21 April, 2025 09:37:31 AM


പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു; ചോദ്യം ചെയ്ത പ്രതിശ്രുത വരനെ അക്രമിച്ച പ്രതി അറസ്റ്റിൽ



കോഴിക്കോട്: കോഴിക്കോട് പുതിയങ്ങാടിയിൽ പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച സംഭവത്തിൽ പ്രതി കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ് നായർ അറസ്റ്റിൽ. എലത്തൂർ പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചത് പ്രതിശ്രുത വരൻ ചോദ്യം ചെയ്തതിൻ്റെ പേരിലായിരുന്നു പ്രതി ഇരുവരെയും അക്രമിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുതിയങ്ങാടിയിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തിയതായിരുന്നു യുവതിയും യുവാവും.ഇതിനിടെ വണ്ടിയുടെ പിന്നിലിരുന്ന യുവതിയോട് ലൈംഗിക ചുവയോടെ പ്രതി നിഖിൽ എസ് നായർ ആംഗ്യം കാണിച്ചു. ഇത് പ്രതിശ്രുത വരൻ ചോദ്യം ചെയ്തതോടെയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്.

ആയുധം ഉപയോഗിച്ച് പ്രതിശ്രുത വരനെയും വധുവിനെയും നിഖിൽ ക്രൂരമായി അക്രമിച്ചു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. മുമ്പും സമാന കേസുകളിൽ പെട്ട ആളാണ് നിഖിൽ. കാപ്പ ചുമത്തപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്ന പ്രതികൂടിയാണ് നിഖിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K