12 April, 2025 08:59:37 AM


തൊടുപുഴ ബിജു ജോസഫിന്റെ കൊലപാതകം: ഒന്നാം പ്രതിയുടെ ബന്ധുവും അറസ്റ്റിൽ



ഇടുക്കി: തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രവിത്താനം സ്വദേശി എബിൻ ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി ജോമോന്റെ അടുത്ത ബന്ധുവും സഹായിയുമാണ് ഇയാൾ. ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടത് എബിന് അറിയാമായിരുന്നെന്ന് പൊലീസ്. കൊലപാതകവിവരം ആദ്യം അറിയിച്ചത് എബിനെ. ചോദ്യംചെയ്യലിന് നോട്ടീസ് നൽകിയിട്ടും ഹാജരാകാതെ ജോമോന്റെ ഭാര്യ.

കൊലപാതകത്തിന് ശേഷം ജോമോൻ ആദ്യം ഫോണിൽ വിളിച്ച് ദൃശ്യം നാലാം ഭാഗം നടപ്പാക്കിയെന്ന് പറഞ്ഞതും എബിനോട് ആയിരുന്നു. ഇരുവരുടെയും ഫോൺ സംഭാഷണ വിശദാംശങ്ങൾ പൊലീസിന് കിട്ടി. ഇരുവരുടെയും ശബ്ദ പരിശോധനയും അന്വേഷണ സംഘം പൂർത്തിയാക്കി. ഗൂഡാലോചന, കുറ്റകൃത്യം മറച്ചുവയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എബിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

സംഭവത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളറിയാവുന്ന ജോമോൻ്റെ ഭാര്യയെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഇവർ ഒളിവിലാണ്. ഇവർ മുൻകൂർ ജാമ്യാപേക്ഷ നൽകി മാറി നിൽക്കകയെന്നാണ് പൊലീസിന് കിട്ടിയ വിവരം. അതേസമയം ജോമോൻ, മുഹമ്മദ് അസ്‍ലം, ജോമിൻ കുര്യൻ എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.

കഴിഞ്ഞമാസമാണ് പുലർച്ചെ വീടിന് പുറത്തിറങ്ങിയ ബിജു ജോസഫിനെ നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോകുന്നത്. വാഹനത്തിനുള്ളിൽ വച്ച് കൊലപ്പെടുത്തിയ ബിജുവിനെ കലയന്താനിയിലുള്ള കേറ്ററിംഗ് ഗോഡൗണിലെ മാൻ ഹോളിനുള്ളിൽ മറവ് ചെയ്തു. ബിജുവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K