05 July, 2025 08:57:33 AM


തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു



തിരുവനന്തപുരം: മയോ ക്ലിനിക്കില്‍ നടത്തിയിരുന്ന ചികിത്സയുടെ ഭാഗമായുള്ള പരിശോധനകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലേക്ക് യാത്ര തിരിച്ചു. പുലര്‍ച്ചെ മൂന്നുമണിക്കാണ് തിരുവനന്തപുരത്തുനിന്നും അദ്ദേഹം യാത്ര തിരിച്ചത്. ചീഫ് സെക്രട്ടറി എ.ജയതിലകും പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറും മുഖ്യമന്ത്രിയെ യാത്രയാക്കാന്‍ പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. പത്ത് ദിവസം ചികിത്സയ്ക്കായി അമേരിക്കയില്‍ തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

2018 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി ആദ്യമായി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയത്. പിന്നീട് പല തവണ ചികിത്സയ്ക്കായി യുഎസില്‍ പോയി. 2023ല്‍ നടത്തിയ ചികിത്സയുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പോയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. രാജ്യത്തിന് പുറത്തേക്ക് പോകുമ്പോള്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. ആവശ്യമെങ്കില്‍ മന്ത്രിസഭാ യോഗങ്ങളില്‍ ഓണ്‍ലൈനായി പങ്കെടുക്കും. ഫയലുകള്‍ ഇ- ഓഫീസ് വഴി കൈകാര്യം ചെയ്യും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K