02 April, 2025 09:14:32 AM


കരുനാഗപ്പള്ളി സന്തോഷ് വധക്കേസ്: മുഖ്യപ്രതി പങ്കജ് മേനോന്‍ പിടിയില്‍



കൊല്ലം: കരുനാ​ഗപ്പള്ളിയിലെ ഗുണ്ട നേതാവ് ജിം സന്തോഷ് വധക്കേസിലെ മുഖ്യസൂത്രധാരൻ പങ്കജ് പിടിയിൽ. കല്ലമ്പലത്ത് നിന്നാണ് പങ്കജിനെ കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ​ഗുണ്ടാനേതാവ് സന്തോഷ്, പങ്കജിനെ കുത്തിയ ശേഷം ജയിലിലായിരുന്നു. ഇതിന്റെ പ്രതികാരനടപടിയായാണ് പങ്കജും ​ഗുണ്ടാസംഘവും ചേർന്ന് ജിം സന്തോഷിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.

ഇതോടെ സന്തോഷ് വധക്കേസിൽ ആറ് പ്രതികൾ പിടിയിലായി. ഇനി അലുവ അതുലിനെ കൂടി പൊലീസിന് കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ വാഹനപരിശോധനയ്ക്കിടയിൽ അലുവ അതുൽ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കൊലയിൽ നേരിട്ട് പങ്കുള്ള മൈന ഹരി, പ്യാരി, രാജപ്പൻ തുടങ്ങിയ പ്രധാന പ്രതികളാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്. കൊലയ്ക്കുപയോഗിച്ച വാഹനത്തിന്റേത് വ്യാജ നമ്പറാണെന്ന് പൊലീസ് കണ്ടെത്തയിട്ടുണ്ട്. മാർച്ച് 27നാണ് ജിം സന്തോഷ് എന്നറിയപ്പെടുന്ന ഗുണ്ടാ നേതാവ് സന്തോഷ് കൊല്ലപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഗുണ്ടാ നേതാവ് പങ്കജിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം.

കറന്റ് ഓഫ്‌ ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്തുകടന്നത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞിരുന്നു.

എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലുള്ള 18 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിനായി നിയോഗിച്ച പ്രത്യേക സംഘത്തിൽ മൂന്ന് ഇൻസ്പെക്ടർമാരും നാല് എസ് ഐമാരും ഉൾപ്പെടുന്നുണ്ട്. ടെലി കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിൻ്റെ ഭാഗമായിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K