09 April, 2025 02:15:49 PM
മഹാരാഷ്ട്രയിൽ പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; 20കാരൻ അറസ്റ്റിൽ

താനെ: മഹാരാഷ്ട്രയിലെ താനെയിൽ പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. നഗരത്തിലെ മുംബ്ര പ്രദേശത്തെ സാമ്രാട്ട് നഗറിലെ 10 നില കെട്ടിടത്തിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കുറ്റകൃത്യത്തില്‍ 20 വയസ്സുള്ള, താക്കൂർപാഡ പ്രദേശത്ത് താമസിക്കുന്ന ആസിഫ് മൻസൂരിയെന്ന യുവാവിനെ അറസ്റ്റ് ചെയ്തു. കുട്ടിയെ കളിപ്പാട്ടങ്ങൾ കാണിച്ച് പ്രലോഭിപ്പിച്ച് പ്രതി തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു.
തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ആറാംനിലയിലെ വീട്ടിലെ ബാത്ത്റൂമിലേക്ക് കൊണ്ടുപോയി ജനാലയിലൂടെ മൃതദേഹം തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആസിഫ് മൻസൂരിക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 103 (കൊലപാതകം), 238 (കുറ്റകൃത്യത്തിന്റെ തെളിവുകൾ നശിപ്പിക്കൽ) എന്നിവ പ്രകാരവും പോക്സോ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്.