18 March, 2025 04:57:26 PM


പാപ്പിനിശ്ശേരിയില്‍ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് പന്ത്രണ്ടുകാരി



കണ്ണൂര്‍: പാപ്പിനിശ്ശേരി പാറയ്ക്കലില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ പന്ത്രണ്ടു വയസ്സുകാരിയെന്ന് പൊലീസ്. മരിച്ച കുട്ടിയുടെ സഹോദരന്റെ മകളാണ് പ്രതിയായ പന്ത്രണ്ടുകാരി. രാത്രി ശുചിമുറിയില്‍ പോകുന്ന സമയത്ത് അമ്മയുടെ സമീപത്തു കിടന്നുറങ്ങുകയായിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞിനെ എടുത്തുകൊണ്ടുപോയി നിറയെ വെള്ളമുള്ള കിണറ്റില്‍ ഇടുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പന്ത്രണ്ടുകാരി പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് വിവരം. ആക്രി പെറുക്കി ഉപജീവനം നടത്തുന്ന തമിഴ്നാട് സ്വദേശികളായ മുത്തു- അക്കലമ്മ ദമ്പതികളുടെ നാലു മാസം പ്രായം പ്രായമുള്ള പെണ്‍കുഞ്ഞ് യാസികയാണ് മരിച്ചത്. ദമ്പതികളുടെ ആദ്യ കുഞ്ഞാണ് മരിച്ച യാസിക. ദമ്പതികള്‍ക്കൊപ്പം മുത്തുവിന്റെ സഹോദരന്റെ മക്കളായ രണ്ടു പെണ്‍കുട്ടികളും വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു.

സഹോദരന്‍ മരിച്ചതിനാല്‍ കുറേക്കാലമായി ദമ്പതികളാണ് പെണ്‍കുട്ടികളെ വളര്‍ത്തിയിരുന്നത്. പുതിയ കുഞ്ഞു പിറന്നതോടെ, തങ്ങളോടുള്ള സ്‌നേഹം കുറഞ്ഞുപോകുമെന്ന സംശയം കൊലപാതകത്തിന് കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഒറ്റയ്ക്കാണ് കുഞ്ഞിനെ കിണറ്റില്‍ കൊണ്ടുപോയി ഇട്ടതെന്നാണ് പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചത്. വീട്ടുവളപ്പിലെ ആള്‍മറയുള്ള കിണറ്റിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K