03 April, 2025 10:54:32 AM


ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിന്റെ മോചനം സർക്കാർ മരവിപ്പിച്ചു



തിരുവനന്തപുരം: ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് മോചനം നൽകാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. ബാഹ്യ സമ്മർദമുണ്ടായെന്ന ആരോപണത്തെത്തുടർന്നാണ് മന്ത്രിസഭയുടെ തീരുമാനം മരവിപ്പിച്ചത്. ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനമെടുത്ത് രണ്ട് മാസം പിന്നിട്ടിട്ടും റിപ്പോർട്ട് ഗവർണർക്ക് കൈമാറിയിരുന്നില്ല. മോചനം തടയണമെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഗവർണർ വിശദീകരണം ചോദിക്കാൻ സാധ്യത ഉണ്ടെന്നും സർക്കാരിന് വിവരം ലഭിച്ചിരുന്നു.

ഷെറിന് ശിക്ഷാഇളവ് നൽകാനുള്ള മന്ത്രിസഭാ ശുപാർശ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഒരു മാസംകൊണ്ടാണ് ശിക്ഷാ ഇളവിനുള്ള ശുപാര്‍ശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തിയത്. അര്‍ഹരായ നിരവധി പേരുള്ളപ്പോഴാണ് ഷെറിന് മാത്രമായുള്ള ശിക്ഷായിളവ്. 20 വര്‍ഷം ശിക്ഷ അനുഭവിച്ച രോഗികള്‍ പോലും ജയിലില്‍ തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഷെറിനെ പരിഗണിച്ചതാണ് വിവാദത്തിന് കാരണമായത്. ശിക്ഷ 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ശിക്ഷാ ഇളവ് നൽകുന്നതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K