17 April, 2025 10:01:41 AM
ലഹരി മാഫിയക്കെതിരെ പരാതി നല്‍കി; താമരശേരിയില്‍ ലഹരി വിരുദ്ധ സമിതി അംഗത്തിന് നേരെ ആക്രമണം

കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ ലഹരിമാഫിയാ സംഘത്തിന്റെ ആക്രമണം. ലഹരി വിരുദ്ധ സമിതി അംഗമായ കട്ടിപ്പാറ സ്വദേശി മുഹമ്മദിനാണ് മര്‍ദനമേറ്റത്. ലഹരി മാഫിയക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ആക്രമണം. ഇന്നലെ രാത്രി പളളിയില്‍ പോയി മടങ്ങുന്നതിനിടെ മൂന്നുപേര്‍ അടങ്ങുന്ന സംഘമാണ് മുഹമ്മദിനെ ആക്രമിച്ചത്. മുഹമ്മദ് താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമി സംഘത്തിലെ കെ ലിജേഷ് പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കേസില്‍ മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ 26 ന് ലഹരി മാഫിയ സംഘത്തിലെ അംഗമായിട്ടുള്ള പ്രമോദിന്റെ വീട് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തുന്നതായി ലഹരി വിരുദ്ധ സമിതി പൊലീസിന് നല്‍കിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് എത്തി വീട് പരിശോധിക്കുകയും പ്രമോദ് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പിന്നീട് പുറത്തിറങ്ങിയ പ്രമോദ് പല തവണ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ 28 ന് മുഹമ്മദ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.