19 April, 2025 01:06:24 PM
വിദ്യാര്‍ഥികള്‍ക്ക് മദ്യം ഒഴിച്ചുനല്‍കി; മധ്യപ്രദേശിൽ സർക്കാര്‍ സ്‌കൂള്‍ അധ്യാപകന് സസ്‌പെൻഷൻ

ഭോപ്പാൽ : വിദ്യാര്‍ഥികള്‍ക്ക് മദ്യം ഒഴിച്ചുനല്‍കിയ അധ്യാപകനെതിരെ നടപടി. കുട്ടികളെ മുന്നിലിരുത്തി മദ്യപിക്കാൻ ആവശ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ സർക്കാർ സ്കൂൾ അധ്യാപകനെ സസ്പെന്റ് ചെയ്തു. മധ്യപ്രദേശിലെ കാറ്റ്നി ജില്ലയിലെ ഖിർഹാനി ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലെ അധ്യാപകനായ ലാൽ നവീൻ പ്രതാപ് സിംഗിനെതിരെയാണ് നടപടിയെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ജില്ലാ കളക്ടർ ദിലീപ് കുമാർ യാദവ് അധ്യാപകനെതിരെ നടപടിയെടുക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് ആവശ്യപ്പെടുകയായിരുന്നു. ഒരു മുറിയിൽ നിന്നുള്ള വീഡിയോയിൽ ആൺകുട്ടികളെ മുന്നിലിരുത്തി, കപ്പുകളിൽ മദ്യമൊഴിക്കുന്നത് കാണാം, ശേഷം കുടിക്കുന്നതിന് മുമ്പ് വെള്ളം കലർത്തണമെന്നും കുട്ടികളോട് അധ്യാപകൻ പറയുന്നതും കേൾക്കാം. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോക്കെതിരെ വലിയ വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്.