27 February, 2025 03:59:06 PM


ഈന്തപ്പഴത്തിനുള്ളിൽ 'സ്വർണ്ണക്കുരു'; ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ



ന്യൂഡല്‍ഹി: ഈന്തപ്പഴത്തിനുള്ളില്‍വെച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം ഡല്‍ഹി കസ്റ്റംസ് പിടികൂടി. 172 ഗ്രാം സ്വര്‍ണമായി സൗദിയിലെ ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരനാണ് പിടിയിലായത്. SV756 നമ്പര്‍ വിമാനത്തിലാണ് ഇയാള്‍ ഡല്‍ഹിയിലെത്തിയത്.

ബാഗേജിന്റെ എക്‌സ്-റേ സ്‌കാനിങ് നടത്തുമ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. യാത്രക്കാരന്‍ ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടറിനുള്ളിലൂടെ കടന്നപ്പോള്‍ ഉപകരണം ശബ്ദിച്ചതോടെ അധികൃതര്‍ ലഗേജ് പരിശോധിച്ചപ്പോഴായിരുന്നു കവറില്‍ കെട്ടിയ നിലയില്‍ ഈന്തപ്പഴം കണ്ടെത്തിയത്. വിശദമായി പരിശോധിച്ചപ്പോഴാണ് ഈന്തപ്പഴത്തിനുള്ളില്‍ കുരുവിന്റെ സ്ഥാനത്ത് സ്വര്‍ണമാണെന്ന് കണ്ടെത്തിയത്. 

സ്വര്‍ണം പിടിച്ചെടുത്ത വിവരം ഡല്‍ഹി കസ്റ്റംസ് (എയര്‍പോര്‍ട്ട് ആന്‍ഡ് ജനറല്‍) അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സ്വര്‍ണം കൃത്യമായ അളവില്‍ മുറിച്ച് ഈന്തപ്പഴത്തില്‍ നിറച്ചിരിക്കുകയായിരുന്നു. ഈ യാത്രക്കാരനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണം എത്തിച്ചതെന്നുള്‍പ്പെടെ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K