23 April, 2025 09:09:51 AM
കോട്ടയം ഇരട്ടക്കൊല കേസ് പ്രതി അമിത് ഒറാങ് പിടിയിൽ

കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതി അസം സ്വദേശി അമിത് ഒറാങ് പിടിയിൽ. തൃശൂർ മാളയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ തെളിവായി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. തൃശ്ശൂർ മാളയിൽനിന്നാണ് ഇയാളെ അന്വേഷണം സംഘം പിടികൂടിയത്. ഇയാൾ മാളയിൽ കോഴിഫാമിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കോഴി ഫാമിൽ ഇതരസംസ്ഥാനത്തൊഴിലാളികൾക്കൊപ്പമായിരുന്നു ഇയാൾ ഉണ്ടായിരുന്നത്. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. അമിത് ഒറ്റയ്ക്കാണ് അതിക്രൂര കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വിജയകുമാറിനെയും മീരയെയും ചോര വാർന്ന് മരിച്ച നിലയിൽ ഇരുമുറികളിലായി കണ്ടെത്തിയത്. വിജയകുമാറിന്റെയും ഭാര്യയുടെയും മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.