05 March, 2025 04:32:54 PM


ഒമ്പതാം ക്ലാസുകാരെ വളഞ്ഞിട്ട് തല്ലി പത്താം ക്ലാസുകാർ; ദൃശ്യം റീൽസാക്കി പ്രചരിപ്പിച്ചു



മലപ്പുറം: കുറ്റൂരിൽ വിദ്യാർത്ഥികളെ വളഞ്ഞിട്ട്തല്ലി സീനിയർ വിദ്യാർത്ഥികൾ. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ എടുത്ത് റീലുകളാക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. കുറ്റൂർ കെഎംഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ മർദിച്ചത്. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഫെബ്രുവരി 24നാണ് മർദനം നടന്നത്. ഇതിന് ശേഷം പത്താം ക്ലാസ് വിദ്യാർത്ഥികൾ തന്നെ റീലുകളുണ്ടാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. മർദിച്ചത് പോരെന്നും കുറച്ചുകൂടി തല്ലേണ്ടിയിരുന്നു എന്നുള്ള തരത്തിൽ ചില വിദ്യാർത്ഥികളും ഇതിന് ചുവടെയും കമന്റ് ചെയ്തിട്ടുണ്ട്. ഒമ്പതാം ക്ലാസിലെ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കുണ്ട്. റീലുകളിൽ കാണുന്നതിനേക്കാൾ വലിയ പരിക്ക് ചില വിദ്യാർത്ഥികൾക്കുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു. 

ഒമ്പതാം ക്ലാസിലെ ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് വേങ്ങര പൊലീസിൽ പരാതി നൽകി ഈ പരാതി സ്വീകരിച്ചിട്ടുണ്ടെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. സ്കൂളിലെ ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ട് തേടിയിരിക്കുകയാണ് പൊലീസ്. ഈ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് പൊലീസ് പറയുന്നു. പരാതിയുമായി മുന്നോട്ട് പോകാനാണ് മർദനമേറ്റ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ രക്ഷിതാവിന്റെ തീരുമാനം.

പത്താം ക്ലാസിലെ പരീക്ഷ തുടങ്ങുന്നതിന് മുമ്പായിരുന്നു മർദനം. പത്താം ക്ലാസുകാർ ഒരു ഗ്യാങായി ചേർന്ന് ജൂനിയർ വിദ്യാർത്ഥികളെ ആക്രമിച്ച സംഭവം റാഗിങിന്റെ പരിധിയിൽ വരുമെന്ന് തന്നെ പൊലീസും വ്യക്തമാക്കിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K