനിയുടെ ശബ്ദം ഇടറുന്നു. 


വെറ്റിനറി ഉദ്യോഗസ്ഥരാകട്ടെ ഭോപ്പാലിലേക്ക് അയച്ച സാമ്പിളിന്റെ ഫലം വരാൻ കാത്തിരിക്കുന്നു .പക്ഷിപ്പനിയെന്ന് അതു കഴിഞ്ഞേ സ്ഥിരീകരിക്കാനാവൂ എന്ന് പറഞ്ഞ് കൈമലർത്തുകയാണ് അവർ.മുൻ വർഷങ്ങളിലെപ്പോലെ തന്നെ പക്ഷിപ്പനിയുടെ താണ്ഡവമാടൽ മധ്യകേരളത്തിൽ ശക്തമായി. വൈറസ് പരത്തുന്നതിനാൽ കാറ്റിലൂടെ രോഗം പെട്ടെന്ന് വ്യാപിക്കും. . രോഗം വരാതിരിക്കാനോ വന്നാൽ നിയന്ത്രിക്കാനോ ഒരു മരുന്നും നിലവിലില്ല. മനുഷ്യരിലേക്ക് പടരില്ലെന്നു പറയുമ്പോഴും.സർജിക്കൽ മാസ്ക് ഉപയോഗിക്കാതെ രോഗബാധിതമേഖലയിൽ ആരും പോകരുതെന്ന മുന്നറിയിപ്പും സർക്കാർ നല്കിയിട്ടുണ്ട്.ചത്താൽ കുഴിച്ചിടാതെ കത്തിച്ചു കളയണമെന്നാണ് അധികൃതർ മുന്നറിയിപ്പു നല്കിയിട്ടുള്ളത്. മണ്ണെണ്ണ വാങ്ങാൻ പോലും കാശില്ലാത്ത കർഷകർ വയലിൽ തന്നെ കൂട്ടത്തോടെ കുഴിച്ചിടുന്നതിനാൽ കുടിവെള്ളത്തിലും ഇതിന്റെ അംശം എത്തുന്നു . 


മന്ദത ബാധിച്ച് തൂങ്ങി നില്ക്കുന്ന താറാവുകളുടെ കാഴ്ച ശക്തി നഷ്ടപ്പെടുന്നു. കുറേ നേരം വട്ടത്തിൽ കറങ്ങി ചിറകടിച്ച് ഒന്നൊന്നായി പിടഞ്ഞു വീണ് മരിക്കുന്നത് പക്ഷിപ്പനിയുടെ ലക്ഷണം തന്നെയെന്ന് കർഷകർ പറയുമ്പോഴും അധികൃതർ സമ്മതിക്കുന്നില്ല. പിന്നെ എന്തു രോഗം മൂലമാണ് കൂട്ടമായി താറാവുകൾ ചാകുന്നതെന്ന് പറയാനും അവർക്കു കഴിയുന്നില്ല. 


രോഗം പടരുമ്പോഴും വൈറസിനെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ആരോ താറാവുകൾ കൂട്ടത്തോടെ ചത്ത സ്ഥലങ്ങൾ സന്ദർശിക്കുന്നതിനപ്പുറം കാര്യമായൊന്നും ചെയ്യാൻ കഴിയുന്നില്ല.നഷ്ടപരിഹാര തുക ഇതുവരെ കൊടുക്കാത്തതിനാൽ ചത്ത താറാവുകളെ കത്തിച്ചു കളയണമെന്നു പറയാനും കഴിയുന്നില്ല.കൺട്രോൾ റൂം തുറന്ന് മൃഗസംരക്ഷണവകുപ്പിലെ ഡോക്ടർമാരുടെയും ജില്ലാ ആരോഗ്യവകുപ്പ് ഉന്നതോദ്യോഗസ്ഥരുടെയും ഫോൺനമ്പർ നല്കുന്നതിനപ്പുറം നിയന്ത്രിക്കാൻ കഴിയാത്ത രോഗത്തിനുമുമ്പിൽ ഉദ്യോഗസ്ഥരും പകച്ചു നില്ക്കുകയാണ


-  കെ.ജി.രഞ്ജിത്ത്




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K