31 January, 2026 07:03:49 PM


കോട്ടയം ജില്ലാ വികസനസമിതി യോഗം നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കാൻ നടപടിയെടുക്കും



കോട്ടയം: റോഡരികിലെ നടപ്പാത കൈയ്യേറി അനധികൃത കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാൻ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ഇതിനായി  
തദ്ദേശസ്വയംഭരണ വകുപ്പിനും പൊതുമരാമത്തുവകുപ്പിനും പോലീസിനും നിർദേശം നൽകി.  

വഴിയരികിൽ താത്കാലിക ഷെഡ് കെട്ടി കച്ചവടം തുടങ്ങുകയും  പിന്നീട് ചെറിയ കടമുറികളാക്കി മാറ്റുകയും ചെയ്യുന്നത് വ്യാപകമായതായി വിഷയം അവതരിപ്പിച്ച ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. കൃത്യമായ പരിശോധന നടത്തി ഇത്തരം കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.  

യാത്രക്കാർക്ക് തടസം സൃഷ്ടിക്കുന്ന രീതിയിൽ നിർമാണ സാമഗ്രികൾ, വൈദ്യുത പോസ്റ്റുകൾ തുടങ്ങിയവ വഴിയരികിൽ ഇടുന്നതിനെതിരെയും നടപടി വേണമെന്ന് ഡോ.എൻ. ജയരാജ് ആവശ്യപ്പെട്ടു.

ചെറുവള്ളി ക്ഷേത്രത്തിൻറെ ആറാട്ടുകടവിനടുത്തുള്ള സ്ഥലം സ്വകാര്യ വ്യക്തിയിൽനിന്ന് തിരിച്ചുപിടിക്കണമെന്ന ആവശ്യത്തിൽ അന്വേഷണം നടത്തി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് കാഞ്ഞിരപ്പള്ളി ഭൂരേഖാ തഹസീൽദാരെ ചുമതലപ്പെടുത്തിയതായി ഡെപ്യൂട്ടി കളക്ടർ(എൽ.ആർ) അറിയിച്ചു.

പൊന്തൻപുഴ-മുക്കട റോഡിൽ പൊന്തൻപുഴയിൽനിന്ന് എരുമേലിക്കു തിരിയുന്ന ഭാഗത്ത് സൈൻ ബോർഡുകൾ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

 ചങ്ങനാശേരി നഗരസഭയിൽ നിലാവ് പദ്ധതിയുമായി ബന്ധപ്പെട്ട വഴിവിളക്കുകളിൽ പ്രകാശിക്കാത്തവ  കെ.എസ്.ഇ.ബിയിൽ നിന്ന് അറ്റകുറ്റപ്പണി നടത്തി ലഭിച്ചിട്ടുണ്ടെന്നും സ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നതായും   ജോബ് മൈക്കിൾ എംഎൽഎ ഉന്നയിച്ച വിഷയത്തിന് മറുപടിയായി നഗരസഭാ സെക്രട്ടറി അറിയിച്ചു.

മാമ്മൂട്-വെങ്കോട്ട റോഡ് നിർമാണത്തിൻറെ കരാർ നടപടികൾ പൂർത്തീകരിച്ച് കരാറുകാരന് സൈറ്റ് കൈമാറിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

കുറിച്ചി പഞ്ചായത്തിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ ജോബ് മൈക്കിൾ എംഎൽഎ നിർദ്ദേശം നൽകി. പെരുന്ന, പായിപ്പാട് വില്ലേജ് ഓഫീസുകളുടെ നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ ആസൂത്രണസമിതി ഹാളിൽ നടന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭാ ചെയർമാൻ എം.പി. സന്തോഷ്‌കുമാർ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത് വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925