19 April, 2025 11:58:25 AM
വെന്റിലേറ്ററിൽ എയർഹോസ്റ്റസിന് ലൈംഗിക പീഡനം: പ്രതി പിടിയിൽ

ഗുരുഗ്രാം: ആശുപത്രിയില്‍ വെന്റിലേറ്ററിൽ ചികിത്സയില്‍ കഴിയുന്നതിനിടെ എയര്‍ഹോസ്റ്റസായ യുവതി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതി പിടിയില്‍. യുവതി ചികിത്സയിലിരുന്ന ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ ടെക്‌നിക്കല്‍ ജീവനക്കാരനെയാണ് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്.
ബിഹാര്‍ മുസഫര്‍പൂര്‍ സ്വദേശിയായ ദീപക് ആണ് യുവതിയെ ആക്രമിച്ചത് എന്നാണ് പൊലീസ് കണ്ടെത്തല്‍. കഴിഞ്ഞ അഞ്ച് മാസമായി മേദാന്ത ആശുപത്രിയിലെ ജീവനക്കാരനായിരുന്നു ഇയാള്‍. എണ്ണൂറോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ആശുപത്രി ജീവനക്കാര്‍ നല്‍കിയ വിവരങ്ങളും നിര്‍ണായകമായി. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ 50-ലധികം ജീവനക്കാരെയും ചില ഡോക്ടര്‍മാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. സൂക്ഷ്മമായ അന്വേഷണത്തിന് ഒടുവില്‍ പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിന് ശേഷം ദീപകിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
അവിവാഹിതനായ പ്രതി അശ്ലീല വീഡിയോയ്ക്ക് സ്ഥിരമായി കാണുന്ന വ്യക്തിയാണെന്ന് വെളിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഗുരുഗ്രാമിലെ ആശുപത്രിയില്‍ ഏപ്രില്‍ ആറിനായിരുന്നു യുവതി പീഡനത്തിന് ഇരയായത്. ഏപ്രില്‍ 13ന് ആശുപത്രിയില്‍ നിന്ന് വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം ഭര്‍ത്താവിനോടു പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
എയര്‍ലൈന്‍സ് കമ്പനിക്കുവേണ്ടി പരിശീലനത്തിനായാണ് യുവതി ഗുരുഗ്രാമില്‍ എത്തിയത്. ഹോട്ടലില്‍ താമസിക്കവേ ആരോഗ്യം വഷളായതോടെ ചികിത്സയ്ക്കായി യുവതിയെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രില്‍ 5ന് ഭര്‍ത്താവ് എത്തിയ ശേഷം അവരെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചായിരുന്നു പീഡനത്തിന് ഇരയായത്.